വൈകിയെത്തുന്ന നീതി നീതിനിഷേധം തന്നെ
ജുഡീഷ്യല്‍ ആക്ടീവിസമെന്നു രാഷ്ട്രീയക്കാര്‍ കുറ്റപ്പെടുത്താറുണ്ടെങ്കിലും നീതിപീഠത്തിന്റെ ഭാഗത്തുനിന്നു പലപ്പോഴുമുണ്ടാകുന്ന പരാമര്‍ശങ്ങള്‍ നാട്ടുകാരെ ആവേശഭരിതരാക്കാറുണ്ട്. വിധിന്യായത്തിന്റെ ഭാഗമാകണമെന്നില്ല ഇത്തരം പരാമര്‍ശങ്ങള്‍. എങ്കിലും അവ കൊള്ളേണ്ടിടത്തുകൊള്ളുകയും ചെയ്യിക്കേണ്ടതു ചെയ്യിക്കുകയും ചെയ്യാറുണ്ട്.
കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനവുമായി ബന്ധപ്പെട്ട അഴിമതിക്കേസിന്റെ പരിഗണനാവേളയില്‍, ആ അഴിമതിയുടെ ആണിവേരെന്ന് ആരോപിക്കപ്പെടുന്ന പണച്ചാക്കിനെതിരേ നടപടിയെടുക്കാത്തതിനെപ്പറ്റി കുറച്ചുനാള്‍മുമ്പ് നീതിപീഠം നടത്തിയ പരാമര്‍ശം ഇതിനു തെളിവാണ്. 'സംസ്ഥാനഭരണകൂടംപോലും ഇദ്ദേഹത്തിനു മുന്നില്‍വിറച്ചുനില്‍ക്കുന്ന അവസ്ഥയാണെന്ന പരാമര്‍ശമുണ്ടായതിന്റെ പിറ്റേന്നുതന്നെ അധികാരികള്‍ സടകുടഞ്ഞെഴുന്നേല്‍ക്കുകയും നടപടികള്‍ വായുവേഗത്തില്‍ സംഭവിക്കുകയും ചെയ്തു.
കേസിന്റെ വാദത്തിനിടയിലും വിചാരണയ്ക്കിടയിലും ന്യായാധിപന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പരാമര്‍ശള്‍ക്കു വിധിന്യായവുമായി ഒരു ബന്ധവുമുണ്ടാകില്ലെന്നും അതുവച്ചു കേസിന്റെ ഗതിയെ വിലയിരുത്താന്‍ പാടില്ലെന്നും എല്ലാവര്‍ക്കും അറിയാം. രാജ്യത്തെ പരമോന്നതനീതിപീഠമുള്‍പ്പെടെ പലതവണ അക്കാര്യം പരാമര്‍ശിച്ചിട്ടുണ്ട്. എങ്കിലും, വിചാരണയ്ക്കും വാദത്തിനുമിടയിലെ കോടതിയുടെ പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നതില്‍നിന്നു മാധ്യമങ്ങളെ വിലക്കണമെന്ന ആവശ്യങ്ങളില്‍ നീതിപീഠം അനുകൂലനിലപാടു സ്വീകരിച്ചിട്ടില്ലെന്നും നമുക്കറിയാം.
ന്യായാധിപന്മാര്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ അവരുടെ പേരോടെ അച്ചടിച്ചുവരണമെന്ന വ്യക്തിപരമായ താല്‍പ്പര്യമല്ല അതെന്നും നമുക്കറിയാം. ഭരണകൂടങ്ങളുടെയും ഉദ്യോഗസ്ഥവൃന്ദത്തിന്റെയും മറ്റ് അധികാരകേന്ദ്രങ്ങളുടെയും ഭാഗത്തുനിന്നുണ്ടാകുന്ന ഗുരുതരമായ വീഴ്ചകള്‍ അതതു ഘട്ടങ്ങളില്‍ ചൂണ്ടിക്കാണിക്കപ്പെട്ടില്ലെങ്കില്‍ അവ തിരുത്താനാകില്ല. കേസിന്റെ തീര്‍പ്പുകല്‍പ്പിക്കുംവരെ കാത്തിരുന്നാല്‍ പരിക്കേല്‍ക്കുന്നതു ജനാധിപത്യസംവിധാനത്തിനുതന്നെയായിരിക്കും. കോടതി ഉത്തരവിലോ കേസ് വിചാരണയ്ക്കിടയിലോ ഉണ്ടാകുന്ന സമൂഹത്തിന്റെ നന്മയ്ക്കുതകുന്ന പരാമര്‍ശങ്ങള്‍ എത്തേണ്ടിടത്ത് എത്തുകയും കേള്‍ക്കേണ്ടവര്‍ കേള്‍ക്കുകയും ചെയ്യണം.
