പേടിയുണ്ടോ ?
#ജാവിദ് അഷ്‌റഫ്
ഏതെങ്കിലുമൊരു വസ്തുവിനെ ഭയപ്പെടുന്നവരാണ് മനുഷ്യര്‍. ചിലപ്പോള്‍ ഇത്തരം ഭയങ്ങള്‍ മറ്റുള്ളവരില്‍ തമാശയ്ക്കു വക നല്‍കാറുണ്ട്. മ്യൂസിക്കിനോടുള്ള ഭയമാണ് മെലോഫോബിയ. കടലിനോടുള്ള ഭയമാണ് തലസോഫോബിയ. ഉറുമ്പിനോടുള്ള ഭയമാണ് മിര്‍മിക്കോഫോബിയ. ഇനി ഇത്തരത്തിലുള്ള ഒരു ഭയവും ഇല്ലെങ്കിലും ഏതെങ്കിലും ഫോബിയ തന്നെ ബാധിച്ചിട്ടുണ്ടോയെന്നു പേടിക്കുന്നവരും ലോകത്തുണ്ട്. ഫോബോഫോബിയ എന്നാണ് ഇത്തരത്തിലുള്ള പേടിക്കു പറയുന്ന പേര്. മനുഷ്യരെ ബാധിക്കുന്ന നിരവധി ഫോബിയകളെക്കുറിച്ചറിയാം.
പൂച്ചയും പട്ടിയും
പൂച്ചകളെ കാണുമ്പോള്‍ പേടിച്ച് കരയുന്ന പല കൂട്ടുകാര്‍ക്കും ഐലുറോഫോബിയ ആയിരിക്കാം. പൂച്ചകളെ പേടിക്കുന്ന അസുഖമാണിത്. ഈ അസുഖം അത്ര മോശമാണെന്നു കരുതേണ്ട. ലോക പ്രസിദ്ധ ചക്രവര്‍ത്തി നെപ്പോളിയന് പൂച്ചകളെ പേടിയായിരുന്നത്രേ. പൂച്ചകളെ ഭയന്നിരുന്ന മറ്റൊരാളാണ് ഹിറ്റ്‌ലര്‍. പട്ടികളോടുള്ള അമിതഭയമാണ് സൈനോഫോബിയ.
ബനാന ഫോബിയ
പോഷക സമ്പന്നമായ ബനാന എല്ലാവര്‍ക്കും ഇഷ്ടമാണല്ലോ. എന്നാല്‍ ബനാനയെ പോലും ഭയക്കുന്നവര്‍ ലോകത്തുണ്ട്. ബനാന ഫോബിയ എന്നാണ് ഈ ഭയത്തിനു പേര്. പച്ചക്കറികളോടുള്ള ഭയമാണ് ലാക്കനോഫോബിയ.
പണത്തോടും പേടി
പണക്കൊതിയന്മാരാണ് ചില മനുഷ്യര്‍. എന്നാല്‍ പണം കണ്ടാല്‍ പേടിക്കുന്നവര്‍ ലോകത്തുണ്ടെന്നു പറഞ്ഞാല്‍ വിശ്വാസം വരുമോ. ക്രോംറ്റോഫോബിയ എന്നാണ് ഈ അസുഖത്തിനു പറയുന്ന പേര്.
പക്ഷിപ്പേടി
പക്ഷികളോടുള്ള പേടിയാണ് ഓര്‍ണിത്തോഫോബിയ. പക്ഷികളുടെ തൂവലിനെ പേടിയാണ് ടെറാനോഫോബിയ.
പാവകളെ പേടിയാണോ?
കാണാന്‍ സുന്ദരമായ പാവകളെ ഇഷ്ടപ്പെടുന്നവരാണധികവും. എന്നാല്‍ പാവകളെ കാണുമ്പോള്‍ തന്നെ പേടിച്ചു കരയുന്ന സ്വഭാവക്കാരാണ് പീഡിയോഫോബിയക്കാര്‍.
പ്രകൃതിപ്പേടികള്‍
മഞ്ഞിനെ പേടിയാണ് കയാനോഫോബിയ. ഇടിയോടുള്ള ഭയമാണ് ബ്രോണ്ടോഫോബിയ. മഴയോടുള്ള പേടിയാണ് ഓംബ്രോഫോബിയ.
വൃത്തിയുള്ള പേടി
ചെളിയും അഴുക്കും ഭയക്കുന്നവരാണ് മിസോഫോബിയ. എന്നും വൃത്തിയായിരിക്കാനായിരിക്കും ഈ വിഭാഗക്കാര്‍ക്ക് ഇഷ്ടം.
നടക്കാനും പറ്റില്ല, ഓടാനും പറ്റില്ല
നടക്കാനുള്ള പേടിയാണ് ആമ്പിലോ ഫോബിയ. നടക്കുമ്പോള്‍ വീണു പോകുമോയെന്ന ചിന്തയാണ് ഈ അസുഖത്തിനു കാരണം. നടക്കുമ്പോള്‍ വീണുപോയവരേയും ഈ ഭയം പിടികൂടാം. വിമാനത്തിലോ മറ്റോ യാത്രചെയ്യാനുള്ള പേടിയാണ് എയ്‌റോഫോബിയ (ഏവിയോഫോബിയ). ഒരിടത്ത് ഇരിക്കാനുള്ള ഭയമാണ് കാഥൈസോഫോബിയ.
