ജെ.ജെ ആക്ട്: പഠനാവകാശ നിഷേധം ആകരുതെന്ന് സമസ്ത
തിരുവനന്തപുരം: ബാലനീതി നിയമം 2015 പ്രകാരം കേന്ദ്ര ഗവണ്‍മെന്റ് പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കിയാല്‍ വിവിധ ഓര്‍ഫനേജുകളില്‍ പഠിക്കുന്ന അരലക്ഷത്തിലേറെ അനാഥ വിദ്യാര്‍ഥികളുടെ പഠനാവസരം നിഷേധിക്കലാകും ഫലമെന്നു സമസ്ത.
ഹാജി കെ.മമ്മദ് ഫൈസി, പിണങ്ങോട് അബൂബക്കര്‍, പി.കെ.മുഹമ്മദ് ഹാജി, അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയനും സാമൂഹികനീതി വകുപ്പു മന്ത്രി കെ.കെ ശൈലജയ്ക്കും ന്യൂനപക്ഷവകുപ്പ് മന്ത്രി ഡോ. കെ.ടി.ജലീലിനും നല്‍കിയ നിവേദനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
അനാഥാലയങ്ങള്‍, അറബിക് കോളജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്ന ലക്ഷക്കണക്കിന് നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കാവശ്യമായ താമസ-പഠന സൗകര്യങ്ങള്‍ ഒരുക്കാന്‍ ഇതുവരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു സാധിച്ചിട്ടില്ല. നിരാലംബരായ കുട്ടികള്‍ക്ക് സകല സൗകര്യങ്ങളും വിദ്യാഭ്യാസവും നല്‍കുന്ന അനാഥാലയങ്ങളെ തകര്‍ക്കാന്‍ മാത്രമേ നിര്‍ദിഷ്ട ജെ.ജെ ആക്ട് ഉപകരിക്കുകയുള്ളൂ. കേന്ദ്ര സര്‍ക്കാരിന്റെ അമിതാവേശവും ചില ഉദ്യോഗസ്ഥരുടെ നിക്ഷിപ്ത താല്‍പര്യവും കാരണം അനാഥാലയം നടത്തിപ്പുകാര്‍ കുറ്റവാളികളായി ചിത്രീകരിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.
അനാഥാലയ സംവിധാനം തകര്‍ക്കപ്പെടുന്ന പക്ഷം ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ പുനരധിവസിപ്പിച്ച് ആവശ്യമായ വിദ്യാഭ്യാസം നല്‍കാന്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്കു മുന്നില്‍ യാതൊരുവിധ പ്രായോഗിക സംവിധാനങ്ങളോ പദ്ധതികളോ ഫണ്ടുകളോ ഇല്ലെന്ന യാഥാര്‍ഥ്യം തിരിച്ചറിയാതെ പോകരുത്. വസ്തുതകള്‍ മനസിലാക്കി നിര്‍ദിഷ്ട ജെ.ജെ ആക്ടിന്റെ പരിധിയില്‍ നിന്ന് അനാഥാലയങ്ങളെയും ഇതര മതസ്ഥാപനങ്ങളെയും ഒഴിവാക്കേണ്ടതാണ്. അനാഥാലയങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന പ്രശ്‌നം പരിഹരിക്കാന്‍ ഉചിതമായ നടപടികള്‍ ഉണ്ടാകണമെന്നും ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ തെരുവാധാരമാക്കാന്‍ ഇടവരുത്തരുതെന്നും സംഘം മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ പറഞ്ഞു.
ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ ഫാ. റോയ് മാത്യു വടക്കേതില്‍, അംഗം അഡ്വ. പി.ടി.എ റഹീം എം.എല്‍.എ, എം.എല്‍.എമാരായ പി. അബ്ദുല്‍ഹമീദ് മാസ്റ്റര്‍, കെ.കെ.ആബിദ് ഹുസൈന്‍ തങ്ങള്‍, അഡ്വ. എന്‍. ശംസുദ്ദീന്‍ എന്നിവരും നിവേദകസംഘത്തിലുണ്ടായിരുന്നു. വിഷയം പഠിച്ച് ആവശ്യമായ എല്ലാ സംരക്ഷണങ്ങളും നല്‍കുമെന്ന് മുഖ്യമന്ത്രിയും വകുപ്പുമന്ത്രിമാരും ഉറപ്പുനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."