HOME
DETAILS

അകല്‍ച്ചയുടെ വരമ്പുകള്‍ തകര്‍ക്കേണ്ടതെങ്ങനെ

  
backup
July 15 2019 | 18:07 PM

untouchability-in-kerala-65

 


ഒന്നുരണ്ടാഴ്ച പഴക്കമുള്ള ഒരു വാര്‍ത്തയെ അടിസ്ഥാനമാക്കിയാണ് ഈ കുറിപ്പ്. പേരാമ്പ്ര ഗവ. വെല്‍ഫെയര്‍ സ്‌കൂളില്‍ സാംബവ സമുദായത്തിന് പുറത്തുള്ള ഏതാനും കുട്ടികള്‍ പഠിക്കാനെത്തി എന്നതായിരുന്നു വാര്‍ത്ത. അതിനും വളരെമുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 2015ല്‍ ഈ സ്‌കൂള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സാംബവ അതായത് പറയ സമുദായത്തില്‍പ്പെട്ട കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ ആയതിനാല്‍ മേല്‍ജാതിക്കാര്‍ അവിടെ കുട്ടികളെ പഠിപ്പിക്കുന്നില്ലെന്നും അതിനാല്‍ സ്‌കൂള്‍ എടുത്തുപോവല്‍ ഭീഷണിയിലാണെന്നും മറ്റുമായിരുന്നു വാര്‍ത്ത. ജാതീയമായ ഈ അയിത്തം വലിയ കോളിളക്കമുണ്ടാക്കി. ശാസ്ത്ര സാഹിത്യ പരിഷത്തും മറ്റും മുന്‍കൈയെടുത്ത് പല പദ്ധതികളും ആവിഷ്‌കരിച്ചു. സഹോദരന്‍ അയ്യപ്പന്‍ മിശ്രഭോജനം നടത്തിയ ചെറായിലേക്കും ദലിത് വിഭാഗക്കാരെ മതില്‍കെട്ടി വേര്‍തിരിച്ച വടയമ്പാടിയിലേക്കും ഗോവിന്ദപുരത്തേക്കും മറ്റും പേരാമ്പ്രയില്‍നിന്ന് ആക്ടിവിസ്റ്റുകള്‍ നടത്തിയ മാര്‍ച്ച് ഈ സ്‌കൂളിന് ജാതിവിവേചനവിരുദ്ധ സമരത്തിന്റെ ചരിത്രത്തില്‍ സ്ഥാനം നേടിക്കൊടുക്കുകയും ചെയ്തു.
പൊതുബോധം പേരാമ്പ്രയിലെ ജാതി വിവേചനത്തിനെതിരായി നിന്നു എന്ന് ചുരുക്കം. അതോടെ സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ ഏറെ മെച്ചപ്പെട്ടു. പേരാമ്പ്ര ഗവ. വെല്‍ഫെയര്‍ സ്‌കൂളിന്റെ അസ്പൃശ്യത തത്വത്തില്‍ ഇല്ലാതായി. അതിന്റെയൊക്കെ തുടര്‍ച്ചയാണ് ഇക്കൊല്ലം സ്‌കൂളില്‍ പറയരല്ലാത്ത ഏതാനും കുട്ടികള്‍ പഠിക്കാനെത്തിയത്. അവരെല്ലാവരും മുസ്‌ലിംകളാണ്. മുസ്‌ലിം ആഭിമുഖ്യമുള്ള ഒരു സംഘടനയുമായി ബന്ധപ്പെട്ട ചില അധ്യാപകര്‍ മുന്‍കൈ എടുത്താണ് ഈ വിപ്ലവത്തിന് തുടക്കം കുറിച്ചത്. അത്രത്തോളം നല്ലതുതന്നെ.
