ദിവ്യാനുരാഗ ലഹരി
പൗരസ്ത്യ സൂഫി കവിതയില്‍ ആവര്‍ത്തിച്ചുവരുന്ന പ്രമേയവും രൂപകവുമാണ് മദ്യശാലയും മദ്യമൊഴിക്കുന്നവനും ചഷകവും വീഞ്ഞും. ജനകീയഗസലുകള്‍ തൊട്ട് നിഗൂഢാര്‍ഥപ്രധാനമായ സൂഫിയാന കലാമുകളില്‍ വരെ ഇതുകാണാവുന്നതാണ്. ജിഗര്‍ മൊറാദാബാദിയുടെ പ്രസിദ്ധമായ 'യെ ജോ ഹല്‍ക ഹല്‍കാ സുറൂര്‍ ഹേ' വരികളിലും മറ്റൊന്നല്ല ധ്വനിപ്പിക്കുന്നത്. ഇതരകവികളുടെ വരികളും ചേര്‍ത്ത് നിരവധി ഭാഷ്യങ്ങളുള്ള ഒരു ഖവാലിയാണിത്. പ്രാരംഭം (മഥ്‌ല) ഒഴിവാക്കിയാണിവിടെ മൊഴിമാറ്റിയിരിക്കുന്നത്. മദ്യശാലയില്‍ മദ്യം ഒഴിച്ചുകൊടുക്കുന്നവനെയാണ് പ്രാഥമികമായും ഇതില്‍ അഭിസംബോധന ചെയ്യുന്നത്. വീഞ്ഞിനെ ദിവ്യാനുരാഗമായും അതൊഴിച്ചുകൊടുക്കുന്ന ആത്മീയഗുരുവിനെ മദ്യമൊഴിക്കുന്നവന്‍ (സാഖി) ആയും പ്രതീകവല്‍ക്കരിച്ചു മനസിലാക്കുമ്പോഴാണ് ആന്തരികമായ അര്‍ഥസാധ്യതകള്‍ ഇതില്‍ കൈവരിക. ലോകത്തെ പിറകിലുപേക്ഷിച്ചുള്ള പുറപ്പെട്ടുപോക്കുകളുടെ ദിവ്യോന്മാദവും അഗാധമായ ഉണര്‍വിന്റെ ലഹരിയും കൈവരണമെങ്കില്‍ സാഖിയുടെ പവിത്രമായ കയ്യില്‍ നിന്നും സ്വീകരിച്ച ശുദ്ധമായ സ്‌നേഹത്തിന്റെ വീഞ്ഞ് മോന്തിയേ മതിയാവൂ. അത് നമ്മെ ഒരേ സമയം തകര്‍ത്തുകളയുകയും പുതുക്കിപ്പണിയുകയും ചെയ്യുന്നു. തടവില്‍പ്പെടുത്തുകയും വിമോചിപ്പിക്കുകയും ചെയ്യുന്നു. ജീവിതത്തിനു പുതിയ വെളിച്ചവും വിതാനങ്ങളും തരുന്നു. ദൈവത്തോടുള്ള നിഷ്‌ക്കളങ്കമായ അടുപ്പത്തിന്റെയും സ്‌നേഹത്തിന്റെയും ഉന്മാദമാണ് നമ്മെ പലേടത്തും എത്തിക്കുന്നത്.
യെ ജോ ഹല്‍ക ഹല്‍കാ സുറൂര്‍ ഹേ
രചന: ജിഗര്‍ മൊറാദാബാദി അന്‍വര്‍ ജോഗി
പതിയെപ്പരക്കുമീ ലഹരിയില്‍
നിന്റെ നോട്ടത്തിന്റെ ഉന്മാദത്തില്‍
വീഞ്ഞുമോന്താന്‍ പഠിച്ചുഞാന്‍..
നിന്നോടുള്ള പ്രണയത്താല്‍,
നിന്നെക്കിട്ടാനുള്ള കൊതിയാല്‍
നിന്റെ മത്തുപിടിപ്പിക്കുന്ന നോട്ടത്താല്‍
മദ്യപനായിമാറി ഞാന്‍...
ഈ വീഞ്ഞിലെന്തിരിക്കുന്നു,
അതിന്റെ ലഹരിയിലെന്തിരിക്കുന്നു,
നിന്റെ കരുണയിലല്ലോ സകലതും..
നീയാ നയനങ്ങളാലെന്നെ ഊട്ടിയതിനുശേഷം
എനിക്കില്ലെന്നെപ്പറ്റിയൊരു വിവരവും.
സര്‍വലോകവുമുന്മത്തം
നിയമങ്ങള്‍ക്കുപോലും മത്തുപിടിച്ചിവിടം ;
രാവും പകലും ഉന്മത്തം
പ്രഭാതത്തിനും പ്രദോഷത്തിനും ഉന്മാദം
ചഷകത്തിലും പാനപാത്രങ്ങളിലും
വീഞ്ഞിലുമാകെ മത്ത്
നിന്റെ നോട്ടത്തിന്റെ ലഹരിയാലെല്ലാമെല്ലാം
ഉന്മാദഭരിതം, ആനന്ദാതിരേകം..
നിന്റെ മദ്യശാലയിലില്ലാത്ത വീഞ്ഞൊന്നുമില്ല
നിന്റെ കണ്‍ചഷകങ്ങളില്‍ നിറയുന്നതൊരുതുള്ളി
എനിക്കൊഴിക്കാമോ, മദ്യംപകരുന്നവനേ..