പാമ്പ്, പഴുതാര, ചിലന്തി
പാമ്പിനോടുള്ള അമിതമായ ഭയമാണ് ഒഫിഡിയോഫോബിയ. പ്രാണികളോടും പാറ്റകളോടുമുള്ള ഭയമാണ് അക്കാറോഫോബിയ. പാറ്റകളെ കണ്ടാല്‍ രംഗം കാലിയാക്കുന്നവരാണ് കാറ്റസരിഡ ഫോബിയക്കാര്‍. പൂമ്പാറ്റകളോടുള്ള പേടിയാണ് ലെപിഡോപ്‌റ്റെറോഫോബിയ. ചിലന്തിയോടുള്ള ഭയമാണ് അരാക്ക്‌നോഫോബിയ.
വേഗപ്പേടി
വേഗത്തില്‍ പോകുന്ന വാഹനത്തില്‍ കയറാന്‍ ഭയക്കുന്നവരാണ് ടാക്കോഫോബിയക്കാര്‍. ഇടയ്ക്കിടെ വാഹനത്തിന്റെ വേഗം കുറയ്ക്കാന്‍ ഈ ഭയമുള്ളവര്‍ മുന്നറിയിപ്പു നല്‍കിക്കൊണ്ടിരിക്കും. ചിലപ്പോള്‍ ഭയന്നു നിലവിളിക്കുകയോ അമിതമായി വിയര്‍ക്കുകയോ ചെയ്യും. മെല്ലെയായാലും വേഗത്തിലായാലും ഡ്രൈവിങ്ങിനെ തന്നെ ഭയക്കുന്നവരാണ് വെഹോഫോബിയ.
തീയും ഇരുട്ടും
തീയെ ഭയമുള്ളവരാണ് പൈറോഫോബിയക്കാര്‍. ഇരുട്ടിനെ ഭയക്കുന്നവരാണ് നിക്‌റ്റോഫോബിയക്കാര്‍. വെളിച്ചത്തെ ഭയമുള്ളവരാണ് ഫോട്ടോഫോബിയക്കാര്‍.
ഉയര്‍ച്ചയും താഴ്ചയും
ഉയരമുള്ള മരത്തിലോ കെട്ടിടത്തിലോ കയറാന്‍ ഭയമുള്ളവരാണ് അക്രോഫോബിയക്കാര്‍. താഴ്ചയുള്ള പ്രദേശങ്ങളോടുള്ള ഭയമാണ് ബാതോഫോബിയ. ആഴമുള്ള കുഴികളില്‍ ഇറങ്ങാനോ നോക്കാനോ ഇത്തരക്കാര്‍ക്ക് ഭയമായിരിക്കും.
ഫോണ്‍കോള്‍ ഭയം
മൊബൈല്‍ ഫോണ്‍ ഉപയോഗം അവസാനിപ്പിക്കേണ്ടി വരുമോയെന്ന് ഭയക്കുന്നവരാണ് നോമോഫോബിയക്കാര്‍. ടെലിഫോണില്‍ സംസാരിക്കാന്‍ ഭയമുള്ളവരാണ് ടെലിഫോണോഫോബിയക്കാര്‍.
ജനക്കൂട്ടപ്പേടി
ജനക്കൂട്ടത്തോടുള്ള ഭയമാണ് ഗോല്‍സോഫോബിയ. ഒക്‌ലോഫോബിയ, ഡെമോ ഫോബിയ എന്നീ പേരുകളിലും ഈ ഭയം അറിയപ്പെടുന്നു. സദസിനേയോ ഒരു വലിയ സമൂഹത്തേയോ അഭിമുഖീകരിക്കാന്‍ ഭയക്കുന്നവരാണ് ആഗ്രോഫോബിയക്കാര്‍.
മനുഷ്യഭയം
ഇതര ജീവികള്‍ക്ക് മനുഷ്യരെ ഭയം സ്വാഭാവികമാണ്. എന്നാല്‍ മനുഷ്യര്‍ക്ക് മനുഷ്യരെത്തന്നെ ഭയമാണെങ്കിലോ. ആന്ത്രോഫോബിയ എന്നാണ് ഈ ഭയത്തിനു പേര്.
വെള്ളപ്പേടി
ജലത്തോടുള്ള പേടിയാണ് അക്വാഫോബിയ. പേവിഷബാധയേറ്റവര്‍ വെള്ളം കുടിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ കാണിക്കുന്ന അസ്വസ്ഥതയാണ് ഹൈഡ്രോഫോബിയ. ഇതു കാണുമ്പോള്‍ രോഗി വെള്ളത്തെ ഭയന്നിട്ടാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്.
വീടിന് പുറത്തിറങ്ങാന്‍ പേടി
പ്രായമായവരെ കൂടുതലായി ബാധിക്കുന്ന ഭയമാണ് അഗോറഫോബിയ. വീടോ മറ്റ് സുരക്ഷിത സ്ഥാനങ്ങളോ വിട്ട് മറ്റൊരിടത്തേക്കു പോകാനുള്ള ഭയമാണിത്.
രക്തം കണ്ടാല്‍...
രക്തം കണ്ടാല്‍ ഭയപ്പെടുന്നവരാണ് ഹീമോഫോബിയക്കാര്‍. ചിലര്‍ക്ക് രക്തം കാണുന്നതോടെ ബോധം തന്നെ പോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."