പക്ഷേ അതോടൊപ്പം മറ്റൊരു വസ്തുത നാം കാണേണ്ടതുണ്ട്. പറയക്കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിനോടുള്ള മേല്‍ജാതിക്കാരുടെ അയിത്തം ഇനിയും അവസാനിച്ചിട്ടില്ല. ബോധപൂര്‍വമായ പ്രവര്‍ത്തനത്തിലൂടെ കുറച്ചു കുട്ടികള്‍ ചേര്‍ന്നു എന്നല്ലാതെ സ്വാഭാവിക പ്രക്രിയയുടെ ഭാഗമായി പ്രസ്തുത സ്‌കൂളില്‍ ഇതര ജാതിക്കാര്‍ തങ്ങളുടെ കുട്ടികളെ ചേര്‍ത്തിട്ടില്ല. ഒന്നു മുതല്‍ നാലു വരെയുള്ള ക്ലാസുകളിലായി മൊത്തം പന്ത്രണ്ട് കുട്ടികളാണിവിടെ പഠിക്കുന്നത്. അതായത് സ്‌കൂള്‍ ഇപ്പോഴും പൊതുസമൂഹത്തില്‍നിന്ന് തീണ്ടാപ്പാട് അകലെയാണ്. നമ്മുടെ നാട്ടിലുള്ള പല വെല്‍ഫെയര്‍ സ്‌കൂളുകളുടെയും അവസ്ഥ ഇതുതന്നെയാണ്. വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന പട്ടികജാതി പട്ടികവര്‍ഗക്കാരായ ആളുകളുടെ കുട്ടികള്‍ക്ക് പഠന സൗകര്യം എന്ന നിലയില്‍ ആരംഭിച്ചവയാണ് വെല്‍ഫെയര്‍ സ്‌കൂളുകളും ട്രൈഡല്‍ സ്‌കൂളുകളും. മുസ്‌ലിം ന്യൂനപക്ഷത്തിനായി മാപ്പിള സ്‌കൂളുകളും സ്ഥാപിച്ചു.
അയിത്തം നേരിടുന്ന പട്ടിക ജാതി-വര്‍ഗക്കാര്‍ക്കു വേണ്ടിയുള്ള സ്‌കൂളുകള്‍ മേല്‍ജാതിക്കാര്‍ക്ക് അന്യമായിത്തീരുന്ന അവസ്ഥയാണ് പിന്നീട് സംജാതമായത്. ആദ്യമൊക്കെ ഇതര സമുദായക്കാര്‍ ഇത്തരം സ്‌കൂളുകളെ ഒരു പരിധിവരെ ആശ്രയിച്ചിരുന്നുവെങ്കിലും പില്‍ക്കാലത്ത് ഈ സ്ഥാപനങ്ങള്‍ പറയരുടേയും പണിയരുടേയും പുലയരുടേയും മാത്രമായി, കുട്ടികള്‍ കുറഞ്ഞു. കുറേയേറെ സ്‌കൂളുകള്‍ അണ്‍ എക്കണോമിക് ആയി മാറി. ആസന്ന മരണാവസ്ഥ നേരിടുന്ന ഇത്തരം സ്‌കൂളുകളില്‍ ഒന്നു മാത്രമാണ് പേരാമ്പ്രയിലേത്. എത്രകാലം ഈ സ്‌കൂളിന് പിടിച്ചു നില്‍ക്കാനാവും.
