ജ്വല്ലറിയില്‍ തോക്കു ചൂണ്ടി മോഷണം: പിടിയിലായ പ്രതി ബംഗ്ലാദേശ് സ്വദേശി, ലക്ഷ്യം ആഭരണങ്ങള്‍ വില്‍പ്പന നടത്തി നാട്ടിലേക്കു കടക്കാന്‍
ഓമശ്ശേരി(കോഴിക്കോട്): ജ്വല്ലറിയില്‍ കഴിഞ്ഞ ദിവസം തോക്കു ചൂണ്ടി മോഷണം നടത്തിയ സംഭവത്തില്‍ പിടിയിലായ പ്രതി ബംഗ്ലാദേശ് സ്വദേശി. ബംഗ്ലാദേശ് പൗരനായ നഈം അലിയാണ് മോഷണത്തിനിടെ ജ്വല്ലറി ജീവനക്കാരുടെ പിടിയിലായത്. സംഭവസ്ഥലത്ത് ബോധരഹിതനായ ഇയാളെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാവിലെയോടെ ബോധം തിരിച്ചു കിട്ടിയ പ്രതിയെ കൊടുവള്ളി സി.ഐ ചന്ദ്രമോഹന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ നിര്‍ണായകമായ പല വിവരങ്ങളും പൊലിസിന് ലഭിച്ചതായാണ് സൂചന.
മുക്കം നഗരസഭയിലെ പൂളപ്പൊയില്‍, ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ കളന്‍തോട് എന്നിവിടങ്ങളില്‍ താമസിച്ചിരുന്ന പ്രതികള്‍ ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് മോഷണം നടത്തിയത്. രാത്രിയായാല്‍ പൊതുവെ ആളുകള്‍ കുറവായ റോഡിലെ ശാദി ജ്വല്ലറി തിരഞ്ഞെടുത്തതും അത് കൊണ്ട് തന്നെയാണ്. ജ്വല്ലറി ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി മുഴുവന്‍ സ്വര്‍ണവും അപഹരിച്ച് കടന്ന് കളയുകയായിരുന്നു ലക്ഷ്യം. ബംഗാളിലോ ജാര്‍ഖണ്ഡിലോ എത്തി സുരക്ഷിതമായി ആഭരണങ്ങള്‍ വില്‍പ്പന നടത്തിയശേഷം സ്വന്തം രാജ്യത്തേക്ക് കടക്കുകയുമായിരുന്നു ലക്ഷ്യം. പക്ഷെ ജ്വല്ലറി ജീവനക്കാരുടെ അവസരോചിതമായ ഇടപെടലില്‍ കണക്ക് കൂട്ടലുകളെല്ലാം തകരുകയായിരുന്നു.
നഈം അലിയെ ചോദ്യം ചെയ്തതില്‍ നിന്നും മറ്റു പ്രതികളെക്കുറിച്ചും പൊലിസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. പ്രതികള്‍ ഉടന്‍ പിടിയിലാവുമെന്നാണ് സൂചന. നാടന്‍ പിസ്റ്റളാണ് നഈമില്‍ നിന്ന് പിടിച്ചെടുത്തത്. മോഷണത്തിനിടെ എന്തെങ്കിലും അപകടമുണ്ടായാല്‍ വെടിയുതിര്‍ത്ത് പരിഭ്രാന്തി സൃഷ്ടിച്ച് രക്ഷപ്പെടാനായിരു പദ്ധതി. സംഭവസ്ഥലത്ത് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.
ഓമശ്ശേരി ടൗണിലെ ശാദി ജ്വല്ലറിയില്‍ ശനിയാഴ്ച രാത്രി 7.25 ഓടെയാണ് മൂന്നംഗ സംഘം ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി ആഭരണങ്ങള്‍ കവര്‍ന്നത്. മുഖം മൂടിയും കൈയില്‍ ഗ്ലൗസും ധരിച്ചെത്തിയ സംഘത്തിലെ ഒരാള്‍ ഒരു ജീവനക്കാരനെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയ ശേഷം മറ്റുള്ളവര്‍ ആഭരണങ്ങള്‍ കവരുകയായിരുന്നു. ഇതിനിടെ മറ്റ് ജീവനക്കാര്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചതോടെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ സംഘത്തിലെ ഒരാളെ ജീവനക്കാര്‍ പിടികൂടി. തുടര്‍ന്ന് പൊലിസില്‍ വിവരമറിയിക്കുകയുമായിരുന്നു. 12.5 പവന്‍ വരുന്ന 15 വളകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."