ന്യായാധിപന്മാര്‍ കോടതിമുറികളില്‍ നടത്തുന്ന സമൂഹത്തിനു ഗുണകരമായ പരാമര്‍ശങ്ങള്‍ അതു കേള്‍ക്കേണ്ട ചെവികളിലും ജനാധിപത്യത്തിലെ പരമാധികാരികളായ പൊതുജനത്തിന്റെ കാതുകളിലും എത്തിക്കുകയെന്ന ചുമതലയാണു മാധ്യമങ്ങള്‍ ചെയ്യുന്നത്. അതിനിടയില്‍ അവര്‍ക്കു വീഴ്ചസംഭവിക്കുന്നുണ്ടെങ്കില്‍ വിമര്‍ശിക്കുകയും തിരുത്തുകയും ആവശ്യമെങ്കില്‍ നടപടിയെടുക്കുകയും ചെയ്യാന്‍ നീതിപീഠത്തിനു സ്വാതന്ത്ര്യമുണ്ട്.
ഇത്രയും ആമുഖമായി പറഞ്ഞത് കുറച്ചുനാളായി മാധ്യമപ്രവര്‍ത്തകര്‍ക്കു കോടതികളുടെ കവാടം കടക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമായിരിക്കുന്നതിനാലാണ്. 'മാധ്യമപ്രവര്‍ത്തകര്‍ കുറേദിവസം പണിയെടുത്തില്ലെങ്കില്‍ മാധ്യമമുതലാളിമാര്‍ക്കു നഷ്ടമുണ്ടാകുമെന്നതല്ലാതെ ഒരുചുക്കും സംഭവിക്കില്ലെന്നും അഭിഭാഷകര്‍ കോടതിയിലെത്തിയില്ലെങ്കില്‍ സാധാരണക്കാരായ വ്യക്തികള്‍ക്കു വലിയ നഷ്ടമുണ്ടാകുമെന്നും' മാധ്യമചര്‍ച്ചകളിലൊന്നില്‍ അഭിഭാഷകപ്രതിനിധി പറഞ്ഞുകേട്ടു. അത്തരമൊരു അഭിപ്രായം നീതിപീഠത്തിനുണ്ടാകില്ലെന്നു നമുക്കു ഉറച്ചുവിശ്വസിക്കാമെന്നു തോന്നുന്നു. കാരണം, കോടതിമുറികളിലും പുറത്തും മാധ്യമസ്വാതന്ത്ര്യത്തെ ന്യായാധിപന്മാര്‍ ഉയര്‍ത്തിപ്പിടിച്ചു പ്രതികരിക്കുന്നതു കണ്ടവരാണു നമ്മള്‍.
ഹൈക്കോടതി അങ്കണത്തിലും വഞ്ചിയൂര്‍ കോടതി പരിസരത്തുമുണ്ടായ അനിഷ്ടസംഭവങ്ങളില്‍ അധികാരകേന്ദ്രങ്ങള്‍ മാധ്യമപ്രവര്‍ത്തകരുടെ പക്ഷം നില്‍ക്കണമെന്ന് ആരും പറയുന്നില്ല. ആ സംഭവങ്ങള്‍ പൊലിസിനു വിശദമായി അന്വേഷിക്കാം. കുറ്റക്കാര്‍ ആരാണെന്നു കണ്ടെത്താം. നടപടിയെടുക്കാം. മാതൃകാപരമായി ശിക്ഷിക്കാം. കുറ്റം അഭിഭാഷകരുടെ ഭാഗത്താണെങ്കില്‍ അവര്‍ക്കെതിരെയും മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്താണെങ്കില്‍ അവര്‍ക്കെതിരെയും നടപടിയുണ്ടാവുകതന്നെ വേണം.
