ഇന്ത്യാ അതിര്‍ത്തിയില്‍ റോഹിംഗ്യന്‍ അഭയാര്‍ഥികളെ ബി.എസ്.എഫ് തടഞ്ഞു; രാവെന്നോ പകലെന്നോയില്ലാതെ മൂന്ന് ദിവസമായി റോഡരികില്‍ കഴിയുന്നവരില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെട്ട 12പേര്‍
അഗര്‍ത്തല: സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ചുരുങ്ങിയത് 12ഓളം റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ എന്തുചെയ്യണമെന്നറിയാതെ ത്രിപുരയിലെ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ റോഡരികില്‍ കഴിയുന്നു. ബി.എസ്.എഫ് വൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങളനുസരിച്ച് അഞ്ച് കുട്ടികളും രണ്ട് സ്ത്രീകളും ഉള്‍പ്പെട്ട സംഘമാണ് ഇന്ത്യയിലേക്ക് കടക്കാനാകാതെ റോഡരികില്‍ രാവും പകലും കഴിച്ചുകൂട്ടുന്നത്.
പടിഞ്ഞാറന്‍ ത്രിപുരയിലെ ബോക്‌സാനഗര്‍ അതിര്‍ത്തിയിലൂടെ ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് കടക്കാനുള്ള ശ്രമം ബി.എസ്.എഫുകാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് ബി.എസ്.എഫ് ഉദ്യോഗസ്ഥരും ബംഗ്ലാദേശിലെ സൈനിക വിഭാഗമായ ബി.ജി.ബി(ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലാദേശ്) ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഇവരെ തിരികേ പ്രവേശിപ്പിക്കാന്‍ തയാറാണെന്ന് ബി.ജി.ബി അധികൃതര്‍ അറിയിച്ചു. എന്നാല്‍ തിരിച്ചുപോകാന്‍ തയ്യാറല്ലെന്ന് പറഞ്ഞ് ഇവര്‍ റോഡരികില്‍ കഴിഞ്ഞുകൂട്ടുകയാണെന്ന് ബി.എസ്.എഫ് വക്താവ് പറഞ്ഞു.
ബംഗ്ലാദേശ് അധികൃതര്‍ നല്‍കിയ തിരിച്ചറിയില്‍ രേഖയാണ് ഇവരുടെ കൈവശമുള്ളതെന്നും ചിറ്റഗോങ്ങിലെ അഭയാര്‍ഥി ക്യാംപില്‍ കഴിഞ്ഞിരുന്നവരാണ് ഇവരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞയാഴ്ചയും സംസ്ഥാനത്തെ രാജ്‌നഗര്‍ പ്രദേശത്ത് നിന്നും രണ്ട് റോഹിംഗ്യന്‍ അഭയാര്‍ഥികളെ ത്രിപുര പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. 2017ല്‍ മ്യാന്‍മറിലെ റാഖിന്‍ പ്രവിശ്യയിലുണ്ടായ കലാപത്തില്‍ ഏകദേശം ഏഴര ലക്ഷത്തോളം റോഹിംഗ്യന്‍ വംശജരാണ് നാടുകടത്തപ്പെട്ടത്. ഇവര്‍ പിന്നീട് ബംഗ്ലാദേശിലെ കോക്‌സ്ബസാല്‍ തയാറാക്കിയ അഭയാര്‍ഥി ക്യാംപില്‍ ദുരിതപൂര്‍ണമായ ജീവിതം തള്ളിനീക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."