അതിവേഗം മൃഗലോകത്തേക്ക്
ലൈംഗികത ആഹ്ലാദകരമായ അനുഭവമാണ്. മതങ്ങള്‍ അതു പാപമാക്കി. ഭരണകൂടങ്ങള്‍ ഏറ്റുപിടിച്ചു നിയമ നിര്‍മാണം നടത്തി. നിയമത്തില്‍ ഡോക്ടറേറ്റുള്ള സെബാസ്റ്റിയന്‍ പോളിന്റെ വീക്ഷണസംഗ്രഹമാണിത്.
ഇതനുസരിച്ച്, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിടികൂടി ജയിലിലടച്ചത് അന്യായമാണെന്നു സിദ്ധാന്തിക്കേണ്ടിവരും. ഒരു പുണ്യകര്‍മമാണു തിരുമേനി അനുഷ്ഠിച്ചതെന്നു പറയാത്തതു ഭാഗ്യം. ആഹ്ലാദകരമായ അനുഭവമൊരുക്കലാണല്ലോ ലൈംഗികത!
സമൂഹവുമായി ഒരു ബാധ്യതയും സ്ത്രീക്കില്ലെന്നും അവര്‍ പറയുന്നതനുസരിച്ചല്ല പെണ്ണിന്റെ വ്യവഹാരങ്ങളെന്നുമുള്ള കോടതി വിധി മാനിക്കണം. എന്നാല്‍, സമൂഹമാണ് ആരുടെയും നിലനില്‍പ്പും ആനന്ദവും ഉറപ്പുവരുത്തുന്നതെന്ന പരമസത്യം വിട്ടുപോകരുത്.
വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന കോടതി വിധി കണ്ണടച്ചു അംഗീകരിക്കാന്‍ കഴിയാത്തതിനു മതിയായ ന്യായമുണ്ട്. യുഗങ്ങളായി മനുഷ്യര്‍ താലോലിക്കുന്ന സാംസ്‌കാരികശേഷിപ്പുകള്‍ തകര്‍ന്നാല്‍ കുടുംബം കുളംതോണ്ടും. പുരുഷമേധാവിത്വ ജീര്‍ണതകള്‍ പറ്റിപിടിച്ചു നില്‍ക്കുന്ന ഭാഗങ്ങള്‍ നീക്കം ചെയ്യേണ്ടതുതന്നെയാണ്. അതിന്റെ മറവില്‍ അനിയന്ത്രിതാവസ്ഥ സൃഷ്ടിക്കുന്നത് അരാജകത്വത്തിലേയ്ക്കു വാതില്‍ തുറക്കാതിരിക്കില്ല.
ശാരീരികശുദ്ധി സ്ത്രീക്കും പുരുഷനും അപമാനമല്ല, അഭിമാനമാണ്. പരസ്പരം സ്‌നേഹിക്കുന്നതിനും ആദരിക്കുന്നതിനും ഈ ശുദ്ധി പ്രധാനമാണ്. ഇണചേരാന്‍ നിയന്ത്രണമില്ലെങ്കില്‍ മൃഗങ്ങളുമായുള്ള അകലമില്ലാതാവും. ശാരീരികാവശ്യമാണെങ്കിലും സ്വകാര്യത സൂക്ഷിക്കുന്ന ലൈംഗികത പരസ്യമാക്കാനുള്ള അവകാശവും കോടതി കയറിയാല്‍ പരിഷ്‌കൃതപ്പട്ടികയില്‍പ്പെടുത്തി നിയമവിധേയമക്കേണ്ടിവരും.
