ലൈഫ് മിഷന്‍ സൃഷ്ടിക്കുന്ന ചേരിജീവിതം
ലൈഫ് മിഷന്റെ ഭാഗമായി കിട്ടിയ വീടുകളിലേയ്ക്ക് താമസം മാറ്റിയ കുടുംബങ്ങളുടെ ജീവിതത്തെക്കുറിച്ച് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട വിഡിയോകള്‍ കാണാനിടയായി. അവരുടെ ദൈന്യമാണ് വിഡിയോകള്‍ പങ്കുവച്ചത്. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ളതല്ല. ഇരകളെ നേരിട്ടുകണ്ട് ചിത്രീകരിച്ചവ. മുഖ്യധാരാമാധ്യമങ്ങള്‍ മറച്ചുവച്ച സത്യങ്ങളാണ് സമാന്തര യൂട്യൂബ് ചാനലുകള്‍ പുറത്തുവിടുന്നത്. ലൈഫ് മിഷന്‍ പിണറായി സര്‍ക്കാറിന്റെ സ്വപ്ന പദ്ധതിയായാണ് ആവിഷ്‌കരിക്കപ്പെട്ടത്. ലൈഫ് എന്നാല്‍ ലിവ്‌ലിഹുഡ് ഇന്‍ക്ലൂഷന്‍ ആന്റ് ഫിനാന്‍ഷ്യല്‍ എംപവര്‍മെന്റ് എന്നാണ് അര്‍ഥമാക്കുന്നത്. അഞ്ച് വര്‍ഷം കൊണ്ട് നാലര ലക്ഷത്തോളം ഭവനരഹിതര്‍ക്ക് വീട് നല്‍കാനുള്ള പദ്ധതി. വീട് മാത്രമല്ല, തൊഴില്‍, ആരോഗ്യം എന്നിവയെല്ലാം പരിഗണിച്ചുള്ള സമ്പൂര്‍ണ പുനരധിവാസമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
മുഖ്യമന്ത്രിയാണ് ലൈഫ് മിഷന്റെ അധ്യക്ഷനെങ്കിലും ഇതൊരു സ്വതന്ത്ര ഏജന്‍സിയാണ്. സര്‍ക്കാരിന് ഇത്രയും വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ കഴിയാത്തതുകൊണ്ട് സുമനസ്സുകളുടെ സഹായം തേടേണ്ടിവരും. സര്‍ക്കാരിന് നേരിട്ട് വിദേശ സഹായം സ്വീകരിക്കാന്‍ നിയമതടസമുള്ളതിനാലാണ് വിദേശ പണം സ്വീകരിച്ചുള്ള ഒരു മിഷന്‍ ഈ വിധം രൂപകല്‍പ്പന ചെയ്തത്. റെഡ്ക്രസന്റ് കടന്നുവരുന്നതും ഇടനില കമ്മിഷനും അഴിമതിയും ഒക്കെയായി ഈ പദ്ധതി വിവാദത്തിലേയ്ക്ക് വീണതും ഈ പശ്ചാത്തലത്തിലാണ്. സര്‍ക്കാരിന്റെ സ്വപ്ന പദ്ധതി ഒരു സ്വപ്നയില്‍ വീണ് ഉടഞ്ഞുപോവുകയും ചെയ്തു. സര്‍ക്കാരിന് നേരിട്ട് പങ്കാളിത്തമില്ലാത്ത മിഷനാവുമ്പോള്‍ മറ്റൊരു ഗുണമുണ്ട്. ഗുണഫലങ്ങള്‍ ഉണ്ടായാല്‍ സര്‍ക്കാരിന് വീമ്പുപറയാം. വീഴ്ചകള്‍ സംഭവിച്ചാലൊ കൈകഴുകുകയും ചെയ്യാം. ആ വിഷയങ്ങള്‍ തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. ഇതിനകം ലൈഫ് മിഷന്‍ ഫ്‌ളാറ്റുകളിലേയ്ക്ക് താമസം മാറ്റിയ കുടുംബങ്ങളുടെ ദയനീയസ്ഥിതിയാണ് ചര്‍ച്ചാവിഷയമാവുന്നത്. അഞ്ഞൂറില്‍ താഴെ ചതുരശ്ര അടിയേ ഈ വീടുകള്‍ക്കുള്ളൂ. പാര്‍ക്കുന്നതോ ഒമ്പതും പത്തും അംഗങ്ങളുള്ള കുടുംബങ്ങള്‍. അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയുമായിട്ടില്ല. ശുദ്ധജല ലഭ്യത ഉറപ്പുവരുത്താനായിട്ടില്ല. ഒരു വാടകപ്പുരയിലെന്നപോലെ പാര്‍ക്കുന്നു എന്നതല്ലാതെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ചും വ്യക്തത കൈവന്നിട്ടില്ല. നഗരപ്രാന്തങ്ങളില്‍ നിന്ന് വളരെ ദൂരെയാണ് ഇത്തരം ഭവനസമുച്ചയങ്ങള്‍. ആവശ്യത്തിന് പുറത്തുപോകണമെങ്കില്‍ സ്വന്തമായി വാഹനം വേണം. തൊഴിലെടുത്ത് ജീവിക്കാനുള്ള സാഹചര്യവും ഉറപ്പുവരുത്തപ്പെട്ടിട്ടില്ല.
