സംസ്ഥാനത്തെ അങ്കണവാടികള്‍ ശോചനീയമെന്ന് നിയമസഭാ സമിതി
ചെറുവത്തൂര്‍: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അങ്കണവാടികളുടെ നില ശോചനീയമാണെന്ന് നിയമസഭാ സമിതിയുടെ കണ്ടെത്തല്‍. പഞ്ചായത്തുകളുടെ ഘടക സ്ഥാപനമെന്ന നിലയിലാണ് അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്നത്. 32,922 അങ്കണവാടികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാലനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാത്ത അപരിഷ്‌കൃത മേഖലയായി അങ്കണവാടികള്‍ ഇന്നും നിലനില്‍ക്കുന്നതായാണ് നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
നിരവധി അങ്കണവാടികള്‍ക്ക് ഇപ്പോഴും സ്വന്തമായി സ്ഥലമോ, കെട്ടിടമോ ഇല്ല. വര്‍ക്കര്‍മാരും ഹെല്‍പ്പര്‍മാരും പലപ്പോഴും കാര്യപ്രാപ്തിയിലേക്കെത്താന്‍ ശ്രദ്ധിക്കുന്നില്ല. വെല്‍ഫെയര്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനം പലപ്പോഴും കടലാസില്‍ ഒതുങ്ങുന്നു. സ്വന്തമായി ഭൂമി ഉണ്ടായിട്ടും അതില്‍ കെട്ടിടം ഒരുക്കാനുള്ള ശ്രമം നടത്താത്ത സ്ഥലങ്ങളുമുണ്ട്. കേന്ദ്ര ഗവണ്‍മെന്റിന്റെ ഫണ്ട് ലഭിച്ചിട്ടും അതുപയോഗിച്ചു അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ കൈയില്‍ സൂക്ഷിക്കുക, കെട്ടിടം നിര്‍മിക്കാന്‍ അനുമതി ലഭിച്ചാലും തുടര്‍ നടപികള്‍ സ്വീകരിക്കാതിരിക്കുക തുടങ്ങിയ ഗുരുതരവീഴ്ചകളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. നോണ്‍ റോഡ് മെയിന്റനന്‍സ് ഗ്രാന്‍ഡ് ഉപയോഗിച്ചു നിലവിലുള്ള അങ്കണവാടികള്‍ പുനരുദ്ധരിക്കാമെന്നിരിക്കേ അതിനു പഞ്ചായത്തുകള്‍ യാതൊരു താല്‍പര്യവും കാണിക്കാറില്ല.
ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതും കുടിവെള്ളവും വൈദ്യുതിയും ലഭ്യമല്ലാത്തതുമായ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളിലെ കുട്ടികളും ജീവനക്കാരും പ്രാഥമിക കൃത്യങ്ങള്‍ക്കായി തൊട്ടടുത്ത വീടുകളെ ആശ്രയിക്കുന്ന സ്ഥിതിയുണ്ട്. മാറിവരുന്ന സാമൂഹിക പശ്ചാത്തലത്തില്‍ ഇത് കുട്ടികളുടെ സുരക്ഷക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തുന്നതായും നിയമസഭാ സമിതി നിരീക്ഷിച്ചിട്ടുണ്ട്.
അങ്കണവാടികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് പകരം നിലവിലെ അവയുടെ ഗുണമേന്മയും കാര്യക്ഷമതയും വര്‍ധിപ്പിക്കുക, ഭക്ഷണക്രമത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ കൊണ്ടുവരിക തുടങ്ങിയ നിര്‍ദേശങ്ങളും പഞ്ചായത്തുകള്‍ക്ക് നിയമസഭാ സമിതി നല്‍കിയിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ നിരവധി സഹായങ്ങളും പ്രതിരോധ ചികിത്സകളും ലഭ്യമാക്കുന്ന അങ്കണവാടികളെ അവഗണിച്ചു കുട്ടികള്‍ ഇംഗ്ലീഷ് മീഡിയങ്ങളിലേക്ക് പോകുന്നത് തടയുന്നതിന് പഞ്ചായത്തുകള്‍ നടപടികള്‍ കൈക്കൊള്ളണമെന്നും മാര്‍ഗരേഖയില്‍ നിര്‍ദേശിക്കുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."