സുപ്രിംകോടതി വിധി പല പരിഷ്‌കൃതരാജ്യങ്ങളിലും നിലവിലുള്ളതിന്റെ പകര്‍പ്പാണ്. ആ നാടുകളിലെ സാമൂഹികാരാകത്വവും തലമുറകള്‍ അനുഭവിക്കുന്ന ഒറ്റപ്പെടലുകളും ശൂന്യവല്‍കൃതബന്ധങ്ങളും പരിശോധിക്കപ്പെടണം. വിവാഹേതര ലൈംഗികത അനുവദിക്കാന്‍ പാടില്ലാത്ത ആഭാസമായ കാണുന്നതാണ് അഭികാമ്യം. ഇന്ത്യന്‍ ഭരണഘടന അടിക്കടി തിരുത്തുകയും അതില്‍ കൂട്ടിച്ചേര്‍ക്കലുണ്ടാകുവുകയും ചെയ്യുന്നുണ്ട്. ഒരു നൂറ്റാണ്ട് ആയുസ്സു തികയ്ക്കാന്‍ കഴിയാത്തവിധം ഭരണഘടന കൈയേറ്റങ്ങള്‍ക്ക് ഇരയാവുകയാണ്.
തുല്യരാണ് ആണും പെണ്ണും. പൗരാവകാശങ്ങളില്‍ ഇതു പ്രകടമാണ്. എന്നാല്‍, യാഥാര്‍ഥ്യത്തിലേയ്ക്കു വന്നാല്‍ അനിവാര്യമായ ഏറ്റക്കുറച്ചിലുകള്‍ അംഗീകരിക്കാതെ പറ്റില്ലല്ലോ. കേവല യുക്തിക്ക് വഴങ്ങുന്നതേ പരിഗണിക്കൂവെന്ന വിചാരം ശരിയല്ല.
ദേശീയപതാക മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ഓഫിസുകളില്‍ വലതു ഭാഗത്തു മാത്രമേ വയ്ക്കാവൂ. മറിച്ചാണെങ്കില്‍ പതാക നിന്ദയാണ്, കുറ്റകൃത്യമാണ്. ഇവിടെ ഇടതിനു വലതിനേക്കാള്‍ നല്‍കിയ സ്ഥാനക്കുറവിന്റെ ന്യായീകരണമെന്താണ്. ഇതുപോലെ നിരവധി ഉദാഹരണങ്ങളുണ്ട്. തുല്യതയെന്നത് ആപേക്ഷികമാണ്. ചിലത് അസാധ്യവുമാണ്. അത് അംഗീകരിക്കല്‍ അപരിഷ്‌കൃതമാവുന്നില്ല.
ഭര്‍ത്താവ് അധികാരിയല്ല. ഭാര്യയെ കാണിക്കവയ്ക്കാന്‍ പറ്റില്ല തുടങ്ങിയ കാര്യത്തില്‍ ആര്‍ക്കും രണ്ടഭിപ്രായം കാണില്ല. ഉണ്ടാവാന്‍ പാടില്ല. ചിരപുരാതന കാലം മുതല്‍ വഴിവിട്ട ലൈംഗികത മ്ലേച്ഛമായി മാനവസമൂഹം വിശ്വസിച്ചു പോരുന്നു. ഈ ധാരണ കാരണം സമൂഹം അനുഭവിച്ചതു ഗുണം മാത്രമാണ്. ലൈംഗികത ക്രിമിനലാവുന്നതും സിവിലാവുന്നതും സമൂഹം നിശ്ചയിച്ച അതിരുകള്‍ക്കപ്പുറത്താവുമ്പോഴാണ്. അതില്ലാതാക്കുന്നത് അരാജകത്വം വിളിച്ചുവരുത്തും.
രാമനും സീതയും സാങ്കല്‍പിക കഥാപാത്രങ്ങളാണെന്ന പക്ഷക്കാരോടു യോജിച്ചാല്‍പ്പോലും ആ കഥാതന്തുവും കഥാപാത്രങ്ങളും പവിത്രങ്ങളാണെന്നു സമ്മതിക്കേണ്ടിവരും. ഇതിലടങ്ങിയ മഹത്വം ഒറ്റയടിക്കു ശൂന്യവല്‍ക്കരിക്കുന്നതു നമ്മുടെ നീതിബോധത്തിന്റെ അമിതാവേശമാണോ.
