അറവ് നിരോധനം: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടി
ന്യൂഡല്‍ഹി: കന്നുകാലി വ്യാപാരികള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളെ തുടര്‍ന്ന് ഇടിഞ്ഞ ഇന്ത്യയിലെ മാട്ടിറച്ചി വിപണിക്ക് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുന്നതാണ് അറവ് നിരോധിച്ചുകൊണ്ട് കഴിഞ്ഞദിവസം കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതോടെ ഉണ്ടാക്കിയിരിക്കുന്നത്. ലക്ഷക്കണക്കിനു തൊഴിലാളികളെയും ക്ഷീരകര്‍ഷകരെയും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെയും സര്‍ക്കാര്‍ തീരുമാനം ഒരുപോലെ ബാധിക്കും.
മാട്ടിറച്ചി കയറ്റുമതിയിലൂടെ ഇന്ത്യക്ക് ഒരുവര്‍ഷം 26,000 കോടിയാണ് വിദേശനാണ്യം ലഭിക്കുന്നത്. അമേരിക്കന്‍ കാര്‍ഷികവകുപ്പിന്റെ കണക്കുപ്രകാരം ലോകത്തില്‍ ഏറ്റവുമധികം മാട്ടിറച്ചി കയറ്റുമതിചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ലോകത്തെ മാട്ടിറച്ചി വിപണിയിലെ 23 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളതാണ്. 24 ലക്ഷം ടണ്‍ മാട്ടിറച്ചിയാണ് ഇന്ത്യ 2014- 15 കാലയളവില്‍ 65 രാജ്യങ്ങളിലേക്കായി കയറ്റുമതി ചെയ്തത്. അറവ് ഇല്ലാതാവുന്നതോടെ ഇതുവഴിയുള്ള വിദേശനാണ്യം നിലയ്ക്കും. തുകല്‍ വ്യവസായത്തെയും ഇതു ബാധിക്കും. പ്രതിവര്‍ഷം 12,000 കോടി ഡോളറിന്റെ വ്യാപാരം നടക്കുന്ന ഇന്ത്യന്‍ തുകല്‍ വ്യവസായം, ലോകത്തിലെ ഏറ്റവും വലിയ അഞ്ച് തുകല്‍ കമ്പോളങ്ങളില്‍ ഒന്നാണ്. അറവുശാലകളില്‍ നിന്നായിരുന്നു തുകല്‍ വ്യവസായത്തിനാവശ്യമായ ഭൂരിഭാഗം തുകലും ലഭിച്ചിരുന്നത്.
തുകല്‍, മാട്ടിറച്ചി വ്യവസായരംഗത്തിന്റെ തകര്‍ച്ചയോടെ 30 ലക്ഷത്തോളം കുടുംബങ്ങളെ നേരിട്ടുബാധിക്കും. മുസ്‌ലിംകളും ദലിതരുമാണ് ഈ മേഖലയിലെ ബഹുഭൂരിഭാഗം തൊഴിലാളികളും.
സാധാരണനിലയില്‍ മൂന്നു മുതല്‍ പത്തു വയസ് വരെയാണ് പശുക്കളും എരുമകളും പാല്‍ ചുരത്താറുള്ളത്. പാല്‍ വറ്റിയാലും ഇവ 10- 15 വര്‍ഷം വരെ ജീവിക്കും. പാല്‍ വറ്റുന്നതോടെ ഇവയെ അറവുശാലകള്‍ക്ക് വില്‍ക്കാറാണ് പതിവ്. അറവിനു നിരോധനമുള്ളതിനാല്‍ ഇത്തരം പശുക്കളെ ആരും വാങ്ങില്ല. അറവുശാലകളിലെത്തുന്ന കന്നുകാലികളില്‍ നല്ലൊരു ശതമാനവും ഈ വിഭാഗത്തിലുള്ളതാണ്. കുറച്ച് പശുക്കളെ വളര്‍ത്തി പാല്‍ മുഖേന ഉപജീവനം നടത്തിവരുന്നവരാണ് ഇതുവഴി കൂടുതല്‍ പ്രതിസന്ധിയിലാവുക. വില്‍ക്കാന്‍ കഴിയാത്തതിനാല്‍ കുറഞ്ഞ പാല്‍ചുരത്തുന്നവയെയും വളര്‍ത്താന്‍ ക്ഷീരകര്‍ഷകര്‍ നിര്‍ബന്ധിതരാവുമെന്നതിനാല്‍ പാലിന് വിലകൂടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."