കളരിക്കണ്ടിയിലെ ഇരട്ടക്കൊലപാതകം: പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുത്തു
കുന്ദമംഗലം: കളരിക്കണ്ടിയിലെ ആലുംതോട്ടത്തില്‍ ഷാഹിദയെയും ഒന്നര വയസുള്ള മകള്‍ ഖദീജത്തുല്‍ മിസ്‌രിയ്യയെയും കൊലപ്പെടുത്തിയ രണ്ടാം ഭര്‍ത്താവ് അബ്ദുല്‍ ബഷീറിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്നലെ ഉച്ചക്ക് 12.30ഓടെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ചേവായൂര്‍ സി.ഐ കെ.കെ ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ഇവര്‍ താമസിച്ചിരുന്ന ഒറ്റമുറി വീട്ടിലെത്തിച്ച് തെളിവെടുക്കുകയായിരുന്നു. യാതൊരു ഭാവവ്യത്യാസവുമില്ലാതെ അബ്ദുല്‍ ബഷീര്‍ കൃത്യം നടത്തിയ വിവരം പൊലിസിനോട് വിവരിച്ചു. പ്രതിയെ കാണാന്‍ സ്ത്രീകളും പുരുഷന്മാരുമടക്കം വലിയ ജനക്കൂട്ടം വീട്ടുവളപ്പിന് ചുറ്റും നിലയുറപ്പിച്ചിരുന്നു. വീട്ടിലേക്കുള്ള പ്രവേശന കവാടത്തില്‍ വടംകെട്ടിയാണ് ആളുകളെ നിയന്ത്രിച്ചത്.
2.30ഓടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. ഫോറന്‍സിക് സയന്റിഫിക് ഓഫിസര്‍ വി. വിനീത് തെളിവെടുപ്പിന് എത്തിയിരുന്നു. തെളിവെടുപ്പിന് ശേഷം ഷാഹിദയുടെ പിതാവ് സൂപ്പിക്കുട്ടി പ്രതിയെ കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പൊലിസ് സമ്മതിച്ചു. വികാരഭരിതനായ സൂപ്പിക്കുട്ടിയോട് പ്രതി മോശമായി സംസാരിച്ചത് കണ്ടുനിന്ന ജനക്കൂട്ടം രോഷാകുലരായെങ്കിലും പൊലിസ് ഇടപെട്ട് ശാന്തമാക്കി. പ്രതിയെ വാഹനത്തില്‍ കയറ്റി കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ വീടിന്റെ പ്രവേശന കവാടത്തില്‍ തടിച്ചുകൂടിയ ജനം പ്രകോപിതരായി വാഹനം തടഞ്ഞ് മുദ്രാവാക്യം മുഴക്കി. പ്രതിയെ വിട്ടു തരണമെന്നായിരുന്നു ജനത്തിന്റെ ആവശ്യം. ഒടുവില്‍ സി.ഐ ബിജുവും കുന്ദമംഗലം എസ്.ഐ എസ്. രജീഷും ഉള്‍പ്പെട്ട പൊലിസ് അധികാരികള്‍ നാട്ടുകാരുടെ സഹകരണം തേടി.
പ്രതിയെ കൊണ്ടുപോകുന്നതിനിടയില്‍ ഷാഹിദയുടെ സംസാരശേഷിയില്ലാത്ത സഹോദരിയും പിതാവും പൊലിസ് വാഹനം തടഞ്ഞു നിര്‍ത്തി പ്രതിക്ക് കനത്തശിക്ഷ ഉറപ്പാക്കണമെന്ന് അഭ്യര്‍ഥിക്കുന്നുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."