ധര്‍മം നിര്‍വഹിക്കാനുള്ള വ്യവസ്ഥകളാണു നിയന്ത്രണങ്ങള്‍. അടിസ്ഥാനപരമായി സ്ത്രീസുരക്ഷയും സംരക്ഷണവുമാണ് അതടയാളപ്പെടുത്തുന്നത്. ഇത്തരം 'മാനിഷാദ'കള്‍ എടുത്തുകളഞ്ഞാല്‍ പെണ്ണ് ദുര്‍ബലപ്പെടും. പുരുഷന്‍ ചില കടമകള്‍ അധികമായി ഏല്‍ക്കണമെന്നതു മേധാവിത്വമല്ല. കഥയെഴുത്തല്ലല്ലോ ജീവിതം. പ്രകൃതി വരച്ചുവച്ച അതിരുകള്‍ ലംഘിക്കപ്പെടരുത്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിധിയോടു വിയോജിച്ചതു വെറുതെയല്ല.
ഹിന്ദു താലിബാനിസം
മതം രാഷ്ട്രീയായുധമാക്കിയ അഫ്ഗാനിസ്ഥാനിലെ മുല്ലാ ഉമര്‍ ചരിത്രത്തോടു ചെയ്ത അതിക്രമം ചെറുതല്ല. അഫ്ഗാനിസ്ഥാനിലും പല നാടുകളിലും കൊടിയ ദുരന്തങ്ങള്‍ സൃഷ്ടിക്കാന്‍ ഈ വൈകൃതാശയത്തിനു കഴിഞ്ഞു. മലാല യൂസുഫിനേറ്റ വെടി, കാബൂള്‍ സ്‌കൂളിലെ കുരുന്നുകള്‍ക്കേറ്റ വെടി... ഇങ്ങനെ മനുഷ്യര്‍ പിശാചും മൃഗവും അതില്‍ താഴെയും പതിച്ചുപോയ സാഹചര്യങ്ങള്‍ ഉണ്ടായി.
ആര്‍.എസ്.എസും മതത്തെ രാഷ്ട്രീയായുധമാക്കുകയാണ്. ഹിന്ദുയിസം ഒരു സംസ്‌കാരമാണെന്നാണവര്‍ പറയുന്നത്. ഈ സംസ്‌കാരസംരക്ഷണാര്‍ഥം താലിബാന്‍ മോഡല്‍ പാതകങ്ങളാണു ദിവസേന നടന്നുവരുന്നത്. മുഹമ്മദ് അഖ്‌ലാഖിന്റെ ഫ്രഡ്ജില്‍ പശുമാംസമുണ്ടെന്നു പ്രചരിപ്പിച്ചു ഇറക്കി കൊണ്ടുപോയി പേപ്പട്ടിയെ പോലെ തല്ലിക്കൊന്നു. കശ്മിലിലെ കത്‌വയില്‍ ബാലികയെ ദാഹജലം പോലും നിഷേധിച്ചു ബലാല്‍സംഗം ചെയ്തു വധിച്ചു വലിച്ചെറിഞ്ഞു. രാജ്യത്തുടനീളം ഈ ക്രൂരതകള്‍ തുടരുകയാണ്. 2002-ല്‍ രണ്ടായിരത്തിലധികം മുസ്‌ലിംകളെ കൊന്നുതള്ളാന്‍ ഭരണസൗകര്യം ഉപയോഗപ്പെടുത്തിയ നരേന്ദ്രമോദിക്കു വിദേശരാഷ്ട്രങ്ങള്‍ വിസ നിഷേധിച്ചിരുന്നു.
