ഗാന്ധിജയന്തി വാരാചരണത്തിന് ജില്ലയില്‍ തുടക്കം
തിരുവനന്തപുരം: ഗാന്ധിജയന്തി വാരാചരണത്തിന് ജില്ലയില്‍ തുടക്കമായി. കിളിമാനൂര്‍ പഴയകുന്നുമ്മേല്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ അഡ്വ. ബി. സത്യന്‍ എം.എല്‍.എ. ജില്ലാതല വാരാചരണത്തിന് തിരിതെളിച്ചു. നൂറുകണക്കിനു വിദ്യാര്‍ഥികള്‍ പങ്കെടുത്ത ഹരിതചട്ട റാലി, ഹരിതചട്ട പ്രതിജ്ഞ, ശുചിത്വ സെമിനാര്‍ എന്നിവ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി നടന്നു.
മഹാപ്രളയത്തില്‍നിന്നു കരയേറുന്ന കേരളത്തില്‍ പ്രകൃതി പുനഃസ്ഥാപന പ്രവര്‍ത്തനങ്ങളും പ്രകൃതി സംരക്ഷണ പദ്ധതികളും കാര്യക്ഷമമായും കൂടുതല്‍ ജനപങ്കാളിത്തത്തോടെയും നടപ്പാക്കേണ്ടതുണ്ടെന്നു ഗാന്ധിജയന്തി വാരാചരണം ഉദ്ഘാടനം ചെയ്ത് എം.എല്‍.എ പറഞ്ഞു. രാവിലെ ഒമ്പതിന് കിളിമാനൂര്‍ ടൗണ്‍ യു.പി സ്‌കൂളില്‍നിന്ന് ആരംഭിച്ച ഗ്രീന്‍ പ്രോട്ടോക്കോള്‍ റാലിയോടെയാണ് പരിപാടികള്‍ക്കു തുടക്കമായത്. സ്‌കൂള്‍ വിദ്യാര്‍ഥികളും ഹരിത കര്‍മസേനാംഗങ്ങളും റാലിയില്‍ അണിനിരന്നു. ഗാന്ധി വേഷത്തിലെത്തിയ കുട്ടികള്‍ റാലിയുടെ മുഖ്യ ആകര്‍ഷണമായി.
പഴയകുന്നുമ്മേല്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. സിന്ധു അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ ഗാന്ധിജയന്തി ദിന സന്ദേശം പ്രദര്‍ശിപ്പിച്ചു. ഹരിത കര്‍മ സേനാംഗങ്ങള്‍ക്കുള്ള യൂണിഫോം വിതരണവും ചടങ്ങിന്റെ ഭാഗമായി നടന്നു. ഉദ്ഘാടന ചടങ്ങിലും ഹരിതചട്ട പ്രതിജ്ഞയിലും വിദ്യാര്‍ഥികള്‍, കുടുംബശ്രീ അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളുകള്‍, നാട്ടുകാര്‍ തുടങ്ങിയ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീജ ഷൈജുദേവ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേന്ദ്രന്‍, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ധരളിക, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ പി. ലാലി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ജി. ബിന്‍സിലാല്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഡി. ഹുമയൂണ്‍, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ ഷീബ പ്യാരേലാല്‍, പഞ്ചായത്ത് സെക്രട്ടറി ലതിക, എ.ഡി.പി ഷാജി ബോണ്‍സലെ, ശുചിത്വ മിഷന്‍ കോഓര്‍ഡിനേറ്റര്‍ സത്യശീലന്‍ എന്നിവരും പ്രസംഗിച്ചു.
