കുട്ടികള്‍ കൈകോര്‍ത്തു; മെഡിക്കല്‍ കോളജ് ക്ലീനായി
തിരുവനന്തപുരം: ശുചീകരണ പ്രവര്‍ത്തനത്തിന് ആശുപത്രി ജീവനക്കാരോടൊപ്പം സ്‌കൂള്‍ വിദ്യാര്‍ഥികളും കൈകോര്‍ത്തു. മണിക്കൂറുകള്‍ക്കുള്ളില്‍ മെഡിക്കല്‍ കോളജ് പരിസരം വൃത്തിയായി. ഗാന്ധിജയന്തി ദിനത്തില്‍ പള്ളിപ്പുറം മോഡല്‍ പബ്ലിക് സ്‌കൂളിലെ അറുപതോളം വിദ്യാര്‍ഥികളും മെഡിക്കല്‍ കോളജ്, എസ്.എ.ടി എന്നിവിടങ്ങളിലെ ഹൗസ് കീപ്പിങ് വിഭാഗവും എന്‍.എസ്.എസ് യൂനിറ്റും ചേര്‍ന്നാണ് ആശുപത്രി പരിസരം വൃത്തിയാക്കിയത്. മോഡല്‍ പബ്ലിക് സ്‌കൂളിലെ അറുപതോളം കുട്ടികള്‍ക്കൊപ്പം അധ്യാപകരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.
എസ്.എ.ടിക്കു മുന്നിലെ അമ്മയും കുഞ്ഞും പ്രതിമയ്ക്ക് സമീപവും ആശുപത്രി വളപ്പും വിദ്യാര്‍ഥികളും അധ്യാപകരും മെഡിക്കല്‍കോളജിലെ ജീവനക്കാര്‍ ചേര്‍ന്ന് പൂര്‍ണമായും വൃത്തിയാക്കി. പ്ലാസ്റ്റിക് കവറുകള്‍ , ഒടിഞ്ഞ മരക്കൊമ്പുകള്‍ എന്നിവയും ചപ്പുചവറുകളും രണ്ടര മണിക്കൂറോളം നീണ്ട പ്രയത്‌നത്തിനൊടുവില്‍ പൂര്‍ണമായും നീക്കംചെയ്തു. മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍ സബൂറ ബീഗം എല്ലാ സ്ഥലത്തും നേരിട്ടെത്തി വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും വേണ്ട നിര്‍ദേശവും പ്രോത്സാഹനവും നല്‍കി. രാവിലെ പത്തരയോടെ എസ്.എ.ടി സൂപ്രണ്ട് ഡോ. എ. സന്തോഷ്‌കുമാര്‍ ശുചീകരണ ജോലികള്‍ ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അജിത് പ്രസാദ്, പ്രീത, ബിജു എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. എം.എസ് ഷര്‍മ്മദ് ജീവനക്കാര്‍ക്ക് ഗാന്ധിദിന സന്ദേശം നല്‍കി. ആശുപത്രി ശുചീകരണത്തില്‍ ഹൗസ് കീപ്പിങ്, നേഴ്‌സിങ് ഓഫിസ് എന്നീ വകുപ്പില്‍ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ ആശുപത്രി പരിസരത്ത് പ്രത്യേക ശുചീകരണം നടത്തി. ആശുപത്രി സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ബ്ലഡ് ബാങ്ക് പരിസരത്ത് നടന്ന ഗാന്ധിജയന്തി ദിനാചരണം കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ആശുപത്രി സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് പുലയനാര്‍കോട്ട അനില്‍കുമാര്‍ അധ്യക്ഷനായി. ബ്ലഡ് ബാങ്ക് മേധാവി ഡോ. മീന രക്തദാന സന്ദേശം നല്‍കി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ 'രക്തം ദാനം' ചെയ്യുകയും ഹൗസ് കീപ്പിങ് വിഭാഗത്തിന്റെ സഹകരണത്തോടെ ശുചീകരണം നടത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."