പിന്നീട് ലോകം ചുറ്റാന്‍ സൗകര്യപ്പെട്ടതു പ്രധാനമന്ത്രി പദവി ലഭിച്ചതോടെയാണ്. ലോകരാഷ്ട്രങ്ങളും നിയമങ്ങളും നിര്‍ബന്ധിക്കപ്പെടുകയായിരുന്നുവെന്നു വ്യക്തം. ഗുജറാത്ത് ഉന്മൂലനം സത്യസന്ധമായി കൈകാര്യം ചെയ്ത പൊലിസ് ഉദ്യോഗസ്ഥരിപ്പോഴും വേട്ടയാടപ്പെടുകയാണ്.
ജസ്റ്റിസ് ലോയയുടെ മരണകാരണം പരിശോധിക്കുന്ന ഒരവസരവും അമിത്ഷായ്ക്കുവേണ്ടി തടയുന്ന അവസ്ഥ നിലനില്‍ക്കുന്നു. മക്കാ മസ്ജിദ് സ്‌ഫോടനക്കേസിലെ പ്രതി അസീമാനന്ദയെടക്കം വെറുതെവിട്ട ജസ്റ്റിസ് ശര്‍മ ബി.ജെ.പി വാതില്‍ക്കലാണെന്ന വാര്‍ത്ത വന്നുകഴിഞ്ഞു.
ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതിക്ക് പ്രധാനമന്ത്രിയാവണം. അഖിലേഷ് യാദവിനും മമതാ ബാനര്‍ജിക്കും ചന്ദ്രബാബു നായിഡുവിനും രാഹുല്‍ഗാന്ധിക്കും പക്ഷം മറ്റൊന്നല്ല. ഇത്തരക്കാരുടെ രാഷ്ട്രീയസ്വപ്നമായ അധികാരം പിടിക്കാനുള്ള മത്സരപ്പാച്ചിലാണു ബി.ജെ.പിയെ എക്കാലത്തും സഹായിച്ചത്. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യമില്ല. ആംആദ്മി പോലും ബി.ജെ.പിയെ പരോക്ഷമായി സഹായിക്കുന്ന നിലപാടാണു സ്വീകരിച്ചു കാണുന്നത്.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവും ആംആദ്മിയും മതേതരപക്ഷത്തു നിലയുറപ്പിച്ചിരുന്നുവെങ്കില്‍ കോണ്‍ഗ്രസ് പാട്ടുംപാടി ജയിക്കുമായിരുന്നു. ബഹുരാഷ്ട്ര കത്തുകക്കാരില്‍നിന്നും ആര്‍.എസ്.എസ് വമ്പന്മാരില്‍ നിന്നും ഇവരൊക്കെ അച്ചാരം സ്വീകരിച്ചു വരുന്നതായി കേട്ടിരുന്നു. മായാവതിയെ സി.ബി.ഐ കാണിച്ചു വിരട്ടിയാണ് വിഘടന പക്ഷത്താക്കിയതെന്ന വാര്‍ത്തയും ഇതിനകം പരസ്യമായിട്ടുണ്ട്.
ഇന്ത്യന്‍ രാഷ്ട്രീയത്തിനു പൊതുവെ നയങ്ങളില്ല, തത്വങ്ങളും. ഉള്ളത് അധികാരദാഹം മാത്രം. ഇന്ത്യ വിഭജിക്കപ്പെടാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി സ്ഥാനമാണു പ്രധാന കാരണം. അധികാരം നിലനിര്‍ത്താന്‍ ചൈനയുമായി (സൗഹൃദ)യുദ്ധം ഉണ്ടാക്കിയെന്ന ആക്ഷേപം നിലവിലുണ്ട്. എല്ലാ യുദ്ധങ്ങളും അധികാരവുമായി ബന്ധപ്പെട്ടു നിര്‍മിക്കപ്പെട്ടവയാണ്. സോമനാഥ ്ചാറ്റര്‍ജിക്ക് തന്നെ പോറ്റി വളര്‍ത്തിയ പാര്‍ട്ടിയേക്കാള്‍ വലുതായി തോന്നിയതു ലോക്‌സഭാ സ്പീക്കര്‍ സ്ഥാനമാണ്.
