സ്‌കൂള്‍ ബസിലെ പീഡനം: കേസ് പൊലിസ് കെട്ടിച്ചമച്ചതെന്ന് കംപ്ലയിന്റ് അതോറിറ്റി
കൊച്ചി: ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസില്‍ അഞ്ചുവയസുകാരനെ ഡ്രൈവര്‍ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയെന്ന കേസ് പൊലിസ് കെട്ടിച്ചമച്ചതാണെന്ന് പൊലിസ് കംപ്ലയിന്റ് അതോറിറ്റി.
പൊലിസ് മര്‍ദനത്തെ തുടര്‍ന്ന് ഒരുവര്‍ഷമായി ജോലി ചെയ്യാന്‍ കഴിയാതെവന്ന പരാതിക്കാരന്‍ ഇടക്കൊച്ചിയിലെ കെ.എസ് സുരേഷിന് സര്‍ക്കാര്‍ ആറാഴ്ചക്കുള്ളില്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് പൊലിസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് ഉത്തരവിട്ടു.
സംഭവം നടക്കുമ്പോള്‍ ഹാര്‍ബര്‍ പൊലിസ് സ്റ്റേഷനില്‍ എസ്.ഐയായിരുന്ന ജോസഫ് സാജന്‍, അഡീഷനല്‍ എസ്.ഐ പ്രകാശന്‍, സി.പി.ഒ രാജീവന്‍ എന്നിവരില്‍നിന്ന് തുക ഈടാക്കണമെന്നും ഇവര്‍ക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും ശുപാര്‍ശ ചെയ്തു.
50 ലക്ഷം രൂപവരെ നഷ്ടപരിഹാരം ലഭിക്കാവുന്ന കേസാണിത്. ഇതിനായി മേല്‍കോടതികളെ സമീപിക്കാമെന്നും ചെയര്‍മാന്‍ നിര്‍ദേശിച്ചു. പൊലിസുകാര്‍ ഗൂഢാലോചന നടത്തി ബസ് ഡ്രൈവറെ പ്രതിയാക്കുകയായിരുന്നു. ഇയാള്‍ക്ക് ക്രൂരമര്‍ദനമേറ്റതിന്റെ തെളിവുകള്‍ ലഭ്യമായിട്ടുണ്ടെന്നും വിധിപകര്‍പ്പില്‍ പറയുന്നു.
കുട്ടിയെ പീഡിപ്പിച്ചെന്നുപറയുന്ന ഇടപ്പള്ളി മുതല്‍ മാമംഗലം വരെയുള്ള ദൂരപരിധിയില്‍ ചെയര്‍മാന്‍ സഞ്ചരിച്ചും തെളിവെടുപ്പു നടത്തിയിരുന്നു. ഈ ദൂരപരിധിയില്‍ പീഡനം നടക്കില്ലെന്നായിരുന്നു കണ്ടെത്തല്‍. കുട്ടിയെ പീഡിപ്പിച്ചെന്ന കേസിനുപിന്നില്‍ കുട്ടിയുടെ പിതാവും സുരേഷും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണെന്നും അതോറിറ്റി കണ്ടെത്തി.
സ്‌കൂള്‍ അധികൃതര്‍ നിഷ്‌കര്‍ഷിക്കാത്ത സ്റ്റോപ്പില്‍ കുട്ടിയെ ഇറക്കി വിടാന്‍ സുരേഷ് വിസമ്മതിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കള്ളക്കേസിലേക്ക് നയിച്ചത്. കുട്ടിയുടെ പിതാവിന് കള്ളക്കേസുണ്ടാക്കിയ പൊലിസ് ഉദ്യോഗസ്ഥനുമായി 14 വര്‍ഷത്തെ അടുത്ത ബന്ധമുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി. വെല്ലിങ്ടണ്‍ ഐലന്റിലെ കേന്ദ്രീയ വിദ്യാലയത്തില്‍ ആറുവര്‍ഷമായി ഡ്രൈവറായിരുന്ന സുരേഷ് എല്‍.കെ.ജി വിദ്യാര്‍ഥിയെ സ്‌കൂള്‍ ബസില്‍ നിരന്തരമായി പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പിതാവിന്റെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."