മനുഷ്യര്‍ ഭവനരഹിതരും ഭൂരഹിതരും ആവുന്നതിനു പല കാരണങ്ങളുമുണ്ട്. സമീപകാലത്തായി റോഡ് വികസനത്തിന്റെ പേരില്‍ ധാരാളം കുടുംബങ്ങള്‍ വഴിയാധാരമായിട്ടുണ്ട്. രണ്ടോ മൂന്നോ സെന്റുകളില്‍ കൂരവെച്ചു താമസിക്കുന്നവരെ സംബന്ധിച്ച് കുടിയിറക്ക് വലിയ ഭീഷണിയാണ്. സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരത്തുക കൊണ്ട് മറ്റൊരിടത്തും അവര്‍ക്ക് സ്ഥലമോ ഭൂമിയോ സ്വന്തമാക്കാന്‍ കഴിയില്ല. എന്നന്നേക്കുമായി അവര്‍ തെരുവുകളിലേയ്ക്ക് വലിച്ചെറിയപ്പെടും. പാലക്കാട് ജില്ലയില്‍ ഗെയ്ല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഇരകളുടെ സംഗമത്തില്‍ പങ്കെടുത്തതോര്‍ക്കുന്നു. നാലുസെന്റ് സ്ഥലത്ത് കൂരകെട്ടിയ ഒരു മനുഷ്യന്‍ തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചു. പൈപ്പ്‌ലൈന്‍ കടന്നുപോകുന്നത് തന്റെ വീടിന്റെ അടുക്കളയിലൂടെയായിരിക്കുമെന്നാണ് അയാള്‍ പറഞ്ഞത്. അങ്ങനെ വന്നാല്‍ ആത്മഹത്യയല്ലാതെ വേറെ വഴിയില്ലെന്നും. വികസന പദ്ധതികളുടെ പേരില്‍ ഈ വിധം കുടിയറക്കപ്പെടുകയും അനാഥരാക്കപ്പെടുകയും ചെയ്യുന്ന ധാരാളം മനുഷ്യരുണ്ട്.
പ്രളയവും മറ്റ് പ്രകൃതിക്ഷോഭങ്ങളും ആളുകളെ ഭവനരഹിതരാക്കിയിട്ടുണ്ട്. കേരളത്തില്‍ രണ്ട് പ്രളയങ്ങള്‍ തീര്‍ത്ത ആഘാതം വലുതാണ്. ദുരിതാശ്വാസക്യാംപുകളില്‍ നിന്ന് എങ്ങോട്ടു പോകണമെന്നറിയാതെ ജീവിതം വഴിമുട്ടിയ എത്രയോ കുടുംബങ്ങളുണ്ട്. ഓരോ വര്‍ഷവും കടല്‍ക്ഷോഭത്താല്‍ വീട് നഷ്ടപ്പെട്ടവരുടെ ഒരു കണക്കെടുപ്പും കൃത്യമായി നടന്നിട്ടില്ല.
ഭൂരഹിതരായ ആദിവാസികളുടെ പ്രശ്‌നങ്ങള്‍ക്കും ഇതുവരെയായി പരിഹാരമായില്ല. ഭൂരഹിതരായ എത്രയോ ആദിവാസികളുടെ സമരഭൂമികളുണ്ട് വയനാട്ടില്‍. ബത്തേരി-പുല്‍പ്പള്ളി റൂട്ടില്‍ ഇരുളം എന്ന സ്ഥലത്ത വനത്തിനകത്താണ് ആദിവാസികള്‍ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് നിര്‍മിച്ച കൂരകളില്‍ പാര്‍ക്കുന്നത്. ഇതുവരേയും അവര്‍ക്ക് ഭൂമി നല്‍കാന്‍ സര്‍ക്കാരിനായിട്ടില്ല. ആദിവാസികളുടെ ഭൂപ്രശ്‌നം വര്‍ഷങ്ങളായി കേരളം നേരിടുന്ന വെല്ലുവിളിയാണ്. മുത്തങ്ങ സമരവും വെടിവയ്പ്പും നമ്മുടെ ഓര്‍മയില്‍ നിന്ന് മാഞ്ഞിട്ടില്ല. പൊതുസമൂഹത്തിന്റെ ശ്രദ്ധ ഇതുവരെയായും ആദിവാസി ഭൂസമരത്തിന് കിട്ടിയിട്ടുമില്ല. ആദിവാസികള്‍ക്ക് നല്‍കാന്‍ ഭൂമി ഇല്ലാഞ്ഞിട്ടല്ല. സര്‍ക്കാരിന്റെ സമീപനമാണ് പ്രശ്‌നം.
