റമദാനെ വരവേല്‍ക്കാന്‍ വിശ്വാസി സമൂഹം ഒരുങ്ങി
വൈക്കം: പാപമോചനത്തിന്റെ മന്ത്രധ്വനികളുമായി പുണ്യങ്ങളുടെ പൂക്കാലമായ റമദാന്‍ വരവായി. ഇനി പ്രാര്‍ഥനാനിര്‍ഭരമായ 30 ദിനരാത്രങ്ങള്‍. ഇസ്‌ലാമിലെ പഞ്ചസ്തംഭങ്ങളില്‍ പ്രമുഖ പങ്കുവഹിക്കുന്ന ഒന്നാണ് റമദാന്‍ വ്രതം. പള്ളികളും മതസ്ഥാപനങ്ങളും മോടിപിടിപ്പിച്ച് റമദാനെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.
ദരിദ്രരുടെയും സമ്പന്നരുടെയും വിശപ്പ് ഒന്നാണെന്നു വിളിച്ചോതുന്നതാണ് റമദാന്‍ നോമ്പ്. പകല്‍ മുഴുവന്‍ പട്ടിണിയിലും ഇബാദത്തിലുമായി കഴിയുന്ന നോമ്പുകാരനു സൂര്യന്‍ അസ്തമിക്കുന്നതോടെ ഭക്ഷണപാനീയങ്ങള്‍ കഴിച്ച് നോമ്പുമുറിക്കാന്‍ ദൈവം അനുവാദം കൊടുക്കുകയാണ്.
കുടുംബബന്ധങ്ങള്‍ ഊട്ടിയുറപ്പിച്ചും പരസ്പരവൈരങ്ങള്‍ മറന്ന് സഹായസഹകരണങ്ങള്‍ ചെയ്തും വിശ്വാസിസമൂഹം നോമ്പിന്റെ ആത്മീയത ഊട്ടിയുറപ്പിക്കുന്നു. നോമ്പിലൂടെ പലവിധത്തിലുള്ള ഭൗതിക, ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടെന്ന് ആധുനിക ശാസ്ത്രവുംഅംഗീകരിച്ചുകഴിഞ്ഞു.
സാധാരണയായി സമ്പന്നര്‍ നിര്‍ബന്ധദാനം (സക്കാത്ത്) കൊടുത്തുവീട്ടുന്നതും ഈ മാസത്തിന്റെ പ്രത്യേകതയാണ്. പാപങ്ങള്‍ പൊറുക്കപ്പെടുന്നതും, പിശാചുക്കള്‍ ചങ്ങലക്കിടപ്പെടുന്നതും സ്വര്‍ഗകവാടങ്ങള്‍ തുറന്നുകൊടുക്കപ്പെടുന്നതും വിശ്വാസിയുടെ ഓരോ നന്മക്കും 70 മുതല്‍ 70000 വരെ പ്രതിഫലം നല്‍കപ്പെടുന്നതുമായ മാസം കൂടിയാണ് റമദാന്‍.
റമദാന്‍ മാസത്തെ മൂന്ന് പത്തായി എണ്ണപ്പെടുകയും, ഓരോ പത്തിലും പ്രത്യേകം പ്രാര്‍ഥനകള്‍ ഉള്‍പ്പെടുത്തുകയും ചെയ്ത് വ്രതാനുഷ്ഠാനത്തെ ആത്മീയതകൊണ്ട് സമ്പുഷ്ടമാക്കുകയാണ് മുന്‍കാലക്കാര്‍ ചെയ്തിട്ടുള്ളതും ഇപ്പോഴുള്ളവര്‍ ചെയ്തുപോരുന്നതും.
രാത്രി നമസ്‌കാരം (തറാവീഹ്), ഖുര്‍ആന്‍ പാരായണം, പ്രാര്‍ഥനകള്‍, ദിക്‌റുകള്‍, ഇസ്തിഗ്ഫാറുകള്‍ എന്നിവ അധികരിപ്പിച്ച് റമദാന്‍ നോമ്പിനെ ജീവസുറ്റതാക്കാന്‍ മനഃസാന്നിധ്യത്തോടെ കാത്തിരിക്കുന്നത് വേറിട്ട കാഴ്ചതന്നെയാണ്. ഏഴു വയസുള്ള കുട്ടി മുതല്‍ നോമ്പ് അനുഷ്ഠിക്കണമെന്നും പിടിപ്പിക്കുവാനുള്ള ഉത്തരവാദിത്വബോധം മാതാപിതാക്കള്‍ക്കുണ്ടാകണെമെന്നും ഓരോ പള്ളിയിലെയും ഇമാമുമാര്‍ പ്രത്യേകം ജനങ്ങളെ ഉണര്‍ത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."