നാളെ സൗജന്യ മെഡിക്കല്‍ ക്യാംപ്
ഗാന്ധി ജയന്തി വാരാചരണത്തിന്റെ ഭാഗമായി നാളെ വിതുര പഞ്ചായത്തിലെ മണലി പട്ടിക വര്‍ഗ കോളനി നിവാസികളെ പങ്കെടുപ്പിച്ച് സൗജന്യ മെഡിക്കല്‍ ക്യാംപ്. രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ മണലി സാംസ്‌കാരിക കേന്ദ്രത്തിലാണു ക്യാംപ് സംഘടിപ്പിച്ചിരിക്കുന്നത്.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ്, പട്ടിവര്‍ഗ വികസന വകുപ്പ്, ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണു പരിപാടി. ഒക്ടോബര്‍ ആറിന് കിള്ളിയാര്‍ ശുചീകരണത്തോടെ ജില്ലയിലെ ഗാന്ധിജയന്തി വാരാചരണ പരിപാടികള്‍ക്കു സമാപനമാകും. എന്‍.എസ്.എസ്, എസ്.പി.സി, എന്‍.സി.സി കേഡറ്റുകളടക്കം ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ചാണ് കിള്ളിയാര്‍ ശുചീകരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ഔഷധസസ്യ തോട്ടവുമായി പെരുങ്കടവിള ബ്ലോക്ക്
മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനത്തില്‍ 150 ഔഷധസസ്യങ്ങള്‍ നട്ട് പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് മാതൃകയാവുന്നു. ബ്ലോക്ക് പരിസരത്തെ ഒരേക്കര്‍ സ്ഥലത്താണ് ഔഷധസസ്യ തോട്ടം നിര്‍മിക്കുന്നത്. തോട്ടത്തിന്റെ ഉദ്ഘാടനം സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ ഔഷധി പദ്ധതിയിലൂടെയാണ് 150 ഇനം ഔഷധസസ്യങ്ങള്‍ ലഭിച്ചത്. നീര്‍മാതളം, തഴുതാമ, കറ്റാര്‍വാഴ, തിപലി, ഗ്രാമ്പു തുടങ്ങിയവയാണ് പ്രധാന ഇനങ്ങള്‍. ജനങ്ങള്‍ക്ക് ആയുര്‍വേദം, യോഗ എന്നിവയുടെ ഗുണ ലഭിക്കുന്നതിനായി ബ്ലോക്കില്‍ ആരംഭിച്ച ആയുഷ് ഗ്രാമം പദ്ധതിയും ഇതില്‍ പങ്കാളിയാകും. തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ക്കാണ് തോട്ടം നടത്തിപ്പ് ചുമതല. ചടങ്ങില്‍ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന്റെ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപനവും എം.എല്‍.എ നിര്‍വഹിച്ചു. 2019-20 സാമ്പത്തിക വര്‍ഷത്തെ ആസൂത്രണ സമിതി യോഗവും വര്‍ക്കിങ് ഗ്രൂപ്പുകളുടെ പ്രഖ്യാപനവും യോഗത്തില്‍ നടന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുജാതകുമാരി അധ്യക്ഷനായി. ചടങ്ങില്‍ വൈസ് പ്രസിഡന്റ് കെ.കെ സജയകുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബാറാണി, ആരോഗ്യ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുരജാദേവി, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ നടരാജ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാര്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
കൊഞ്ചിറ തോട് ശുചീകരണ യജ്ഞം
കൊഞ്ചിറ തോടിന്റെയും കൈവഴികളുടെയും വീണ്ടെടുക്കലും സംരക്ഷണവും മുന്‍നിര്‍ത്തി ഗാന്ധിജയന്തി ദിനത്തില്‍ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. വെമ്പായം പഞ്ചായത്തിന്റെ പുനര്‍ജനി പദ്ധതിയുടെ ഭാഗമായാണു ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് എന്‍. സീനത്ത് ബീവി പരിപാടി ഉദ്ഘാടനം ചെയ്തു.
രാവിലെ എട്ടു മുതല്‍ ഉച്ചക്ക് ഒരുമണിവരെ നീണ്ട ശുചീകരണ യജ്ഞത്തില്‍ വന്‍ ജനപങ്കാളിത്തമുണ്ടായി. മൂന്നു സംഘങ്ങളായി തിരിഞ്ഞു പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, റെസിഡന്‍സ് അസോസിയേഷനുകള്‍, യുവജന സംഘടനകള്‍, യൂത്ത് ക്ലബ്ബുകള്‍, എന്‍.എസ്.എസ്, എന്‍.സി.സി, എസ്.പി.സി തുടങ്ങി നൂറുകണക്കിന് ആളുകള്‍ പ്രവര്‍ത്തനത്തില്‍ അണിചേര്‍ന്നു.
അയണിമൂടില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ തേക്കട അനില്‍കുമാര്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എ. ഷീലജ, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്. രാജേഷ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമകുമാരി, ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം വൈ.എ റഷീദ് പങ്കെടുത്തു.
