94കാരനെ തേടി രാജാവിന്റെ ക്ഷണം
അബ്ദുസ്സലാം കൂടരഞ്ഞി
മക്ക: ഏവരുടെയും പോലെ തന്നെ ജീവിതത്തിലെ അഭിലാഷമായിരുന്നു ഇവര്‍ക്കും വിശുദ്ധ ഹജ്ജ് കര്‍മം ചെയ്യുകയെന്നത്. എന്നാല്‍, തങ്ങളുടെ സാമ്പത്തിക പരാധീനത മൂലം ഇത്രയും കാലം ഇതിനു സാധിച്ചിരുന്നില്ല. ഒടുവില്‍ തന്റെ ആഗ്രഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച 94 കാരനെ തേടി സഊദി രാജാവിന്റെ ക്ഷണമെത്തി.
ഇതോടെ ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജിന് ഇന്തോനേഷ്യയില്‍ നിന്നുള്ള വൃദ്ധനും കുടുംബവുമെത്തും. സാമ്പത്തിക ഞെരുക്കം മൂലം ഹജ്ജിനു കഴിയാതെ മനംനൊന്ത് കഴിഞ്ഞ ഇന്തോനേഷ്യന്‍ വയോധികനായ യൂഹിയും കുടുംബാംഗങ്ങളും സല്‍മാന്‍ രാജാവിന്റെ അതിഥികളായാണ് ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കാനെത്തുന്നത്. രാജാവിന്റ ക്ഷണം യൂഹിയെയും കുടുംബാംഗങ്ങളെയും ജക്കാര്‍ത്തയിലെ സഊദി അംബാസഡര്‍ ഉസാം ആബിദ് അല്‍സഖഫി അറിയിച്ചു.
പ്രായാധിക്യം ചെന്ന തനിക്ക് കുടുംബാംഗങ്ങള്‍ക്കൊപ്പം ഹജ്ജ് നിര്‍വഹിക്കുന്നതിന് അവസരമൊരുക്കണമെന്ന് അപേക്ഷിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടതാണ് ഇവര്‍ക്ക് ജീവിതാഭിലാഷം കൈവരിക്കാന്‍ സഹായകരമായത്. അന്ത്യശ്വാസം വലിക്കുന്നതിനു മുമ്പായി തീര്‍ഥാടന കര്‍മം നിര്‍വഹിക്കുന്നതിന് സല്‍മാന്‍ രാജാവ് കനിയണമെന്നും വീഡിയോ ക്ലിപ്പിംഗില്‍ യൂഹി പറഞ്ഞിരുന്നു.
ഇത് ശ്രദ്ധയില്‍ പെട്ടാണ് തന്റെ ആതിഥേയത്വത്തില്‍ ഹജ്ജ്‌നിര്‍വഹിക്കുന്നതിന് ഇന്തോനേഷ്യക്കാരനും കുടുംബാംഗങ്ങള്‍ക്കും അവസരമൊരുക്കുന്നതിന് രാജാവ് നിര്‍ദേശിച്ചത്.
ഇവരുടെ യാത്രാ നടപടികള്‍ എംബസി പൂര്‍ത്തിയാക്കിവരികയാണെന്നും അംബാസഡര്‍ പറഞ്ഞു.
ഈ വര്‍ഷം രാജാവിന്റെ ആതിഥേയത്വത്തില്‍ ഹ ജ്ജ് നിര്‍വഹിക്കുന്നതിന് 2500 പേര്‍ക്കാണ് അവസരം ലഭിച്ചിരിക്കുന്നത്.
ഇസ്‌റാഈല്‍ ആക്രമണത്തില്‍ വീരമൃത്യു വരിച്ച ഫലസ്തീനികളുടെ ആയിരം ബന്ധുക്കള്‍ക്കും ലോക രാജ്യങ്ങളില്‍ നിന്നുള്ള 1300 മുസ്‌ലിം നേതാക്കള്‍ക്കും പണ്ഡിതര്‍ക്കും ന്യൂസിലന്‍ഡ് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചവരുടെ 200 ബന്ധുക്കള്‍ക്കുമാണ് സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഹജ്ജ്‌നിര്‍വഹിക്കുന്നതിന് സുവര്‍ണാവസരം ലഭിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."