കൊയിലാണ്ടിയില്‍ കമ്പോസ്റ്റ് യൂനിറ്റ് പ്രവര്‍ത്തനം തുടങ്ങി
കൊയിലാണ്ടി: നഗരസഭയുടെ ശുചിത്വ പദ്ധതിയായ 'ക്ലീന്‍ ആന്‍ഡ് ഗ്രീന്‍' സമ്പൂര്‍ണ മാലിന്യസംസ്‌കരണ ഹരിതവല്‍ക്കരണ പദ്ധതിയുടെ തുമ്പൂര്‍മുഴി കമ്പോസ്റ്റ് യൂനിറ്റ് കൊയിലാണ്ടി പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ജില്ലാ കലക്ടര്‍ യു.വി ജോസ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ ചടങ്ങില്‍ അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍ പി.സി കവിത മുഖ്യാതിഥിയായി.
നഗരത്തിലെ പുതിയ ബസ് സ്റ്റാന്‍ഡ് ടൗണ്‍ ഹാള്‍, കംഫര്‍ട്ട് സ്റ്റേഷന്‍ പരിസരം എന്നിവിടങ്ങളിലാണ് തുമ്പൂര്‍മുഴി മോഡല്‍ കമ്പോസ്റ്റ് യൂനിറ്റുകള്‍ സ്ഥാപിച്ചത്. പ്ലാസ്റ്റിക്കുകള്‍ എത്തിച്ചു തരംതിരിച്ചു സംസ്‌കരിക്കുന്നതിനായി കൊയിലാണ്ടി മാര്‍ക്കറ്റ് കെട്ടിടത്തില്‍ പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്.
ജൈവമാലിന്യം സംസ്‌കരിക്കുന്നതിനായി പരിശീലനം നേടിയ 15 ഹരിത വളന്റിയര്‍മാര്‍ നഗരത്തിലെ വിവിധ കച്ചവടസ്ഥാപനങ്ങളില്‍നിന്നു മാലിന്യം ശേഖരിച്ചു ദിവസേന നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച സംസ്‌കരണ കേന്ദ്രങ്ങളിലെത്തിക്കും. 44 വാര്‍ഡുകളില്‍നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനായി 100 ഹരിതകര്‍മസേനാംഗങ്ങള്‍ പ്രവര്‍ത്തിക്കും. ഓരോ വാര്‍ഡിലും രണ്ടുവീതം വളന്റിയര്‍മാരാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്.
ചടങ്ങില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ മജീദ് എം. പദ്ധതി വിശദീകരണം നടത്തി. തുമ്പൂര്‍മുഴി കൊയിലാണ്ടി മോഡല്‍ രൂപകല്‍പന ചെയ്ത ജയപ്രകാശിനു നഗരസഭാ വൈസ് ചെയര്‍പേഴ്‌സന്‍ വി.കെ പത്മിനി ഉപഹാരം സമര്‍പ്പിച്ചു.
നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ എന്‍.കെ ഭാസ്‌കരന്‍, കെ. ഷിജു മാസ്റ്റര്‍, അജിത വി.കെ, ദിവ്യ സെല്‍വരാജ്, കൗണ്‍സിലര്‍മാരായ എം. സുരേന്ദ്രന്‍, യു. രാജീവന്‍ മാസ്റ്റര്‍, വി.പി ഇബ്രാഹിം കുട്ടി, സി.ഡി.എസ് ചെയര്‍പേഴ്‌സന്മാരായ റീജ യു.കെ, ഇന്ദുലേഖ എം.പി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംസാരിച്ചു.
നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. സുന്ദരന്‍ മാസ്റ്റര്‍ സ്വാഗതവും നഗരസഭാ സെക്രട്ടറി ഷെറില്‍ ഐറിന്‍ സോളമന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."