മുന്നറിയിപ്പില്ലാതെ 40 ജീവനക്കാരെ പിരിച്ചുവിട്ടു കൊല്ലം ശങ്കേഴ്സ് ആശുപത്രിയില്‍ ജീവനക്കാരുടെ സമരം
കൊല്ലം: എസ്.എന്‍.ഡി.പിയോഗത്തിന്റെ നിയന്ത്രണത്തിലുള്ള കൊല്ലം ശങ്കേഴ്സ് ആശുപത്രിയിലെ നാല്പത് ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ട നടപടിക്കെതിരെ ജീവനക്കാര്‍ ആശുപത്രി പടിക്കല്‍ സമരം തുടങ്ങി.
സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് ഒറ്റരാത്രി കൊണ്ട് സ്ത്രീകളടക്കം നാല്പതു പേരെ മാനേജ്മെന്റ് പുറത്താക്കിയത്. വെള്ളിയാഴ്ച രാവിലെ ജോലിക്കെത്തിയപ്പോഴാണ് ജീവനക്കാര്‍ പുറത്താക്കല്‍ തീരുമാനം അറിഞ്ഞത്. ഇന്നലെ രാവിലെ മുതല്‍ യൂനിഫോമില്‍ത്തന്നെ ജീവനക്കാര്‍ ആശുപത്രി പടിക്കല്‍ സമരം ആരംഭിച്ചു. സംഭവത്തില്‍ സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. മുപ്പതു വര്‍ഷത്തിലധികമായി ജോലി ചെയ്യുന്നവരും പിരിച്ചുവിടപ്പെട്ടവരിലുണ്ട്.
ആശുപത്രിയുടെ സാമ്പത്തിക പ്രതിസന്ധിയാണ് കാരണമായി മാനേജ്മെന്റ് പറയുന്നതെങ്കിലും മാനേജ്മെന്റിന്റെ പിടിപ്പുകേടാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് ജീവനക്കാരുടെ ആരോപണം. നടപടി പിന്‍വലിക്കുംവരെ സമരം ചെയ്യാനാണ് പിരിച്ചുവിടപ്പെട്ടവരുടെ തീരുമാനം.
പ്രശ്നത്തില്‍ എസ്.എന്‍.ഡി.പി യോഗ നേതൃത്വം ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്ന ആവശ്യമാണ് ട്രേഡ് യൂനിയന്‍ നേതാക്കള്‍ ഉന്നയിക്കുന്നത്. ശ്രീനാരായണ മെഡിക്കല്‍ മിഷനാണ് ആശുപത്രിയുടെ നടത്തിപ്പ് ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."