നിന്റെ നോട്ടത്തിന്റെ മായികലഹരി
ഏവര്‍ക്കുമറിയാമെങ്കിലും
പേരുകിട്ടുന്നത് മദ്യശാലക്കാണ്.
നിനക്കുള്ള സ്‌നേഹാര്‍പ്പണം
മാത്രമാണെന്റെ ജീവിതം.
എനിക്ക് വുദുവെടുക്കാനറിയില്ല,
നിസ്‌കാരമറിയില്ല,
നീ മുന്നിലെത്തുമ്പോള്‍
സാഷ്ടാംഗം വീണുപോകുന്നുവെന്നിട്ടും.
പണ്ടുതൊട്ടേ പ്രണയത്തിനടിമ ഞാന്‍
പുണ്യപാപങ്ങളെചൊല്ലിയില്ല ദുഃഖം.
എന്റെയുള്ളം നിന്റെ വീടുകണ്ടുവല്ലോ
ഇനിയൊരു പള്ളിതേടേണ്ട കാര്യമെനിക്കില്ല.
പള്ളിയിലും കോവിലിലുമുള്ളതത്രയുമെന്റെ
ലഹരിയും ഭക്തിയും തന്നെ.
എന്റെ കണ്ണുകള്‍ നിന്നിലുടക്കുമ്പോളെല്ലാം
പ്രാര്‍ഥനയില്‍ കുറഞ്ഞൊന്നുമല്ലത്..
നിനക്കുള്ള സ്‌നേഹാര്‍പ്പണം
മാത്രമാണെന്റെ ജീവിതം.
അന്ത്യനാളില്‍
നിന്നോടുള്ള പ്രേമത്തിന്റെ
പാടുംപേറി ഞാനുയിര്‍ക്കും.
നെഞ്ചിലപ്പോഴും തൂങ്ങിയാടും നിന്റെ ചിത്രം.
കാരണം,
നിനക്കുള്ള സ്‌നേഹാര്‍പ്പണം
മാത്രമാണെന്റെ ജീവിതം.
നിന്റെ ഓര്‍മയാണെന്റെ പ്രാര്‍ഥന,
നിന്റെ ആനന്ദം എന്റെയാനന്ദം.
ഇതെന്റെ ഉന്മാദത്തിന്റെ ദിവ്യാത്ഭുതം
ഞാന്‍ തലവച്ചിടത്തൊക്കെ കഅബ പിറന്നു..
എനിക്കുശേഷം നീയാരെ
വേദനയുടെ കയത്തിലേക്കുന്തും..
യാതനയിലുഴലുന്നവരോട്
കിഞ്ചനവര്‍ത്താനമരുതെ,
വിതുമ്പുന്നവരെ നോക്കി പുഞ്ചിരിയരുതെ,
കേവലസല്ലാപങ്ങള്‍ക്കിടയിലെന്റെ
ഹൃദയമെങ്ങോ കളഞ്ഞുപോയി..
എന്റെ ഹൃദയമെങ്ങോ കളഞ്ഞുപോയി ...
മാറ്റൂ, നിന്റെ കണ്ണുകളെന്നില്‍ നിന്നും
നാഥനെ ഓര്‍ത്തെങ്കിലും.
ഇല്ലെങ്കിലിനിയില്ല ഞാന്‍.
നീയുമാരോടെങ്കിലും
പ്രേമത്തിലവശനായ് വീഴട്ടെയെന്ന്
ഞാനും പ്രാര്‍ഥിക്കും,
കൈകള്‍ കൊണ്ട് നെഞ്ചുംതാങ്ങി
നൊന്തലയട്ടെ നീയും.
എന്റെ ഹൃദയം തകര്‍ന്നു,
അതുടഞ്ഞു, അതുപൊളിഞ്ഞു, അതുലഞ്ഞു...
പ്രേമസല്ലാപങ്ങളില്‍ പെട്ടെന്റെ
ഹൃദയമെങ്ങോ പോയി.
സ്‌നേഹത്തിന്റെ ശിക്ഷയേറ്റുവാങ്ങി
ഞാന്‍ കരയുന്നതെന്റെ ഉള്ളം പിടഞ്ഞിട്ടാണ്
നീ ചിരിക്കുന്നതെന്തു നേടിയിട്ടാണ്?
എനിക്കുശേഷം നീയാരെ
വേദനയുടെ കയത്തിലേക്കുന്തും..
പിന്നീടോര്‍ക്കുമ്പോള്‍
എന്നെപ്പറ്റി നീയെന്തുകരുതും?
നിന്റെ നയനാസ്ത്രമിനിയെങ്ങെയ്യും?
നിനക്കിത്രമേല്‍ അതിവശ്യത തന്നതിന്
എന്റെ സ്‌നേഹത്തിനോട് നന്ദികാണിക്കൂ,
കയ്യയഞ്ഞു തേടൂ നാഥനോട്..
ജീവിതാഭിലാഷമേ
നീയെന്നെ നോക്കൂ.
ഞാനതേ യാതനകളുടെ തോഴന്‍.
നിനക്കില്ലായിരുന്നു വെളിവും ബോധവും,
അതിനാലെന്നോട് നന്ദിയോതു
നിനക്കാവിഷ്‌കാരം പഠിക്കാനായില്ലേ?
എന്റെ സ്‌നേഹം കൊണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."