ഇടതു വിജയം: യാക്കോബായ സഭയുടെ നിലപാട് തള്ളി ഓര്‍ത്തഡോക്‌സ് പക്ഷം
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ വിജയത്തിനു കാരണം തങ്ങള്‍ സ്വീകരിച്ച രാഷ്ട്രീയ നിലപാടാണെന്ന യാക്കോബായ സഭയുടെ അവകാശവാദം തള്ളി ഓര്‍ത്തഡോക്‌സ് സഭ. ഈ അവകാശവാദം പൊള്ളയാണെന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ മനസിലാകുമെന്നും അവരുടെ അവകാശവാദം പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ പറഞ്ഞു.
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രത്യേക രാഷ്ട്രീയ നിലപാടുകളെടുക്കുകയോ രാഷ്ട്രീയ ആഹ്വാനം നല്‍കുകയോ ചെയ്തിട്ടില്ല. യാക്കോബായ സഭ എടുത്ത രാഷ്ട്രീയ നിലപാടാണ് ഇടതുപക്ഷത്തിന്റെ വിജയത്തിന് കാരണമെന്ന അവരുടെ നിലപാട് പൊള്ളത്തരമാണെന്ന് എറണാകുളം, പത്തനംതിട്ട ജില്ലകളിലെ തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ വ്യക്തമാകും. തെരഞ്ഞെടുപ്പ് ഫലത്തെ ഏതെങ്കിലും സമുദായത്തിന്റെ വിജയമാക്കി മാറ്റാന്‍ ശ്രമിക്കുന്നത് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണ്. ഈ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പേരിലോ മറ്റേതെങ്കിലും സ്വാധീനത്തിന്റെ പേരിലോ കോടതി വിധികളെ അട്ടിമറിക്കാന്‍ എന്തെങ്കിലും നീക്കം ഈ സര്‍ക്കാര്‍ നടത്തുമെന്ന് കരുതുന്നില്ല.
നിയസഭാ തെരഞ്ഞെടുപ്പില്‍ ഓര്‍ത്തഡോക്‌സ് സഭ പ്രത്യേകിച്ച് എന്തെങ്കിലും നിലപാടെടുക്കുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ല. കോടതികളുടെ അന്ത്യശാസനത്തിലാണ് സര്‍ക്കാര്‍ പലപ്പോഴും പല നടപടികളും ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി ചെയ്തിട്ടുള്ളത്. സഭയില്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലും ഉള്ളവരുണ്ട്. അതിനാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയ ആഹ്വാനത്തിനും ശ്രമിച്ചിട്ടില്ല. പ്രാദേശികമായ വികസനവും സ്ഥാനാര്‍ഥികളുടെ യോഗ്യതകളും മാനദണ്ഡമാക്കിയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ വിധിയെഴുതേണ്ടതെന്നതാണ് സഭയുടെ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."