സമസ്ത റെയ്ഞ്ച് സാരഥി സംഗമം 24 ന്; ചേളാരിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു
തേഞ്ഞിപ്പലം: കേരളത്തിനകത്തും പുറത്തുമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 470 റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കമ്മിറ്റികളുടെ പുതിയ സാരഥികള്‍ ഈ മാസം 24ന് ആസ്ഥാനമായ ചേളാരിയില്‍ സംഗമിക്കും. ഓരോ റെയ്ഞ്ചിലെയും തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് , സെക്രട്ടറി, ട്രഷറര്‍ കൂടാതെ പരീക്ഷാബോര്‍ഡ്, മദ്‌റസാ മാനേജ്‌മെന്റ് കമ്മിറ്റി എന്നിവയുടെ സെക്രട്ടറി, പ്രസിഡന്റ് തുടങ്ങി മൂവായിരത്തോളം പ്രതിനിധികളെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് ചേളാരിയില്‍ നടന്നുകൊണ്ടിരിക്കുന്നത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന 9,955 മദ്‌റസകളിലെ 12 ലക്ഷത്തോളം വരുന്ന വിദ്യാര്‍ഥികള്‍ക്ക് അറിവ് പകര്‍ന്നു കൊടുക്കുന്ന അധ്യാപകരുടെ പ്രതിനിധികളായ റെയ്ഞ്ച് സാരഥികള്‍ അടക്കമുള്ളവരാണ് ചേളാരിയിലെ തങ്ങളുടെ ആസ്ഥാനത്ത് ഒത്തുചേരുന്നത്.
രാവിലെ ഒന്‍പതിനു സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റ് സി.കെ.എം. സ്വാദിഖ് മുസ്‌ലിയാരുടെ പ്രാര്‍ഥനയോടെ സംഗമത്തിന് തുടക്കം കുറിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം എം.എം മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ പതാക ഉയര്‍ത്തും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാവും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. എസ്.കെ.എസ്.ബി.വി സുവര്‍ണ ജൂബിലി സുവനീര്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി മെട്രോ മുഹമ്മദ് ഹാജിക്ക് നല്‍കി പ്രകാശനം ചെയ്യും. മാതൃകാ മുഅല്ലിം അവാര്‍ഡ് എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ നല്‍കും. പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എസ്.വി മുഹമ്മദലി മാസ്റ്റര്‍ കണ്ണൂര്‍, ഡോ. ബഷീര്‍, സി.കെ.എം ശരീഫ്, എം.എ ചേളാരി, കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, കെ.ടി ഹുസൈന്‍ കുട്ടി മൗലവി സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."