പുനരധിവാസമെന്നത് വളരെ ശ്രദ്ധാപൂര്‍വം ചെയ്യേണ്ട കാര്യമാണ്. പുനരധിവസിപ്പിക്കപ്പെടുന്ന കുടുംബങ്ങള്‍ക്ക് എത്ര ഭൂമിയാണോ നഷ്ടപ്പെട്ടത് അത്രയും ഭൂമി അവര്‍ക്ക് നല്‍കേണ്ടതല്ലേ. ഏതുതരം വീടാണോ നഷ്ടപ്പെട്ടത് അതുപോലൊരു വീടും നല്‍കേണ്ടതല്ലേ. പുനരധിവാസം നടത്തുമ്പോള്‍ ജീവനോപാധികള്‍ നഷ്ടപ്പെടാതെ കാക്കാന്‍ ഭരണകൂടങ്ങള്‍ക്ക് ബാധ്യതയുണ്ട്. കടലോരങ്ങളിലും കായലോരങ്ങളിലും മത്സ്യം പിടിച്ച് ഉപജീവനം കഴിക്കുന്നവരെ വനമേഖലയില്‍ കൊണ്ടുപോയി കുടിയിരുത്തിയിട്ട് എന്ത് പ്രയോജനം. ചേരികളില്‍ നിന്ന് ലൈഫ് മിഷന്‍ വീടുകളിലേയ്ക്ക് ചേക്കേറിയ പലരും പറയുന്നത് ഭേദം ചേരിയിലെ ജീവിതമായിരുന്നുവെന്നാണ്.
ഭൂരഹിതര്‍ക്ക് വേണ്ടത് ഭൂമിയാണ്. സ്വന്തമായി ഒരു പിടി മണ്ണ് എന്നത് ഓരോ മനുഷ്യന്റേയും സ്വപ്നമാണ്. പ്രത്യേകിച്ച് ദലിതര്‍ക്കും ആദിവാസികള്‍ക്കും. ഇതൊരു മനുഷ്യാവകാശ പ്രശ്‌നമായി എടുക്കാന്‍ സാധിക്കണം. വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ ലേഖകനുണ്ടായ ഒരനുഭവം ഓര്‍മവരുന്നു. ഭവനരഹിതരായ കുടുംബങ്ങളിലെ സ്ത്രീകളെ മാത്രം പങ്കെടുപ്പിച്ച് നിലമ്പൂരില്‍ താലൂക്ക് ഓഫിസ് പിക്കറ്റിങ് നടന്നു. മനുഷ്യാവകാശ സംഘടനയാണ് അതിന് നേതൃത്വം നല്‍കിയത്. ഈ ലേഖകനായിരുന്നു ഉദ്ഘാടകന്‍. ആയിരത്തിലേറെ സ്ത്രീകള്‍ അതില്‍ പങ്കെടുത്തിരുന്നു. മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്നവര്‍. സത്യത്തില്‍ ആ ഭൂരഹിതര്‍ക്ക് നല്‍കാന്‍ മാത്രം മിച്ചഭൂമി സര്‍ക്കാര്‍ രേഖകളിലുണ്ട്. പക്ഷേ രേഖകളില്‍ മാത്രം. അന്വേഷിച്ച് ചെല്ലുമ്പോഴറിയാം യാഥാര്‍ഥ്യം. അതൊക്കെ സമ്പത്തും രാഷ്ട്രീയ പിന്‍ബലവും മസില്‍ പവറും ഉള്ളവര്‍ കൈയേറിക്കഴിഞ്ഞിരിക്കുന്നു. അവരില്‍നിന്ന് അത് തിരിച്ചുപിടിച്ച് ഭൂമിക്കുവേണ്ടി ദാഹിക്കുന്ന ഭവനരഹിതര്‍ക്ക് നല്‍കാനുള്ള ഇച്ഛാശക്തി സര്‍ക്കാരിനില്ല.
