മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും കൈയേറ്റം; കോഴിക്കോട് എസ്.ഐക്ക് സസ്‌പെന്‍ഷന്‍
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും പൊലിസിന്റെ കൈയേറ്റം. കോഴിക്കോടാണ് സംഭവം. ഇന്നു രാവിലെ കോഴിക്കോട് ജില്ലാ കോടതിയില്‍ നിന്നും പൊലിസ് കസ്റ്റഡിയിലെടുത്ത ഏഷ്യാനെറ്റ് ന്യൂസിന്റെ ഒ.ബി വാന്‍ കൊണ്ടുപോകാനെത്തിയ സംഘത്തിനു നേരെയാണ് പൊലിസിന്റെ കൈയേറ്റം. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ കോഴിക്കോട് ടൗണ്‍ പൊലിസ് സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
കുറ്റക്കാരനായ പൊലിസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്മീഷണര്‍ ഓഫിസിനു മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തുകയും എസ്.ഐക്കെതിരേ നടപടിയെടുത്താല്‍ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്ന് മാധ്യമപ്രവര്‍ത്തകര്‍ അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ടൗണ്‍ എസ്.ഐ പി.എം വിമോദ് കുമാറെ സസ്‌പെന്‍ഡ് ചെയ്തു. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ എസ്.ഐയെ എത്രയും വേഗം ചുമതലകളില്‍ നിന്നും നീക്കം ജില്ലാ പൊലിസ് അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രാവിലെ കോഴിക്കോട് ജില്ലാ കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പൊലിസ് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഐസ്‌ക്രീം കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയതിരുന്നു. കോടതിയില്‍ അതിക്രമിച്ചു കയറി എന്നാരോപിച്ചാണ് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇത് സംബന്ധിച്ച അറിയിപ്പോ നോട്ടിസോ ഒന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചിരുന്നില്ല.ജില്ലാ ജഡ്ജിയുടെ നിര്‍ദേശമനുസരിച്ചാണ് അറസ്റ്റ് എന്നാണ് പൊലിസ് പറഞ്ഞിരുന്നത്. എന്നാല്‍, പൊലിസിന്റെ ഈ വാദം പൊളിഞ്ഞു. ജില്ലാ ജഡ്ജി താന്‍ അങ്ങനെയൊരു നിര്‍ദേശവും നല്‍കിയിട്ടില്ല എന്ന് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജടക്കമുള്ള നാലു മാധ്യമ പ്രവര്‍ത്തകരെയാണ് കോഴിക്കോട് ടൗണ്‍ പൊലിസ് അറസ്റ്റ് ചെയ്തിരുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്റെ ഒ.ബി വാനും ക്യാമറയും പൊലിസ് കസ്റ്റഡിയിലെടുത്തു. സ്‌റ്റേഷനിലേക്ക് കൊണ്ടുപോയ ഇവരെ പിന്നീട് വിട്ടയക്കുകയായിരുന്നു. ഫോണ്‍ ചെയ്യാനനുവദിച്ചില്ലെന്നും ക്രമിനില്‍ കേസ് പ്രതികളെ കൈകാര്യം ചെയ്യുന്ന രീതിയിലാണ് പൊലിസ് തങ്ങളോട് പെരുമാറിയതെന്നും അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. അതേസമയം സംഭവത്തില്‍ പൊലിസിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരുമായി ടൗണ്‍ സി.ഐയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി.
ടൗണ്‍ എസ്.ഐ പി.എം വിമോദിനെതിരേ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് വൈകീട്ട് സമര്‍പ്പിക്കാനാണ് കോഴിക്കോട് സിറ്റി പൊലിസ് കമ്മീഷണര്‍ ഉമ ബെഹ്‌റ നിര്‍ദേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."