കണ്ണന്താനത്തിന് ഇടതില്‍നിന്നും ഫാസിസത്തിലേയ്ക്കു ചാടാന്‍ അധികാരമല്ലാതെ മറ്റൊരു കാരണമില്ല. സുരേഷ്‌ഗോപിയെ മഥിച്ചതും ഇപ്പോള്‍ മോഹന്‍ലാലിനു പിടിപെട്ട പനിയും മറ്റൊന്നുമല്ല. പന്ത്രണ്ടു തിരുമേനിമാര്‍ പാര്‍ട്ടി അംഗത്വത്തിന് ക്യൂവിലാണെന്നു ശ്രീധരന്‍പിള്ള വെറുതെ പറയാനിടയില്ല.
ശരത്പവാറും സാംഗ്മയും ദേവഗൗഡയും നിതീഷും ചന്ദ്രബാബുനായിഡുവും അന്തരിച്ച ജയലളിതയും അധികാരത്തേക്കാള്‍ വലുതായി ഒരാശയവും ഇല്ലെന്നും സെക്യുലരിസം വെറും മണ്ണാങ്കട്ടയാണെന്നും പ്രവൃത്തിയിലൂടെ തെളിയിച്ചവരാണ്. ഇന്ത്യയുടെ ശാപം നയങ്ങളില്ലാത്ത പാര്‍ട്ടികളാണെന്നുറപ്പിച്ചു പറയാനാവും. ദയാവധം കാത്തുകഴിയുകയാണു പല പാര്‍ട്ടികളും. അവര്‍ മൊത്തമായോ ചില്ലറയായോ ആര്‍.എസ്.എസ് വഴി ബി.ജെ.പിയിലെത്തും.
2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രതിപക്ഷ കക്ഷികള്‍ക്കു യോജിച്ചു നേരിടാന്‍ മാത്രം ആശയബലം അവകാശപ്പെടാനില്ല. ജമ്മുകശ്മിരില്‍ പി.ഡി.പിയും മഹാരാഷ്ട്രയില്‍ ശിവസേനയും ഭിന്നധ്രുവങ്ങളാണു പറയുന്നതെങ്കിലും താമരച്ചോലയില്‍ ഉറങ്ങിയവരും ഉറങ്ങുന്നവരുമാണ്. രാഷ്ട്രീയപ്പാര്‍ട്ടികളുടെ അലകും പിടിയും മാറാതെ ജനങ്ങളെ വിശ്വാസത്തിലെടുക്കാനാവില്ല.
ഈ നവംബറോടെ ഇന്ത്യ ഇറാനില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ അമേരിക്കയ്ക്കു വേണ്ടി നിര്‍ത്തുകയാണ്. ഈ നാടിന്റെ അജ്ഞാത നിയന്ത്രണാധികാരം വൈദേശികര്‍ക്കു ദാനം നല്‍കിയ ബി.ജെ.പിക്കു രണ്ടായുധം കൈവശമുണ്ട്. ഒന്ന്: കുന്നുകൂടിക്കിടക്കുന്ന ഫണ്ട്, രണ്ട്: മടി കൂടാതെ കളവുപറയാനുള്ള ചര്‍മസൗഭാഗ്യം. ഈ രണ്ടിലും തട്ടി പാര്‍ട്ടികളും ജനങ്ങളും വീഴുന്നു. മൃഗീയഭൂരിപക്ഷമെന്ന വിതാനത്തില്‍ നിന്നിറങ്ങിയാലും ഭരണത്തില്‍ നിന്നിറക്കാനുള്ള ശക്തി പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഇപ്പോഴില്ല. ശരിയായ പോരാട്ടവും തെരഞ്ഞെടുപ്പു കമ്മിഷന്റെ നിഷ്പക്ഷതയും പ്രതിപക്ഷ ഐക്യവും ഒത്തുവന്നാല്‍ ബി.ജെ.പിയെ തൂത്തെറിയാന്‍ പ്രയാസമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."