ഇതേപോലെ മുഖ്യധാരാസമൂഹം അയിത്തം കല്‍പ്പിച്ചു കൊല്ലാക്കൊല ചെയ്യുന്ന നിരവധി സ്‌കൂളുകള്‍ കേരളത്തിലുണ്ട്. കോഴിക്കോട് നഗരത്തില്‍ അന്താരാഷ്ട്രനിലവാരം പുലര്‍ത്തുന്നു എന്ന് പറയപ്പെടുന്ന ഒരു സ്‌കൂളുണ്ട്. നടക്കാവ് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. ഒന്നാന്തരം കെട്ടിടങ്ങളും പഠന സൗകര്യങ്ങളുമൊക്കെയുള്ള ഈ സ്‌കൂളില്‍ പ്രവേശനം ലഭിക്കാന്‍ തള്ളും തിരക്കുമാണ്. സമൂഹത്തിലെ ഉന്നതരായ ആളുകള്‍ക്ക് തങ്ങളുടെ കുട്ടികളെ ഇവിടെ ചേര്‍ത്ത് പഠിപ്പിക്കണം - എന്നാല്‍ തൊട്ടടുത്ത് തന്നെ മറ്റൊരു സര്‍ക്കാര്‍ സ്‌കൂളുണ്ട്. ഈ സ്‌കൂളില്‍ പഠിക്കാന്‍ കുട്ടികള്‍ വളരെ കുറവാണ്; കാരണം വളരെ വ്യക്തം. നടക്കാവിലെ സാംബവ കോളനിയില്‍നിന്നുള്ള കുട്ടികള്‍ അവിടെയാണ് പഠിക്കുന്നത്. പറയര്‍ പഠിക്കുന്ന സ്‌കൂളില്‍ തങ്ങളുടെ കുട്ടികളും പഠിക്കുകയോ. നടക്കാവില്‍ തന്നെയുള്ള ഈ സ്‌കൂളിലെ വിദ്യാര്‍ഥി ക്ഷാമത്തിന് പിന്നിലുള്ള കാരണം ഇതാണെന്ന് എത്രപേര്‍ക്കറിയാം. ഈ അവസ്ഥയെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് മനസിലായത് അധഃസ്ഥിതരുടെ കുട്ടികള്‍ പഠിക്കുന്നതു മൂലം ഇതര സമുദായക്കാര്‍ കാലുകുത്താന്‍ മടിക്കുന്ന ധാരാളം വിദ്യാലയങ്ങള്‍ പ്രബുദ്ധ കേരളത്തിലുണ്ടെന്ന്.
മുസ്‌ലിം സ്‌കൂളുകള്‍ക്കുമുണ്ട് ഈ ദുഃസ്ഥിതി പലേടത്തും. ആഢ്യന്മാര്‍ അവിടെ കുട്ടികളെ പഠിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. സമൂഹത്തിന്റെ താഴേതട്ടിലുള്ളവരെ ജാതിക്കോമരങ്ങള്‍ അകറ്റി നിര്‍ത്തുന്ന അവസ്ഥ കമ്മ്യൂണിസവും സാമൂഹ്യവിപ്ലവവും നവോത്ഥാനവുമെല്ലാം കൊടികുത്തിവാഴുമ്പോഴും നാട്ടില്‍ നിലനില്‍ക്കുന്നു എന്നര്‍ഥം. ഈ സാഹചര്യത്തില്‍ ശബരിമലയില്‍ ഒന്നോ രണ്ടോ വനിതകളെ നടചവിട്ടിച്ചതിന്റെ പേരില്‍ അഭിമാനം കൊള്ളുന്നതിലെന്തു കാര്യം?
