ഗാന്ധിജയന്തി ഉദ്ഘാടന വേദിയിലും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനാ പ്രവാഹം
ആലപ്പുഴ: കലക്ടറേറ്റിലെ ഗാന്ധിസ്മൃതി മണ്ഡപത്തില്‍ നടന്ന ഗാന്ധിജയന്തി വാരാഘോഷ വേദിയിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയെത്തി.
നവകേരള നിര്‍മ്മിതിക്കായി ചിത്രകാരന്മാര്‍ സ്വരൂപിച്ച 4500 രൂപയോടെയായിരുന്നു തുടക്കം. ചിത്രകാരന്മാരായ രാകേഷ് ആന്‍സേര, കലേഷ് പൊന്നപ്പന്‍, ഗിരീഷ് നടുവട്ടം, ശിവദാസ് വാസു എന്നിവര്‍ ചേര്‍ന്ന് ആലപ്പുഴ ബീച്ചില്‍ സെപ്റ്റംബര്‍ 29, 30 തിയതികളില്‍ സംഘടിപ്പിച്ച തത്സമയ മുഖചിത്രരചനയില്‍ നിന്ന് സമാഹരിച്ച തുകയാണ് ഗാന്ധിജയന്തി വാരാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി ജി. സുധാകരനെ ഏല്‍പ്പിച്ചത്.
പരസ്പര സഹായ സഹകരണ സമിതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 10,000 രൂപ പ്രസിഡന്റ് സിദ്ധാര്‍ഥന്‍ മന്ത്രി. ജി സുധാകരന് കൈമാറി. ഭവിന്‍ ഇന്‍ഡസ്ട്രിസ് അഞ്ചു ലക്ഷം രൂപയുടെ ചെക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ദക്ഷിണാഫ്രിക്കയില്‍ വ്യവസായിയായ മാമ്പുഴക്കരി സ്വദേശി റോണി ജോസഫാണ് തുക പിതാവ് ജോസ് ജോണിന്റെ കൈയില്‍ ഏല്‍പ്പിച്ചത്. ഇതിന് മുന്‍പ് 50 ലക്ഷം രൂപയും 2500 സാരിയും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു.
ആയിരത്തോളം മലയാളികളാണ് ഇവരുടെ കമ്പനിയില്‍ പ്രവര്‍ത്തിക്കുന്നത്. ആവേശകരമായ അനുഭവമാണ് ഓരോ വേദിയില്‍ നിന്നും ലഭിക്കുന്നതെന്നും സമാഹരിച്ച തുകയെല്ലാം നാടിന്റെ സമ്പൂര്‍ണ പുനര്‍നിര്‍മാണത്തിന് ഉപയോഗിക്കുമെന്നും മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.
ഇതുവരെ 31 കോടി രൂപ വരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് സമാഹരിക്കാനായതായും മന്ത്രി പറഞ്ഞു. ഇതോടെ നവകേരള നിര്‍മിതിക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കാന്‍ പ്രളയം ഏറ്റവുമധികം ബാധിച്ച ജില്ലയായ ആലപ്പുഴയ്ക്കായി.
പ്രളയത്തില്‍ തകര്‍ന്ന ആലപ്പുഴ ചങ്ങനാശേരി റോഡിന്റെ പുനഃനിര്‍മാണം 9.5 കോടി മുതല്‍ മുടക്കില്‍ തുടങ്ങിയതായും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."