ഫ്‌ളാറ്റുടമ പണം വാഗ്ദാനം ചെയ്‌തെന്ന് കുമാരിയുടെ ഭര്‍ത്താവ്
സ്വകാര്യ ആശുപത്രി കള്ളക്കളി നടത്തുന്നെന്നും ആരോപണം
ഫ്‌ളാറ്റുടമയും
കുടുംബവും ഒളിവിലാണെന്ന നിലപാടില്‍ പൊലിസ്
കൊച്ചി: എറണാകുളത്തെ ഫ്‌ളാറ്റില്‍ നിന്ന് വീട്ടുജോലിക്കാരി വീണുമരിച്ച സംഭവത്തില്‍ ഫ്‌ളാറ്റുടമയ്‌ക്കെതിരേ ഗുരുതര ആരോപണവുമായി മരിച്ച കുമാരിയുടെ ഭര്‍ത്താവ് ശ്രീനിവാസന്‍. പരാതിപ്പെടാതിരിക്കാന്‍ തനിക്ക് പണം വാഗ്ദാനം ചെയ്‌തെന്ന് ശ്രീനിവാസന്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഫ്‌ളാറ്റുടമ ഇംതിയാസ് അഹമ്മദിന്റെ ചില ബന്ധുക്കള്‍ തന്നെ സമീപിച്ചെന്നും ആശുപത്രി ചെലവും മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള സാമ്പത്തിക സഹായവും നല്‍കാമെന്നും പൊലിസില്‍ പരാതിപ്പെടരുതെന്നും ആവശ്യപ്പെട്ടു. കാഴ്ച പരിമിതിയുള്ള തന്റെ കൈപിടിച്ച് ബലമായി ചില പേപ്പറുകളില്‍ ഒപ്പിടുവിച്ചെന്നും ശ്രീനിവാസന്‍ പറഞ്ഞു.
കുമാരിയെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിക്കെതിരേയും ശ്രീനിവാസന്‍ ആരോപണം ഉന്നയിച്ചു.കഴിഞ്ഞദിവസം വരെ കൊവിഡ് നെഗറ്റീവ് ആയിരുന്ന കുമാരിക്ക് കൊവിഡ് പോസിറ്റീവ് എന്ന് പറഞ്ഞ് ആശുപത്രി കള്ളക്കളി നടത്തി. ആശുപത്രിയില്‍ നിന്ന് മോശമായ അനുഭവമാണ് ഉണ്ടായത്. പൊലിസും ഇംതിയാസിന്റെ കുടുംബവും ഒത്തുകളിക്കുകയാണെന്നും ശ്രീനിവാസന്‍ ആരോപിച്ചു. കുമാരി ഫ്‌ളാറ്റുടമയില്‍ നിന്ന് 10,000 രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ നല്‍കിയാല്‍ മാത്രമേ വീട്ടിലേക്ക് വിടൂ എന്ന് നിര്‍ബന്ധം പിടിച്ചിരുന്നു. എന്നാല്‍ നാട്ടില്‍ നിന്ന് ഈ തുക അയച്ചുനല്‍കിയിരുന്നെന്നും ശ്രീനിവാസന്‍ പറഞ്ഞു.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കുമാരിയുടെ സഹോദരന്‍ വി. കൊളഞ്ചന്‍ എറണാകുളം സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. അതേസമയം, ഫ്‌ളാറ്റുടമയും കുടുംബവും ഒളിവിലാണെന്നാണ് പൊലിസ് പറയുന്നത്. സെന്‍ട്രല്‍ പൊലിസ് ഫ്‌ളാറ്റിലെത്തി അന്വേഷണം നടത്തിയെങ്കിലും രണ്ടുദിവസമായി ഫ്‌ളാറ്റില്‍ ഇംതിയാസും കുടുംബവും എത്തിയിട്ടില്ലെന്ന വിവരമാണ് സെക്യൂരിറ്റി ജീവനക്കാരില്‍ നിന്നു ലഭിച്ചത്. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തില്ലെന്നും പൊലിസ് പറഞ്ഞു.
കുമാരിയുടെ മൃതദേഹം ഇന്നലെ വൈകിട്ടോടെ കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്‌ളാറ്റിന്റെ ആറാം നിലയില്‍ നിന്ന് വീണ് പരുക്കേറ്റ തമിഴ്‌നാട് സ്വദേശിനി കുമാരി (40) ഞായറാഴ്ചയാണ് മരിച്ചത്. ഫ്‌ളാറ്റില്‍ പൂട്ടിയിട്ടിരുന്ന കുമാരി സാരികള്‍ കൂട്ടിക്കെട്ടി അതില്‍ തൂങ്ങി താഴേക്കിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാര്‍പോര്‍ച്ചിലേക്ക് വീഴുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."