കൊവിഡ് വ്യാപനം ക്ഷേത്രങ്ങളില്‍ ഉത്സവാഘോഷം ഒഴിവാക്കും
തിരുവനന്തപുരം: കൊവിഡ് വ്യാപനം കണക്കിലെടുത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഈ സീസണിലെ ഉത്സവങ്ങള്‍ ആചാരപരമായ ചടങ്ങുകളില്‍ ഒതുക്കും. പറയെടുപ്പിനായി വീടുകളില്‍ പോകില്ല. ആനകളെ എഴുന്നള്ളിക്കുന്നത് ഒഴിവാക്കണമെന്നും ബോര്‍ഡ് പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദേശിക്കുന്നു.
ദേവസ്വം ബോര്‍ഡിനു കീഴില്‍ 1,250 ക്ഷേത്രങ്ങളാണുള്ളത്. മണ്ഡല- മകരവിളക്കു കാലം മുതല്‍ മേടമാസം വരെയുള്ള ആറുമാസക്കാലമാണ് ഉത്സവ സീസണായി കണക്കാക്കുന്നത്. എന്നാല്‍ കൊവിഡ് ഭീഷണി കണക്കിലെടുത്ത് ഇത്തവണ ആചാരപരമായ ചടങ്ങുകള്‍ മാത്രം മതിയെന്ന് ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു.
സ്റ്റേജ് ഷോകളും സമ്മേളനങ്ങളും ഒഴിവാക്കും. അന്നാദാനം നടത്തില്ല. ക്ഷേത്രക്കുളങ്ങളില്‍ കുളിക്കാനും അനുമതിയില്ല. ഉത്സവങ്ങള്‍ക്കായി സ്‌പെഷല്‍ ഡ്യൂട്ടിക്കു നിയോഗിക്കുന്ന ജീവനക്കാരുടെ എണ്ണം പരമാവധി കുറയ്ക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ ഉത്സവങ്ങള്‍ നടത്തുന്നുള്ളുവെന്ന് ഉറപ്പുവരുത്തേണ്ട ചുമതല ബന്ധപ്പെട്ട അസി. ദേവസ്വം കമ്മിഷണര്‍ക്കും ഡെപ്യൂട്ടി ദേവസ്വം കമ്മിഷണര്‍മാര്‍ക്കുമായിരിക്കും. നിലവില്‍ ക്ഷേത്രക്കുളത്തിലും ശ്രീകോവിലിലും കൗണ്ടറുകളിലും ഭക്തര്‍ക്ക് നിയന്ത്രണമുണ്ട്. മാസ്‌ക്, സാമൂഹ്യ അകലം, ദര്‍ശനത്തിനെത്തുന്നവരുടെ പേര് രേഖപ്പെടുത്തല്‍ ഇവ നിര്‍ബന്ധമാണ്. 10 വയസിന് താഴെയുള്ളവരെയും 65 വയസിന് മുകളിലുള്ളവരെയും പ്രവേശിപ്പിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."