യു.ഡി.എഫ് ചോദിച്ചു വാങ്ങിയ തിരിച്ചടി; അമിത ആത്മവിശ്വാസവും വിനയായി
കോഴിക്കോട്: ചോദിച്ചുവാങ്ങിയ തിരിച്ചടി. യു.ഡി.എഫിനേറ്റ കനത്ത പരാജയത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. അനുകൂലമായ സാഹചര്യം ഏറെയുണ്ടായിട്ടും ഇതൊന്നും ഫലപ്രാപ്തിയിലെത്തിക്കാന്‍ യു.ഡി.എഫിനു കഴിഞ്ഞില്ല.
മുഖ്യകക്ഷിയായ കോണ്‍ഗ്രസിലെ പടലപ്പിണക്കവും സംഘടനാ ദൗര്‍ബല്യവും പരാജയത്തിന്റെ ആഘാതമേറ്റി. മുന്നണിക്ക് പുറത്തുള്ള കൂട്ടുകെട്ടുകളെ പരമ്പരാഗത വോട്ടര്‍മാര്‍ പോലും ആശങ്കയോടെ കണ്ടതും തിരിച്ചടിക്ക് കാരണമായി. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്ലാകാലത്തും എല്‍.ഡി.എഫ് ആധിപത്യം പുലര്‍ത്താറുണ്ടെങ്കിലും സംസ്ഥാനത്ത് ഇടതുമുന്നണി ഭരിക്കുമ്പോഴെല്ലാം യു.ഡി.എഫ് നില മെച്ചപ്പെടുത്താറുണ്ടായിരുന്നു. 2000ത്തിലും 2010ലും യു.ഡി.എഫിന് മികച്ച വിജയം നേടാനായിരുന്നു. എന്നാല്‍ ഇത്തവണ ഈ പതിവ് ആവര്‍ത്തിച്ചില്ല.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പുള്ള സെമി ഫൈനലായി വിശേഷിപ്പിക്കപ്പെട്ട തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് യു.ഡി.എഫ് നേതാക്കളെല്ലാം പ്രതീക്ഷ പ്രകടിപ്പിച്ചത്. എന്നാല്‍ ഈ അമിത ആത്മവിശ്വാസം പൊള്ളയായിരുന്നെന്നാണ് ഫലം തെളിയിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 19 സീറ്റുകളില്‍ വന്‍ വിജയം നേടിയതിന്റെ ഹാങ് ഓവറിലായിരുന്നു പല യു.ഡി.എഫ് നേതാക്കളും. ഒന്നര വര്‍ഷത്തിനു ശേഷം നടക്കുന്ന തദ്ദേശ തെരഞ്ഞടുപ്പിലും ഇതേ വിധി ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷ പുലര്‍ത്തിയ നേതാക്കളുണ്ട്.
ഏറെ ദുര്‍ബലമായ സംഘടനാ സംവിധാനവുമായാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. യു.ഡി.എഫ് സംവിധാനത്തിന് താഴേത്തട്ടില്‍ പലയിടത്തും കെട്ടുറുപ്പുണ്ടായിരുന്നില്ല. സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസും മുസ്‌ലിം ലീഗും തമ്മിലുള്ള തര്‍ക്കം പത്രിക സമര്‍പ്പണം പൂര്‍ത്തിയായിട്ടും പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ല. കൊവിഡ് പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നീളുമെന്നറിഞ്ഞിട്ടും ഇടതുമുന്നണി നേരത്തെ തന്നെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. എന്നാല്‍ യു.ഡി.എഫില്‍ സര്‍വത്ര ആശയക്കുഴപ്പം തുടക്കം മുതല്‍ പ്രകടമായിരുന്നു. വാര്‍ഡിലെ പൊതുവികാരം മനസ്സിലാക്കാതെ സ്ഥാനാര്‍ഥികളെ കെട്ടിയിറക്കിയതും പലേടത്തും യു.ഡി.എഫിന് ക്ഷീണമായി.
മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിനാണ് കാര്യമായ പ്രഹരമേറ്റത്. മുസ്‌ലിം ലീഗിന് തങ്ങളുടെ ശക്തികേന്ദ്രങ്ങള്‍ നിലനിര്‍ത്താനായതില്‍ ആശ്വസിക്കാം. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യത്തെച്ചൊല്ലി സര്‍വത്ര ആശയക്കുഴക്കമാണ് മുന്നണിയില്‍ നിലനിന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള വാക്‌പോര് തെരഞ്ഞെടുപ്പ് ദിവസം വരെ നീണ്ടുനിന്നു. കെ.പി.സി.സി അധ്യക്ഷന്‍ ഒരു ഭാഗത്തും കെ. മുരളീധരന്‍ എം.പി ഉള്‍പ്പെടെയുള്ള നേതാക്കള്‍ മറുഭാഗത്തും വ്യത്യസ്ത നിലപാടുമായി നിന്നുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിട്ടത് യു.ഡി.എഫിനുണ്ടാക്കിയ ക്ഷീണം ചെറുതല്ല. കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗം മുന്നണി വിട്ടതിനെ ചെറുതായി കണ്ടതും മലയോര മേഖലകളില്‍ യു.ഡി.എഫിന് ദോഷം ചെയ്തു. ആര്‍.എം.പിയുമായി ചേര്‍ന്ന് ജനകീയ മുന്നണി രൂപീകരിച്ചത് ഒഞ്ചിയം മേഖലയില്‍ ഗുണം ചെയ്‌തെങ്കിലും മറ്റിടങ്ങളില്‍ ഇതിന്റെ പ്രതിഫലനമുണ്ടായില്ല. ഭരണവിരുദ്ധ വികാരത്തെ വോട്ടാക്കി മാറ്റുന്നതില്‍ മുഖ്യ പ്രതിപക്ഷമെന്ന നിലയില്‍ യു.ഡി.എഫ് പരാജയപ്പെടുകയായിരുന്നു.
അതേസമയം, ഭരണ നേട്ടങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ എല്‍.ഡി.എഫ് വിജയിച്ചു. കൂടുതല്‍ കോര്‍പറേഷനുകളും ജില്ലാ പഞ്ചായത്തുകളും നേടുമെന്ന യു.ഡി.എഫ് പ്രതീക്ഷയ്ക്കും മങ്ങലേറ്റു. എന്നാല്‍ മുനിസിപ്പാലിറ്റികളില്‍ മുന്നേറ്റമുണ്ടാക്കാനായത് പിടിവള്ളിയായി. ഗ്രാമപഞ്ചായത്തുകളിലും കഴിഞ്ഞ തവണത്തേതില്‍ നിന്ന് മെച്ചപ്പെട്ട നിലയിലേക്ക് വന്നു. എന്നാല്‍ പൊതുവെ ഫലം വിലയിരുത്തുമ്പോള്‍ യു.ഡി.എഫിനേറ്റ തിരിച്ചടിയുടെ ആഴം വളരെ വലുതാണ്.
ജനവിധിയെ ഗൗരവമായി കണ്ട് തിരുത്തല്‍ നടപടി കൈക്കൊണ്ടില്ലെങ്കില്‍ വരാനിരിക്കുന്ന നിയസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചുകയറുകയെന്നത് യു.ഡി.എഫിന് വലിയ വെല്ലുവിളിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."