മണി മുഴക്കി ജോസ് കെ മാണി
കോട്ടയം: ഇടത് ചുവടുവയ്പ്പില്‍ വലതുകോട്ട തകര്‍ത്ത ജോസ് കെ. മാണിക്കിത് രാഷ്ട്രീയവിജയം. ശക്തി തെളിയിക്കാനുള്ള ആദ്യ പോരാട്ടത്തില്‍ തന്നെ യു.ഡി.എഫിന്റെ കോട്ടതകര്‍ത്ത ജോസ് കെ. മാണിക്കും കൂട്ടര്‍ക്കും തങ്ങളാണ് യഥാര്‍ഥ കേരള കോണ്‍ഗ്രസ്(എം) എന്ന് തെളിയിക്കാനായി. മധ്യകേരളത്തിലെ ഇടത് മുന്നേറ്റത്തിന് വഴിയൊരുക്കിയതോടെ മുന്നണി രാഷ്ട്രീയത്തില്‍ ജോസ് പക്ഷത്തിന്റെ വിലപേശല്‍ ശക്തി കൂടി.
രണ്ടിലയും പാര്‍ട്ടിയും സ്വന്തമാക്കിയ ജോസ് പക്ഷം തദ്ദേശപ്പോരില്‍ ജയിച്ചുകയറിയപ്പോള്‍ പി.ജെ ജോസഫ് നേരിടുന്നത് കനത്ത രാഷ്ട്രീയ പ്രതിസന്ധിയാണ്. കോട്ടയത്തേത് ഉള്‍പ്പെടെ തോല്‍വിയോടെ ജോസഫിന്റെ മുന്നണി രാഷ്ട്രീയത്തിലെ വിലപേശല്‍ ശക്തി ഇല്ലാതായി. മുതിര്‍ന്ന നേതാക്കളെല്ലാം ജോസഫ് വിഭാഗത്ത് ചേക്കേറിയപ്പോഴും അണികള്‍ തനിക്കൊപ്പമെന്ന് ജോസ് കെ. മാണി തെളിയിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയെച്ചൊല്ലി മുന്നണിക്ക് പുറത്തായ ജോസ് പക്ഷം നേടിയ ഉജ്ജ്വല വിജയം യു.ഡി.എഫിന് കനത്ത പ്രഹരമായി. ജോസിന്റെ ഇടതു ചുവടുമാറ്റം യു.ഡി.എഫ് കോട്ടയുടെ തകര്‍ച്ച തുറന്നുകാട്ടുന്നതാണ്.
ജോസ് കെ. മാണിയുടെ ചുവടുമാറ്റത്തോടെ നഷ്ടമായ വോട്ടുകള്‍ സമാഹരിക്കാനാവാതെ വന്നതും സര്‍ക്കാരിനെതിരേ ഉയര്‍ന്ന രൂക്ഷമായ വിമര്‍ശനങ്ങളും ആക്ഷേപങ്ങളും മുതലാക്കാന്‍ കഴിയാതെപോയതും യു.ഡി.എഫ് പരാജയത്തിന്റെ ആക്കംകൂട്ടി. സ്വന്തം തട്ടകത്തിലെ തോല്‍വി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സമ്മാനിക്കുന്നതും കനത്ത രാഷ്ട്രീയപ്രഹരമാണ്. ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ അപ്രമാധിത്വം തന്നെ ചോദ്യംചെയ്യപ്പെടുകയാണ്. ജോസ് പക്ഷത്തിന്റെ കൂടുമാറ്റത്തോടെ നിര്‍ണായകമായ രാഷ്ട്രീയ പോരാട്ടത്തില്‍ യു.ഡി.എഫിന് വിനയായത് കോണ്‍ഗ്രസിലെ ഗ്രൂപ്പുപോരും ഡി.സി.സി നേതൃത്വത്തിന്റെ പിടിപ്പുകേടുമാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയായ നിര്‍ണായക സെമിഫൈനല്‍ പോരാട്ടത്തിലെ വിജയം ജോസ് പക്ഷത്തിന് കൂടുതല്‍ കരുത്തുപകരും.
എല്‍.ഡി.എഫില്‍ ജോസ് പക്ഷത്തിന്റെ വിലപേശല്‍ ശക്തി കൂടുകയാണ്. സ്വന്തം സീറ്റുകളും ഘടകകക്ഷികളുടേതും പിടിച്ചെടുത്ത് ജോസ് പക്ഷത്തിന് നല്‍കിയ സി.പി.എമ്മിനും ഇനി തലയുയര്‍ത്തി നില്‍ക്കാം. ജോസ് പക്ഷത്തിനെതിരേ നീക്കംനടത്തിയ സി.പി.ഐ അടക്കമുള്ള ഘടകകക്ഷികള്‍ക്കുള്ള രാഷ്ട്രീയ മറുപടി കൂടിയാണ് കോട്ടയം ഉള്‍പ്പെടെ മധ്യകേരളത്തിലെ ഇടത് മുന്നേറ്റത്തിലൂടെ സി.പി.എം നല്‍കുന്നത്. ജോസിന്റെ വിജയം കോട്ടയത്ത് ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി ജോസഫ് ഉള്‍പ്പെട്ട എ ഗ്രൂപ്പിനും ഡി.സി.സി നേതൃത്വത്തിനും കനത്ത തിരിച്ചടിയാണ്.
നിര്‍ണായക പോരാട്ടത്തില്‍ ജയസാധ്യതയെക്കാള്‍ കോണ്‍ഗ്രസില്‍ പ്രാധാന്യം ഗ്രൂപ്പ് താല്‍പ്പര്യങ്ങള്‍ക്കായിരുന്നു. നേതാക്കളുടെ പിടിവാശിയില്‍ ജില്ലാ പഞ്ചായത്തില്‍ അടക്കം ജയസാധ്യതയുള്ളവര്‍ പിന്തള്ളപ്പെട്ടു. ജില്ലാ പഞ്ചായത്ത് സീറ്റില്‍ ഉള്‍പ്പെടെ മുസ്‌ലിം ലീഗ് അടക്കം ഘടകക്ഷികള്‍ തഴയപ്പെട്ടതും തിരിച്ചടിയായി. ആദ്യ പോരാട്ടത്തില്‍ തന്നെ കരുത്തറിയിച്ചതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതില്‍ ജോസ് കെ. മാണിയുടെ അപ്രമാധിത്വം വര്‍ധിക്കും. ജോസ് കെ. മാണിയുടെ കരുത്തില്‍ മധ്യകേരളത്തില്‍ 15 സീറ്റുകള്‍ ഉറപ്പാക്കി തുടര്‍ഭരണമാണ് സി.പി.എം ലക്ഷ്യംവയ്ക്കുന്നത്. അതിലേക്കുള്ള ആദ്യ ചുവടില്‍ മധ്യകേരളം ചുവപ്പിക്കാന്‍ ജോസ് പക്ഷം കരുത്തായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."