മൂന്നാര്‍ കൈയേറ്റം; സര്‍ക്കാരിനെതിരേ ഹൈക്കോടതി
കൊച്ചി: മൂന്നാര്‍ കൈയേറ്റക്കേസില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പുറമ്പോക്ക് ഭൂമി പതിച്ചുനല്‍കുന്നത് പൊതുതാല്പര്യം കണക്കിലെടുത്തുവേണമെന്ന് കോടതി ചൂണ്ടിക്കാട്ടി.
അല്ലെങ്കില്‍ അത് പൊതുജനങ്ങളോടുള്ള വഞ്ചനയാവുമെന്നും കോടതി അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ കൈയേറ്റങ്ങളെ എതിര്‍ക്കുകയും മറുവശത്ത് നിര്‍മാണങ്ങള്‍ക്ക് അനുമതി നല്‍കുകയുമാണോയെന്ന് കോടതി ആരാഞ്ഞു.
മൂന്നാറില്‍ സര്‍ക്കാര്‍ കൈയേറ്റം പ്രോത്സാഹിപ്പിക്കുകയാണെന്നു ചൂണ്ടിക്കാട്ടി പരിസ്ഥിതി സംരക്ഷണ സമിതി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജിയിലാണ് കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. കെട്ടിടങ്ങള്‍ക്ക് വൈദ്യുതി - കുടിവെള്ള കണക്ഷനുകള്‍ നല്‍കുകയാണെന്നും ഹരജിയില്‍ ആരോപിക്കുന്നു. സര്‍ക്കാര്‍ കൈയേറ്റം പ്രോല്‍സാഹിപ്പിക്കുകയാണെന്നും അനധികൃത നിര്‍മാണങ്ങള്‍ക്ക് എന്‍.ഒ.സി നല്‍കുകയാണെന്നുമാണ് ആരോപണം.
കൈയേറ്റ ഭൂമിയിലെ നിര്‍മാണങ്ങള്‍ക്ക് സൗകര്യമൊരുക്കുന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്നു കോടതി വ്യക്തമാക്കി. എന്‍.ഒ.സി നല്‍കിയതില്‍ തെറ്റില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. പ്രാഥമിക സൗകര്യങ്ങളായ കുടിവെള്ളവും വൈദ്യുതിയും നിഷേധിക്കാനാവില്ലന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നിഷേധിച്ചാല്‍ അത് സുപ്രിം കോടതി വിധിയുടെ ലംഘനമാവുമെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."