എസ്.എഫ്.ഐയെ വര്‍ഗീയ സംഘടനകളോട് താരതമ്യപ്പെടുത്തി എ.ഐ.എസ്.എഫ്; കൊല്ലം ജില്ലാ സമ്മേളനത്തിലാണ് എസ്.എഫ്.ഐക്കെതിരേ രൂക്ഷ വിമര്‍ശനം
കൊല്ലം: മുന്നണി ബന്ധത്തില്‍ വരെ അസ്വാരസ്യങ്ങള്‍ ഉണ്ടാകുന്ന തരത്തില്‍ എസ.്എഫ്.ഐ-എ.ഐ.എസ്.എഫ് വിദ്യാര്‍ഥി സംഘടനകള്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ തുടരുന്നു. ഒടുവിലായി എസ്.എഫ്.ഐയെ വര്‍ഗ്ഗീയ സംഘടനകളോട് താരതമ്യപ്പെടുത്തി വിമര്‍ശനത്തിന്റെ മൂര്‍ച്ച ഒന്നുകൂടി വര്‍ധിപ്പിച്ചിരിക്കുകയാണ് എ.ഐ.എസ്.എഫ്.
സംസ്ഥാനത്തെ ഒട്ടുമിക്ക ക്യാംപസുകളിലും എസ്.എഫ്.ഐക്കാരുടെ പ്രവര്‍ത്തനം വര്‍ഗ്ഗീയ സംഘടനകളെക്കാള്‍ ഭയാനകമാണെന്നു തങ്ങളെ മുഖ്യശത്രുക്കളായാണ് അവര്‍ കാണുന്നതെന്നും എ.ഐ.എസ്.എഫ് കൊല്ലം ജില്ലാ സമ്മേളന റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
അരാഷ്ട്രീയമായ പ്രവര്‍ത്തനമാണ് എസ്.എഫ്.ഐ നടത്തുന്നത്. വര്‍ഗീയ ഫാസിസ്റ്റ് സംഘടനകള്‍ക്ക് കാംപസുകളില്‍ വേരുറപ്പിക്കാന്‍ സഹായകരമാകുന്ന രീതിയിലാണത്. കുണ്ടറ ഐ.എച്ച്.ആര്‍.ഡി കോളജില്‍ എ.ഐ.എസ്.എഫ് യൂനിയന്‍ വിജയത്തിലെത്തുമെന്ന് കണ്ട് അവിടെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചു. വര്‍ഗീയ സംഘടനകള്‍ക്ക് കോളജുകളില്‍ ഭരണം ലഭിച്ചാലും എ.ഐ.എസ്.എഫിന് ലഭിക്കരുതെന്നാണ് എസ്.എഫ്.ഐയുടെ നിലപാടെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.
ഇന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീലിനെതിരേയും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. മന്ത്രി അവസരവാദ സമീപനമാണ് സ്വീകരിക്കുന്നതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."