ഇത്തരത്തിലുള്ള സാമൂഹ്യവിഭജനങ്ങള്‍ മറ്റൊരു തലത്തിലും കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. എന്നു മാത്രമല്ല അത് കൂടുതല്‍ വ്യാപകമായി വരികയുമാണ്. സ്വാശ്രയ വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ മത-ജാതി ഘടനകളാണ് ഇവിടെ ഉദ്ദേശിക്കുന്നത്. നമ്മുടെ നാട്ടില്‍ അണ്‍ എയ്ഡഡ് വിദ്യാലയങ്ങളുടെ ബാഹുല്യം വളരെ പ്രകടമാണല്ലോ. അംഗീകൃതവും അനംഗീകൃതവുമായ നിരവധി വിദ്യാലയങ്ങളുണ്ട് നാടിന്റെ മുക്കിലും മൂലയിലുമെല്ലാം. പൊതുവിദ്യാഭ്യാസത്തിന്റെ നിലനില്‍പ്പിനെപ്പോലും ബാധിക്കുന്ന തരത്തിലായിരുന്നു ഒരു ഘട്ടത്തില്‍ ഇവയുടെ ബാഹുല്യം. ഇപ്പോള്‍ സ്ഥിതി കുറേയൊക്കെ മാറിയെങ്കിലും സ്വകാര്യ-സ്വാശ്രയ വിദ്യാലയങ്ങള്‍ സംസ്ഥാനത്ത് പ്രബലമാണ്. പ്രധാനമായും ജാതി-മത-സമുദായ സംഘടനകളാണ് ഇത്തരം വിദ്യാലയങ്ങള്‍ നടത്തുന്നത്. മഹല്ല് കമ്മിറ്റികളും ഹിന്ദുസംഘടനകളും ആശ്രമങ്ങളും ക്രിസ്തീയസഭകളും ഇത്തരം സ്‌കൂളുകള്‍ നടത്തുന്നു. സ്‌കൂളുകളുടെ പേരു കേട്ടാലറിയാം ഏത് കൂട്ടരാണ് അവ നടത്തുന്നതെന്ന്. വിദ്യാഭ്യാസ രംഗത്തുള്ള ഇത്തരം സ്വകാര്യ സംരംഭങ്ങള്‍ അര്‍പ്പിക്കുന്ന സേവനങ്ങള്‍ വളരെ വലുതാണ്. ഒരുപക്ഷേ കേരളത്തിന്റെ ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരത്തിനും സാമൂഹ്യപ്രതിബദ്ധതയ്ക്കും ഈ സ്ഥാപനങ്ങളായിരിക്കും ഏറ്റവും വലിയ സംഭാവന നല്‍കിയിട്ടുണ്ടാവുക.
അതേസമയം, അറിയാതെയെങ്കിലും വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ അകല്‍ച്ച സൃഷ്ടിക്കാന്‍ ഇതു കാരണമായിത്തീരുന്നുണ്ട്. വിദ്യാലയങ്ങളിലും ചന്തകളിലും കൃഷിയിടങ്ങളിലുമൊക്കെയായി പരസ്പരം ഇടപഴകിയും പൊതുവികാരങ്ങള്‍ പങ്കിട്ടുമാണ് മലയാളികള്‍ ബഹുസ്വരതയുടെ പാഠങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയത്. ഇപ്പോള്‍ വ്യത്യസ്ത വിഭാഗക്കാര്‍ നടത്തി വരുന്ന തങ്ങളുടേത് മാത്രമായ വിദ്യാലയങ്ങള്‍ ഈ ഇഴയടുപ്പത്തെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നത് എന്ന് പറയാതിരിക്കാന്‍ വയ്യ. പേരാമ്പ്രയിലെ വെല്‍ഫെയര്‍ സ്‌കൂളിന് നേരെ പുലര്‍ത്തി വരുന്ന അസ്പൃശ്യതയും വടയമ്പാടിയിലെ ജാതി മതിലും മറ്റും ബോധപൂര്‍വമായാണെങ്കില്‍ അബോധപൂര്‍വം വളര്‍ത്തിയെടുക്കുന്ന അകല്‍ച്ചയാണ് ഓരോ മത-സമുദായ വിഭാഗക്കാരും തങ്ങളുടെ കുട്ടികള്‍ക്ക് വേണ്ടി മാത്രം നടത്തുന്ന വിദ്യാലയങ്ങള്‍ വഴി പ്രകടമാവുന്നത്.