'ജൈവഗ്രാമം സന്തുഷ്ട ഗ്രാമം'
ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ ജൈവഗ്രാമം സന്തുഷ്ട ഗ്രാമം പദ്ധതിയുടെ സമഗ്ര വികസന മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിനുള്ള ഫീല്‍ഡ്തല വിവരണ ശേഖരണം ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഉദ്ഘാടനം ചെയ്തു. ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി. നവകേരള നിര്‍മ്മിതിയില്‍ ജൈവഗ്രാമങ്ങളുടെ പ്രസക്തി എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചിരുന്നു.
ചിറയിന്‍കീഴ് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമവികസന വകുപ്പ് ജോയിന്റ് ഡെവലപ്‌മെന്റ് കമ്മിഷണര്‍ എല്‍.പി ചിത്തര്‍ ഗാന്ധിജി വിഭാവനം ചെയ്ത ജൈവ ഗ്രാമങ്ങളുടെ സൃഷ്ടി കാലഘട്ടത്തിന്റെ അനിവാര്യത എന്ന വിഷയാവതരണം നടത്തി. കെ.എസ്.ആര്‍.ഇ.സി ശാത്ര്ജ്ഞനും പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററുമായ ഡോ. വി. സുഭാഷ് ചന്ദ്രബോസ് നവകേരള നിര്‍മ്മിതിയില്‍ ജൈവഗ്രാമങ്ങളുടെ പ്രസക്തി എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ. ഷൈലജ ബീഗം, ചിറയിന്‍കീഴ് ബ്ലോക്ക് പ്രസിഡന്റ് ആര്‍. സുഭാഷ്, ബി.ഡി.ഒ വിഷ്ണു മോഹന്‍ ദേവ് മറ്റ് പഞ്ചായത്ത് ജനപ്രതിനിധികള്‍ പങ്കെടുത്തു.
ഗാന്ധിഭവനില്‍ ഗാന്ധി ജന്മവാര്‍ഷിക പരിപാടി
കേരളാ ഗാന്ധി സ്മാരക നിധിയുടെയും വിവിധ ഗാന്ധിയന്‍ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ രണ്ടു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഗാന്ധി ജന്മവാര്‍ഷിക പരിപാടികള്‍ക്ക് തിരുവനന്തപുരം തൈക്കാട് ഗാന്ധി ഭവനില്‍ തുടക്കം. ഗാന്ധിജിയുടെ നൂറ്റമ്പതാം ജന്മ വാര്‍ഷികം പ്രമാണിച്ച് ഗാന്ധി ഭവന്‍ ഓഡിറ്റോറിയത്തില്‍ നൂറ്റമ്പതു നിലവിളക്കുകള്‍ വിവിധ രംഗങ്ങളിലെ പ്രമുഖരും സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളും ചേര്‍ന്ന് തെളിയിച്ചു. പ്രമുഖ ഗാന്ധിയന്‍ പദ്മശ്രീ പി. ഗോപിനാഥന്‍ നായരും സ്വാതന്ത്ര്യ സമര സേനാനി അഡ്വ. കെ. അയ്യപ്പന്‍പിള്ളയും ചേര്‍ന്നാണ് നിലവിളക്കു കൊളുത്തല്‍ പരിപാടി ഉദ്ഘാടനം ചെയ്തത്. കേരളാ ഗാന്ധി സ്മാരക നിധി ചെയര്‍മാന്‍ ഡോ. എന്‍. രാധാകൃഷ്ണന്‍ അധ്യക്ഷനായി. കെ. രാമന്‍പിള്ള, തിരുവനന്തപുരം അതിരൂപതാ വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര, പാളയം ഇമാം വി.പി ഷുഹൈബ് മൗലവി, സ്വാമി അശ്വതി തിരുനാള്‍, മുന്‍ സ്പീക്കറും കെ.ടി.ഡി.സി ചെയര്‍മാനുമായ എം. വിജയകുമാര്‍, മുന്‍ മന്ത്രി വി.എസ് ശിവകുമാര്‍, മുന്‍ എം.