പച്ചപ്പട്ടുടുത്ത് മലപ്പുറം ജില്ല
മലപ്പുറം: തദ്ദേശ പോരാട്ടത്തില്‍ ഹരിതമയം തീര്‍ത്ത് മലപ്പുറം. ത്രിതല പഞ്ചായത്തുകളില്‍ വ്യക്തമായ ആധിപത്യമുറപ്പിച്ചാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറം പച്ചയണിഞ്ഞത്. തദ്ദേശോല്‍സവച്ഛായ പകര്‍ന്ന തെരഞ്ഞെടുപ്പില്‍ പലയിടങ്ങളിലും അട്ടിമറി വിജയം നേടിയാണ് മലപ്പുറത്ത് ഇത്തവണ യു.ഡി.എഫിന്റെ വിജയക്കൊയ്ത്ത്. വ്യക്തമായ ഭൂരിപക്ഷത്തോടെ മലപ്പുറം ജില്ലാ പഞ്ചായത്തില്‍ യു.ഡി.എഫ് ഉജ്വല വിജയത്തോടെ ഇത്തവണയും കരുത്തുകാട്ടി.
നഗസഭകളിലും ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലും വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ജില്ലയില്‍ യു.ഡി.എഫ് മേല്‍ക്കോയ്മ. മലപ്പുറം ജില്ലാ പഞ്ചായത്തില്‍ 32 ഡിവിഷനുകളില്‍ 27 ഡിവിഷനുകളിലും വിജയിച്ചാണ് ഐക്യജനാധിപത്യ മുന്നണി ആധിപത്യം നേടിയത്. ഇടതു മുന്നണി അഞ്ചു ഡിവിഷനുകളില്‍ വിജയിച്ചു. ജില്ലാ പഞ്ചായത്തില്‍ രൂപീകരണ കാലം മുതല്‍ യു.ഡി.എഫ് മാത്രമാണ് ഭരിച്ചത്. കക്ഷി നിലയില്‍ കഴിഞ്ഞ തവണത്തെ അതേ നില ഇത്തവണയും ആവര്‍ത്തിച്ചു. അതേസമയം ഇടത് സിറ്റിങ് ഡിവിഷനുകളായ അങ്ങാടിപ്പുറവും തൃക്കലങ്ങോടും യു.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫ് ഡിവിഷുകളായ വഴിക്കടവും മംഗലവും എല്‍.ഡി.എഫും നേടി.
നഗരസഭകളില്‍ 12ല്‍ ഒന്‍പതിടങ്ങളിലും യു.ഡി.എഫ് മികച്ച ഭൂരിപക്ഷം നേടി. 15 ബ്ലോക്ക് പഞ്ചായത്തുകളില്‍ 12 ബ്ലോക്കുകളുടേയും, 94 ഗ്രാമ പഞ്ചായത്തുകളില്‍ 73 ഗ്രാമപഞ്ചായത്തുകളുടേയും ആധിപത്യവും യു.ഡി.എഫ് നേടി. കഴിഞ്ഞ തവണത്തേക്കാള്‍ ഇരുപതിലേറെ ഗ്രാമപഞ്ചായത്തുകളുടെ ഭരണം ഇത്തവണ യു.ഡി.എഫ് കൂടുതല്‍ നേടി. യു.ഡി.എഫില്‍ മുന്നണി സംവിധാനമില്ലാതെ മത്സരിച്ച മക്കരപ്പറമ്പിലും പൊന്‍മുണ്ടത്തും മുസ്‌ലിം ലീഗും, ത്രികോണ മത്സരം നടന്ന കരുവാരക്കുണ്ടില്‍ എല്‍.ഡി.എഫും ജയിച്ചു.
നഗരസഭകളില്‍ ഇടത് ജനകീയ മുന്നണിയുടെ കൈവശമുള്ള തിരൂര്‍ ഇത്തവണ യു.ഡി.എഫ് തിരിച്ചുപിടിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന നിലമ്പൂര്‍ നഗരസഭ യു.ഡി.എഫില്‍ നിന്നും ഇടത് പക്ഷം പിടിച്ചടക്കി. മലപ്പുറം, മഞ്ചേരി, കൊണ്ടോട്ടി, തിരുരങ്ങാടി, കോട്ടക്കല്‍, പരപ്പനങ്ങാടി, താനൂര്‍, വളാഞ്ചേരി എന്നിവിടങ്ങളില്‍ യു.ഡി.എഫും പൊന്നാനിയിലും പെരിന്തല്‍മണ്ണയിലും എല്‍.ഡി.എഫും നിലനിര്‍ത്തി.
ബ്ലോക്ക് പഞ്ചായത്തുകളില്‍ മലപ്പുറം അരീക്കോട്, കൊണ്ടോട്ടി, നിലമ്പൂര്‍, മങ്കട, കാളികാവ്, വണ്ടൂര്‍, പെരിന്തല്‍മണ്ണ, കുറ്റിപ്പുറം, വേങ്ങര, തിരൂരങ്ങാടി, താനൂര്‍ എന്നിവ യു.ഡി.എഫും തിരൂര്‍, പെരുമ്പടപ്പ്, പൊന്നാനി എന്നിവ എല്‍.ഡി.എഫും നിലനിര്‍ത്തി. ബ്ലോക്ക് പഞ്ചായത്തുകളില്‍ മലപ്പുറത്തും വേങ്ങരയിലും മൂന്നാം തവണയാണ് പ്രതിപക്ഷമില്ലാതെ യു.ഡി.എഫ് നേട്ടം കൊയ്തത്.
ആദ്യാവസാനം
യു.ഡി.എഫ് മയം
വോട്ടണ്ണലിന്റെ ആദ്യഘട്ടം മുതല്‍ ജില്ലയില്‍ വ്യക്തമായ മേധാവിത്വമാണ് ജില്ലയില്‍ യു.ഡി.എഫിനുണ്ടായിരുന്നത്. ആദ്യഘട്ടം പിന്നിട്ടതോടെ നഗരസഭകളുടെ ചിത്രമാണ് പുറത്തുവന്നത്. തുടര്‍ന്ന് ഗ്രാമപഞ്ചായത്തുകളുടെയും ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സീറ്റുകളുടെയും റിസല്‍ട്ട് എത്തി. വാശിയേറിയ പോരാട്ടങ്ങള്‍ നടന്ന ചിലയിടങ്ങളില്‍ സ്വതന്ത്രരും ലീഡ് നിലയില്‍ നിര്‍ണായക സ്വാധീനം നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."