ഈ അകല്‍ച്ച വേറെ ചില വഴികളിലൂടെയും പ്രകടമാക്കപ്പെടുന്നുണ്ട്. ചില പ്രത്യേക ഏരിയകളില്‍ പ്രത്യേക സമുദായക്കാര്‍ മാത്രം താമസിക്കുന്ന അവസ്ഥ അവയിലൊന്നാണ്. അത്തരം പ്രദേശങ്ങളില്‍നിന്ന് അന്യസമുദായക്കാര്‍ കുടിയൊഴിഞ്ഞു പോകുന്നു. ക്രമേണ ഒരു പ്രത്യേക വിഭാഗത്തിന്റേതു മാത്രമായിത്തീരുന്നു പ്രസ്തുത പ്രദേശം. മുസഫര്‍ നഗറിലും ഖൈരാനയിലും മറ്റും അക്രമാസക്തമായി നിര്‍വഹിക്കപ്പെട്ട ഒരു പ്രക്രിയയുടെ മറ്റൊരു രൂപമാണിത്.
ക്ഷേത്രം, പള്ളി തുടങ്ങിയവയുടെ സാമീപ്യം ഒരു പ്രദേശത്ത് താമസമാക്കുന്നതിനുള്ള മാനദണ്ഡമായിത്തീരുന്നത് ഇമ്മട്ടില്‍ രൂപപ്പെടുന്ന മനോനിലയുടെ ആവിഷ്‌കാരം തന്നെയാണ്. ചില പരസ്യങ്ങള്‍ കാണാറുണ്ട് - ഇന്ന ക്ഷേത്രത്തിന് സമീപം ക്ഷേത്രദര്‍ശനത്തിന് അനുയോജ്യമായി സ്ഥിതി ചെയ്യുന്ന ഫ്‌ളാറ്റുകള്‍ വില്‍പ്പനയ്ക്ക് എന്ന്. ഇത് ചില കൂട്ടര്‍ക്ക് നേരെ സ്വാഗതകമാനവും മറ്റു ചില കൂട്ടര്‍ക്കുനേരെ നോ എന്‍ട്രി ബോര്‍ഡും ഒരുക്കിവയ്ക്കുന്ന ഏര്‍പ്പാടാണ്.
അന്യസമുദായക്കാര്‍ക്ക് വീട് വാടകക്ക് നല്‍കാന്‍ വിസമ്മതിക്കുന്ന മനസ് ഈ അവസ്ഥയുടെ കുറേക്കൂടി ജീര്‍ണിച്ച മുഖമാണ് ദൃശ്യമാക്കുന്നത്. സൂക്ഷ്മവിശകലനത്തില്‍ അപരത്വം അടിച്ചേല്‍പ്പിക്കുന്ന മനോനിലയുടെ പ്രത്യക്ഷരൂപങ്ങളാണ് ഇവയെല്ലാം. ഈ മനോനിലയില്‍ നിന്നാണ് അക്രമാസക്തമായ വര്‍ഗീയവികാരങ്ങളുടെ പൊട്ടിപ്പുറപ്പെടലുകളുണ്ടാവുക.
നഗരങ്ങളില്‍, വ്യത്യസ്ത മതവിഭാഗക്കാരും ജാതികളില്‍പ്പെട്ടവരും തമ്മിലുള്ള അകല്‍ച്ച കൂടുതലായി വരികയാണെന്നാണ് സാമൂഹ്യനിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. താരതമ്യേന പൊതു ഇടങ്ങള്‍ കുറവായ പ്രദേശങ്ങളാണ് നഗരങ്ങള്‍. ഓരോരുത്തരും സ്വന്തം മാളത്തിലേക്ക് തല പൂഴ്ത്തുന്ന സാഹചര്യം നിലനില്‍ക്കുന്ന സ്ഥലങ്ങള്‍. അതുകൊണ്ടുതന്നെ ബോധപൂര്‍വം ഇത്തരം പ്രദേശങ്ങളില്‍ പരസ്പരം ഇടപഴകി ജീവിക്കാന്‍ ഉതകുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കുക തന്നെ വേണം.