പി പന്ന്യന്‍ രവീന്ദ്രന്‍, കേരളാഗാന്ധി സ്മാരക നിധി സെക്രട്ടറി പ്രൊഫ. എന്‍. ഗോപാലകൃഷ്ണന്‍ നായര്‍, മുന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ഡി മായ, ഗാന്ധിദര്‍ശന്‍ ഡയറക്ടര്‍ ഡോ. ജേക്കബ് പുളിക്കന്‍, മുന്‍ പി.എസ്.സി അംഗം വി.എസ് ഹരീന്ദ്രനാഥ്, സിംഫണി കൃഷ്ണകുമാര്‍, നിംസ് ഫൗണ്ടേഷന്‍ എം.ഡി.എം എസ്. ഫൈസല്‍ ഖാന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ മൃദുല, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍, കെ. ലളിതാ കുമാരി, ശാന്തി സമിതി സെക്രട്ടറി ജെ.എം റഹിം, ചരിത്ര പണ്ഡിതന്‍ പ്രൊഫ. ടി.പി ശങ്കരന്‍ കുട്ടി നായര്‍, ഖാദി കമ്മിഷന്‍ സ്റ്റേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ഭീമ റാവു, പ്രൊഫ. എം.കെ ഗംഗാധരന്‍, മുന്‍ കൗണ്‍സിലര്‍ മാധവദാസ്, ഡോ. ശാന്താസദാശിവന്‍, മദ്യ വിരുദ്ധ മുന്നണി കണ്‍വീനര്‍ എഫ്.എം ലാസര്‍, റൈറ്റേഴ്‌സ് ഫോറം സെക്രട്ടറി ഡോ. രാജേന്ദ്രന്‍ പിള്ള, ഫ്രാറ്റ് സെക്രട്ടറി കെ. സുഗുണന്‍, ജോര്‍ജ് വര്‍ഗീസ്, ജനതാ ഫോറം സെക്രട്ടറി രാജശേഖരന്‍ നായര്‍, ജനാര്‍ദനന്‍ പിള്ള ഫൗണ്ടേഷന്‍ സെക്രട്ടറി അജിത് വെണ്ണിയൂര്‍, ജി.സി.ആര്‍.ഡി ചെയര്‍മാന്‍ ഡോ. മാത്യു ഫിലിപ്പ്, വൈ.എം.സി.എ പി.ആര്‍.ഒ റെജി കുന്നുംപുറം, മഞ്ചവിളാകം ജയന്‍, സബര്‍മതി വി.കെ മോഹന്‍, പ്രോഗ്രാം കണ്‍വീനര്‍ ശിവശങ്കരന്‍ നായര്‍, മദ്യനിരോധന സമിതി നേതാവ് ആര്‍.നാരായണന്‍ തമ്പി, സത്യാഗ്രഹ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മലയന്‍കീഴ് വേണുഗോപാല്‍ സംസാരിച്ചു.
ശ്രീകുമാരന്‍ തമ്പിയുടെ നേതൃത്വത്തില്‍ സ്വരാഞ്ജലി ഗായകസംഘം അവതരിപ്പിച്ച ഗാന്ധി ഗാനാഞ്ജലി, ഗാന്ധി പുസ്തക പ്രദര്‍ശനം എന്നിവയും സംഘടിപ്പിച്ചിരുന്നു. ഗാന്ധിജിയുടെ നൂറ്റമ്പതാം ജന്മവാര്‍ഷികം പ്രമാണിച്ചു ജില്ലയിലെ പന്ത്രണ്ടു ഉപജില്ലകളില്‍ ഉപജില്ലാതല ഉദ്ഘാടന പരിപാടികളും ജില്ലയിലെ എഴുനൂറ്റമ്പതില്‍പരം സ്‌കൂളുകളില്‍ നൂറ്റമ്പതു നിലവിളക്കുകള്‍ വീതം കൊളുത്തിയും ശുചീകരണ പരിപാടികള്‍ നടത്തിയും സ്‌കൂള്‍തല ഉദ്ഘാടന പരിപാടികളും സംഘടിപ്പിച്ചു. രണ്ടു വര്‍ഷത്തെ ഗാന്ധി നൂറ്റമ്പതാം ജന്മ വാര്‍ഷിക പരിപാടിയുടെ ഭാഗമായി വിപുലമായ കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും വരുംമാസങ്ങളില്‍ വിദ്യാലയങ്ങളും കലാലയങ്ങളും കേന്ദ്രീകരിച്ചും സംസ്ഥാനത്തെ ഗാന്ധിസ്മാരക നിധിയുടെ വിവിധ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചും പ്രസ്തുത കര്‍മ്മ പരിപാടികള്‍ നടപ്പാക്കുമെന്നും കേരളാഗാന്ധി സ്മാരക നിധി ചെയര്‍മാന്‍ ഡോ. എന്‍. രാധാകൃഷ്ണന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."