അതിര്‍ത്തി ലംഘിച്ച പാക് ഹെലികോപ്റ്റര്‍ തടയാന്‍ ഫൈറ്റര്‍ ജെറ്റുകള്‍ ഉപയോഗിച്ചതായി വ്യോമസേന
ന്യൂഡല്‍ഹി: വ്യോമാതിര്‍ത്തി ലംഘിച്ച് എത്തിയ പാക് ഹെലികോപ്റ്റര്‍ തടയാനായി രണ്ട് ജെറ്റ് വിമാനങ്ങളെ നിയോഗിച്ചിരുന്നതായി വ്യോമ സേനയുടെ സ്ഥിരീകരണം. മിഗ്-21 എസ് വിഭാഗത്തില്‍പ്പെട്ട ഫൈറ്റര്‍ വിമാനങ്ങളാണ് ശ്രീനഗര്‍ എയര്‍ബേസില്‍ നിന്ന് പുറപ്പെട്ടിരുന്നതെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഞായറാഴ്ചയാണ് പാക് അധീന കശ്മിരില്‍ നിന്ന് ഹെലികോപ്റ്റര്‍ ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചെത്തിയത്. ഇതിനെ തുരത്താനായി സൈന്യം വെടിയുതിര്‍ത്തിരുന്നു. ഹെലികോപ്റ്ററിനെ തകര്‍ക്കാന്‍ പറ്റിയ രീതിയിലുള്ള ആയുധങ്ങളല്ല ഉപയോഗിച്ചിരുന്നത്. ഇതിന് ശേഷമാണ് രണ്ട് ജെറ്റ് വിമാനങ്ങളെ നിയോഗിച്ചത്.
പാക് അധീന കശ്മിരിലെ പ്രധാനമന്ത്രിയാണ് ഹെലികോപ്റ്ററില്‍ വന്നിരുന്നതെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അബദ്ധത്തിലാണോ ഹെലികോപ്റ്റര്‍ എത്തിയതെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഞായറാഴ്ച ഉച്ചക്ക് 12നാണ് പൂഞ്ച് സെക്ടറില്‍ ഹെലികോപ്റ്റര്‍ കണ്ടത്.
അതേസമയം താന്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇന്ത്യയുടെ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന വാദം ശരിയല്ലെന്ന് പാക് അധീന കശ്മിര് പ്രധാനമന്ത്രി രാജാ ഫാറൂഖ് ഹൈദര്‍ ഖാന് പറഞ്ഞു.
അതിര്‍ത്തിയോട് ചേര്‍ന്നാണ് ഹെലികോപ്റ്റര്‍ പറന്നതെങ്കിലും അതൊരിക്കലും പാക് അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."