പി.എസ്.സി മെംബര്‍ക്കും ഡി.വൈ.എഫ്.ഐ സെക്രട്ടറിക്കുമെതിരേ ഗുരുതര ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അക്രമ വിഷയങ്ങളിലെയും പി.എസ്.സി വിഷയങ്ങളിലെയും സി.പി.എം നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ കോ ഓഡിനേറ്റര്‍ എന്‍.എസ് നുസൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
കൊലപാതകശ്രമം നടന്നദിവസം വെള്ളറട സ്റ്റേഷന്‍ പരിധിയിലെ കൊലപാതക ശ്രമകേസിലെ പിടികിട്ടാപ്പുള്ളിയായ അലനും പാര്‍ട്ടി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ ജ്യേഷ്ഠപുത്രന്‍ പ്രതി സാജ് കൃഷ്ണയും എങ്ങനെ കാംപസില്‍ എത്തിയെന്നും അവരുടെ കൂടെയുണ്ടായിരുന്ന പുറത്തെ ക്രിമിനലുകളെ പറ്റിയും, ഈ വിഷയത്തില്‍ അവരുടെ പങ്കും അന്വേഷിക്കണം.
പ്രതികള്‍ താമസിച്ചത് യൂനിവേഴ്‌സിറ്റി ഹോസ്റ്റലില്‍ ആണെന്ന് അറിഞ്ഞിട്ടും പതിമൂന്നാം തിയതി റെയ്ഡിനു അനുവാദം നല്‍കാതെ പ്രതികള്‍ മാറിയതിനു ശേഷം പതിനാലാം തിയതി രാത്രി റെയ്ഡ് നടത്തിയത് ഇവരെ സംരക്ഷിക്കാനാണ്.
പതിനഞ്ചാം തിയതി പുലര്‍ച്ചെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ വാഹനത്തില്‍ മണ്ണന്തലയിലെത്തി ഓട്ടോയില്‍ കേശവദാസപുരത്തെത്തിയ ആളുകളെയാണ് മുന്‍കൂട്ടി തയാറാക്കിയ പ്രകാരം പൊലിസ് അറസ്റ്റ് ചെയ്തത്.
ഈ ദൃശ്യങ്ങള്‍ അവിടെയുള്ള സി.സി.ടി.വി പരിശോധിച്ചാല്‍ തെളിയുമെന്നും എന്‍.എസ് നുസൂര്‍ പറഞ്ഞു. ശിവരഞ്ജിതും നസീമും പീക്ഷാ സെന്റര്‍ മാറ്റിയത് വി. ശിവന്‍കുട്ടിയുടെ ഭാര്യയും പി.എസ്.സി മെംബറുമായ പാര്‍വതി ദേവിയുടെ സഹായത്താലാണ്.
ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയെന്ന് സോഷ്യല്‍ മീഡിയയില്‍ വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ പി.എസ്.സിയെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നു.
കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ അവരെ തല്‍സ്ഥാനത്തുനിന്ന് മാറ്റാത്തതു ഇത്തരത്തില്‍ സര്‍ക്കാര്‍ ഉദ്യോഗങ്ങളിലെ സി.പി.എം ക്രിമിനല്‍ റിക്രൂട്ട്‌മെന്റ് ഏജന്റായി പ്രവര്‍ത്തിക്കുന്നത് കൊണ്ടാണെന്നും, കഴിഞ്ഞ വര്‍ഷങ്ങളിലെ ഇവരുടെ പി.എസ്.സിയിലെ ഇടപെടലുകളെപ്പറ്റി സമഗ്ര അന്വേഷണം അനിവാര്യമാണെന്നും എന്‍.എസ് നുസൂര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അരുണ്‍ ആര്‍.ഒ, ഡി.സി.സി ജന.സെക്രട്ടറി കൊയ്ത്തൂര്‍കോണം സുന്ദരന്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."