ക്രഷറില്‍നിന്ന് കരിങ്കല്‍ പൊടി ഒഴുക്കിവിടുന്നതിനെതിരേ നടപടിയില്ല
എരുമപ്പെട്ടി: വേലൂര്‍ പഞ്ചായത്തിലെ പഴവൂര്‍ ത്രീസ്റ്റാര്‍ ഗ്രാനൈറ്റ്‌സ് മെറ്റല്‍ ക്രഷറില്‍നിന്നു പാടശേഖരത്തിലേയ്ക്ക് കരിങ്കല്‍ പൊടി ഒഴുക്കിവിടുന്നതിനെതിരേ അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു.
സിനിമാ താരം രാമുവിന്റെ(ഭാസി) ഉടമസ്ഥതയിലുള്ള മെറ്റല്‍ ക്രഷറില്‍നിന്നു കരിങ്കല്‍ പൊടി ഒഴുക്കിവിടുന്നതിനെത്തുടര്‍ന്ന് ഏക്കര്‍കണക്കിന് വരുന്ന നെല്‍വയലുകളാണ് കൃഷി ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായിരിക്കുന്നത്.
രാസ വസ്തുക്കള്‍ കലര്‍ന്ന സ്ലെറി നെല്‍വയലുകളില്‍ പരന്ന് സിമന്റ് പോലെ ഉറച്ച് കിടക്കുകയാണ്. കൃഷിയ്ക്ക് ജലസേചനത്തിനായി നിര്‍മിച്ച കുളങ്ങളും കരിങ്കല്‍ പൊടി മൂടി ഉപയോഗശൂന്യമായി മാറി. ഇതോടെ 25 ഏക്കര്‍ വരുന്ന പാടശേഖരത്തിലെ ഏഴ് ഏക്കര്‍ നെല്‍വയല്‍ പൂര്‍ണമായും കൃഷിയോഗ്യമല്ലാതായി. കര്‍ഷകര്‍ ഗ്രാമപഞ്ചായത്തിലും കൃഷിഭവനിലും ജില്ലാ കലക്ടര്‍ക്കും നിരവധി തവണ പരാതികള്‍ നല്‍കിയിരുന്നെങ്കിലും ഉന്നതങ്ങളില്‍ സ്വാധീനമുള്ള കമ്പനിക്കെതിരേ നടപടി കൈക്കൊള്ളാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന് ആക്ഷേപം ഉര്‍ന്നിരിക്കുകയാണ്.
പൊലൂഷന്‍ കണ്‍ട്രോള്‍, ജിയോളജി, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ പാടശേഖരത്തില്‍ നടത്തിയ പരിശോധനയില്‍ ലൈസന്‍സ് നിബന്ധനകള്‍ക്ക് വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ക്രഷര്‍ നടത്തുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതിനെതിരേ സ്റ്റോപ്പ് മെമ്മോ ഉള്‍പ്പടെ നടപടി കൈകൊള്ളേണ്ട പഞ്ചായത്ത് ഭരണസമിതി ഒത്ത് തീര്‍പ്പ് ശ്രമമാണ് നടത്തുന്നതെന്നും ആരോപണമുണ്ട്.
സ്വാധീനമുള്ള വ്യക്തിയുടെ സ്ഥാപനമായതിനാലാണ് നടപടി കൈക്കൊള്ളാത്തതെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. അനീഷ്‌കുമാര്‍, കെ.എസ് രാജേഷ്, രാജന്‍ പഴവൂര്‍, അഭിലാഷ് തയ്യൂര്‍, ജിത്തു തയ്യൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും പാടശേഖരത്തില്‍ സന്ദര്‍ശനം നടത്തി. നടപടി കൈകൊണ്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് ബി.ജെ.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."