എന്നാല്‍, മാധ്യമപ്രവര്‍ത്തകര്‍ ഇനിയൊരു കാലത്തും കോടതിയുടെ നാലയലത്തുപോലും എത്താന്‍ പാടില്ലെന്നു ശഠിക്കുന്നതു മിതമായ ഭാഷയില്‍ പറഞ്ഞാല്‍, ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. അതു തടയാതിരിക്കുന്നതു ജനാധിപത്യത്തെ ഞെക്കിക്കൊല്ലലുമാണ്. ഹൈക്കോടതിയിലെയും വഞ്ചിയൂര്‍കോടതിയിലെയും അനിഷ്ടസംഭവങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കെ കൊല്ലം കോടതിപരിസരത്തുണ്ടായത് അതാണ്. സര്‍ക്കാര്‍ ഓഫീസുകള്‍പോലും പ്രവര്‍ത്തിക്കുന്ന ആ പ്രദേശത്തേയ്ക്കു മാധ്യമപ്രവര്‍ത്തകരെ കടത്തിവിടാതെ പൊലിസും അഭിഭാഷകരില്‍ ഒരുവിഭാഗവും കോട്ടകെട്ടുകയായിരുന്നു.
അതിനെ അപ്പോഴേ വിലക്കാതിരുന്നതിന്റെ ഏറ്റവും വൃത്തികെട്ട പ്രതിഫലനം കോഴിക്കോട്ടും സംഭവിച്ചു. ജഡ്ജിയുടെ മേല്‍ കുറ്റം ചാര്‍ത്തി ഒരു ലോക്കല്‍ എസ്.ഐ തെരുവുഗുണ്ടയെപ്പോലെ പെരുമാറി. പൊലിസ് മേധാവിയായ ഡി.ജി.പിയുള്‍പ്പെടെയുള്ളവര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു എസ്.ഐയെ മാറ്റിനിര്‍ത്തിയിട്ടും ഭ്രാന്തുപിടിച്ചവനെപ്പോലെ മാധ്യമപ്രവര്‍ത്തരെ സ്‌റ്റേഷനില്‍ പൂട്ടിയിടുകയായിരുന്നു അയാള്‍. ഇവിടെ ഒരു ഭരണമുണ്ടോ ഒരു നിയമമുണ്ടോ എന്നെല്ലാം ആരും ചോദിച്ചുപോകുന്ന അവസ്ഥ.
എന്തുകൊണ്ടിങ്ങനെ സംഭവിച്ചുവെന്ന് ഇവിടത്തെ ഭരണാധികാരികളും നീതിപീഠവും മനസ്സിരുത്തി ചിന്തിക്കേണ്ടതാണ്. ഈ പ്രശ്‌നം ആളിക്കത്താന്‍ തുടങ്ങിയപ്പോള്‍ തന്നെ ഫലപ്രദമായി ഇടപെട്ടിരുന്നെങ്കില്‍ സംസ്‌സാരികകേരളത്തിനു നാണക്കേടായ സംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നില്ലേ. പക്ഷേ, ഇടപെടേണ്ട സമയത്ത് ഇടപെടാന്‍ ആരും തയാറായില്ല. കോടതിവളപ്പിലെ കാര്യമായതിനാല്‍ ഇതില്‍ ഇടപെടില്ലെന്നു പറഞ്ഞു ഭരണകൂടം കൈകഴുകി. നീതിപീഠമാകട്ടെ ഒരു പ്രതികരണവുമില്ലാതെ മൗനം ഭജിച്ചു. കോടതിയും ഭരണകൂടവും ഇടപെടില്ലെന്നു വന്നപ്പോള്‍ പലരും നിയമം കൈയിലെടുത്ത് അഴിഞ്ഞാടാന്‍ തുടങ്ങി.
'നീതിപീഠത്തോടുള്ള സകല ബഹുമാനവും പ്രകടിപ്പിച്ചുകൊണ്ടു തുറന്നുപറയട്ടെ ഈ മൗനം ജനാധിപത്യവ്യവസ്ഥയെ പേടിപ്പെടുത്തുന്നതാണെ'ന്ന് എഴുതി അവസാനിപ്പിച്ചതായിരുന്നു ഈ കുറിപ്പ്. അതിനിടയിലാണ്, കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള വിലക്ക് ഒഴിവാക്കിയ നീതിപീഠത്തിന്റെ തീരുമാനമുണ്ടായത്. അതിനാല്‍ ആ വാക്കു പിന്‍വലിക്കുന്നു. എങ്കിലും, ഒരു കാര്യം പറയാതിരിക്കാന്‍ വയ്യ, ഈ ഇടപെടല്‍ നേരത്തേയായിരുന്നെങ്കില്‍ എത്ര അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."