എത്‌നിക് കോണ്‍ഫ്‌ളിക്ട് ആന്‍ഡ് സിവിക് ലൈഫ് എന്ന പുസ്തകമെഴുതിയ അശുതോഷ് വര്‍ഷ്‌നി എന്ന സാമൂഹ്യചിന്തകന്‍ ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റുകളില്‍ നിര്‍ബന്ധമായും ഏതാനും എണ്ണം മുസ്‌ലിംകള്‍ക്ക് മാറ്റിവയ്ക്കണമെന്ന് നിര്‍ദേശിച്ചത് ഈ അര്‍ഥത്തില്‍ ഏറെ പ്രസക്തമാണ്. തിരിച്ചും വേണം. നിര്‍ഭാഗ്യവശാല്‍ ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ സംഭവിക്കുന്നത് മറിച്ചാണ്. സസ്യാഹാരികളല്ലാത്തവര്‍ക്ക്, മതമേതായാലും ശരി, താമസത്തിന് വീടോ ഫ്‌ളാറ്റോ നല്‍കാത്ത തരത്തിലുള്ള വിഭജനം മുംബൈയിലും മറ്റും സാധാരണമാണ്. കേരളത്തിലും അത്തരം അനുഭവങ്ങള്‍ അപൂര്‍വമല്ല.
ഈ സന്ദര്‍ഭത്തില്‍ ഓര്‍ത്തുപോകുന്നത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കര്‍ണാടകയില്‍നിന്നു വന്ന മറ്റൊരു വാര്‍ത്തയാണ്. ഹാസന്ന് സമീപത്തു സ്ഥിതി ചെയ്യുന്ന അര്‍ക്കല്‍ഗുഡ് താലൂക്കിലെ ഹുളികല്‍ ഗ്രാമത്തിലെ ദലിതര്‍ക്ക് മുടി വെട്ടിക്കാനും താടി വടിപ്പിക്കാനും എട്ടു കിലോമീറ്റര്‍ ദൂരം സഞ്ചരിക്കേണ്ടി വരുന്നു എന്നാണ്. ഗ്രാമത്തില്‍ ബാര്‍ബര്‍മാരില്ലാത്തതല്ല കാരണം. ദലിതരുടെ മുടിവെട്ടാന്‍ ഗ്രാമത്തിലെ ക്ഷുരകന്മാര്‍ തയാറല്ലാത്തതാണ്. ആരെങ്കിലും തയാറായാല്‍ ഉന്നത ജാതിക്കാര്‍ ബാര്‍ബര്‍ ഷോപ്പ് ബഹിഷ്‌കരിക്കും. പൊതു ഇടങ്ങളില്‍ പ്രവേശനം കിട്ടുന്ന കാര്യത്തില്‍ താഴ്ന്ന ജാതിക്കാര്‍ അനുഭവിക്കുന്ന പ്രയാസങ്ങളാണ് ഇതില്‍നിന്ന് വ്യക്തമാവുന്നത്.
ഈ പശ്ചാത്തലത്തിലാണ് പേരാമ്പ്ര വെല്‍ഫെയര്‍ സ്‌കൂളില്‍ പറയരല്ലാത്തവര്‍ പഠിക്കാനെത്തിയത് ഒരു സാമൂഹ്യവിപ്ലവമായി മാറുന്നത്. ഈ വിപ്ലവത്തിന് തുടര്‍ച്ചയുണ്ടാവുകയും അസ്പൃശ്യമായി കരുതപ്പെടുന്ന മറ്റു വിദ്യാലയങ്ങളിലും ഇത്തരം നടപടികള്‍ മാറ്റം വരുത്തുകയും ചെയ്യുമ്പോള്‍ മാത്രമേ പ്രസ്തുത വിപ്ലവം വിജയിച്ചു എന്ന് പറയാനാവുകയുള്ളൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  16 minutes ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  an hour ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  an hour ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  2 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  2 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  3 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  4 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  5 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  5 hours ago