യു.ഡി.എഫ് സെക്രട്ടേറിയറ്റ് ഉപരോധം 25ന്
തിരുവനന്തപുരം: പി.എസ്.സിയുടെയും സര്‍വകലാശാലയുടെയും വിശ്വാസ്യത ചോദ്യംചെയ്യുന്ന സംഭവങ്ങളുണ്ടായിട്ടും കുറ്റക്കാരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് 25ന് സെക്രട്ടേറിയറ്റ് ഉപരോധിക്കാന്‍ യു.ഡി.എഫ് തീരുമാനം.
ഇന്നലെ ചേര്‍ന്ന യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. 26ന് രക്തസാക്ഷി മണ്ഡപത്തില്‍ വിദ്യാഭ്യാസരംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് ജനകീയ ജാഗ്രതാ സദസ് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പി.എസ്.സി റാങ്ക് പട്ടികയിലെ ക്രമക്കേട്, യൂനിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷം, സര്‍വകലാശാല ഉത്തരക്കടലാസുകള്‍ യൂനിയന്‍ ഓഫിസില്‍നിന്നും പ്രതിയുടെ വീട്ടില്‍നിന്നും കണ്ടെടുത്ത സംഭവം, വൈദ്യുതി ചാര്‍ജ് വര്‍ധന തുടങ്ങി കേരളത്തിലെ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 30ന് യു.ഡി.എഫ് യോഗം ചേര്‍ന്ന് കൂടുതല്‍ സമരപരിപാടികള്‍ തീരുമാനിക്കും.
കേരള സര്‍വകലാശാല വൈസ് ചാന്‍സിലറെയും പി.എസ്.സി ചെയര്‍മാനെയും പുറത്താക്കേണ്ട സമയം അതിക്രമിച്ചു. ഇക്കാര്യങ്ങളില്‍ ഗവര്‍ണര്‍ അടിയന്തരമായി ഇടപെടണം.
ഈ ആവശ്യമുന്നയിച്ച് ഇന്ന് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് നേതാക്കള്‍ ഗവര്‍ണറെ കാണും. സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണമല്ല, സി.ബി.ഐ അന്വേഷണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍, പി.ജെ ജോസഫ്, അനൂപ് ജേക്കബ്, എ.എ അസീസ്, ഷിബു ബേബി ജോണ്‍, സി.പി ജോണ്‍, റാം മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."