തോട്ടം മുതലാളിമാര്‍ ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയാണ് സഹ്യപര്‍വ്വതമേഖലയില്‍ അനധികൃതമായി കൈയടക്കിയിരിക്കുന്നത്. അത്തരക്കാര്‍ വനഭൂമി കൈയടക്കി തോട്ടമാക്കി മാറ്റുമ്പോള്‍ അത് ന്യായീകരിക്കപ്പെടുകയും കൂരയില്ലാത്ത ആദിവാസി വനത്തിനകത്ത് കൂര വെച്ചാല്‍ അത് വലിയ കുറ്റകൃത്യമായി അവരെ വേട്ടയാടുകയും ചെയ്യും. വനഭൂമി കൈയേറ്റം ആദിവാസികളുടെ ഭാഗത്തുനിന്ന് സംഭവിച്ചാലും എതിര്‍ക്കപ്പെടണം. തര്‍ക്കമില്ല. പക്ഷേ ഇപ്പോഴും ആദിവാസികളില്‍ വലിയൊരു വിഭാഗവും വനവിഭവങ്ങള്‍കൊണ്ട് ജീവിക്കുന്നവരാണ്. ഭൂരഹിതരായ ആദിവാസികളെ വനങ്ങളോടുചേര്‍ന്നാണ് പുനരധിവസിപ്പിക്കേണ്ടത്.
ഭൂമിക്കുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ കാലാകാലങ്ങളായി കേരളത്തില്‍ നടക്കുന്നു. പണ്ടൊക്കെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇത്തരം പ്രക്ഷോഭങ്ങളുടെ മുന്നിലുണ്ടായിരുന്നു. മിച്ചഭൂമി സമരത്തിലൂടെയാണ് സി.പി.എം അവരുടെ അടിത്തറ ബലപ്പെടുത്തിയത്. നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്നു പാടി നടന്ന പ്രസ്ഥാനമാണത്. അത്തരം മുദ്രാവാക്യങ്ങള്‍ അവര്‍ ഉപേക്ഷിച്ചിരിക്കുന്നു.
ലൈഫ് മിഷന്‍ ഗൃഹസമുച്ചയങ്ങള്‍ സൃഷ്ടിക്കുന്നത് പുതിയതരം ചേരികളും കോളനികളുമാണ്. അത്തരം വീടുകളിലെ ഇരകളുടെ ഭാവി ജീവിതം ദുസ്സഹമാണ്. ഭൂമിക്കുവേണ്ടിയുള്ള അവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണ്. ഭൂസമരങ്ങള്‍ അട്ടിമറിക്കാനുള്ള പദ്ധതിയാണിത്. അതിന്റെ യഥാര്‍ഥ ഗുണഭോക്താക്കള്‍ അനധികൃതമായി ഭൂമി കൈവശംവച്ചിരിക്കുന്ന തോട്ടം മുതലാളിമാരാണ്. ഫ്‌ളാറ്റ് എന്ന വ്യാമോഹം സൃഷ്ടിച്ചുകൊണ്ട് ഇരകളെ ചതിക്കുകയാണ്. ലൈഫ് മിഷന്‍ വീടുകള്‍ അവിടെ പാര്‍ക്കുന്നവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതാണ്. അവരാരും ആ വീടുകളെ സംബന്ധിച്ച് തൃപ്തരല്ല. വീടുകളുടെ ഉറപ്പിനെ സംബന്ധിച്ചും ആശങ്കയുണ്ട്. ലൈഫ് മിഷന്‍ വീടുകളേക്കാള്‍ എത്രയോ മനോഹരമാണ് ബൈത്തുറഹ്മ ഗൃഹങ്ങള്‍. സര്‍ക്കാര്‍ സഹായമില്ലാതെയാണ് അത്തരം വീടുകള്‍ പടുത്തുകെട്ടുന്നത്. ഓരോ മനുഷ്യനും അവനു പാര്‍ക്കേണ്ട വീടുകളെകുറിച്ച് ഭാവനകള്‍ ഉണ്ടാവും. മാറിവരുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് വീട് വിപുലപ്പെടുത്തേണ്ടിവരും. ഭൂരഹിതര്‍ക്ക് നല്‍കേണ്ടത് വീടല്ല. ഭൂമിയാണ്. പഞ്ചായത്തുകളുടെയോ, എന്‍.ജി.ഒ കളുടെയുമോ, അതല്ലെങ്കില്‍ സുമനസ്സുകളുടെയോ സഹായത്താല്‍ ആ ഭൂമിയില്‍ വീടുയരും. അതിനുള്ള സാഹചര്യം കേരളത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."