ഇന്ത്യ-വിന്‍ഡീസ് ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം
രാജ്‌കോട്ട്: ഏഷ്യാകപ്പിന്റെ ആരവങ്ങള്‍ അടങ്ങും മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് വീണ്ടും ആരവങ്ങളിലേക്ക്. ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് മത്സരത്തോടെയാണ് ക്രിക്കറ്റ് ആവേശത്തിന് വീണ്ടും തിരശ്ശീല ഉയരുന്നത്. രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്ക് ശേഷം അഞ്ച് ഏകദിനങ്ങളും ഇരു രാജ്യങ്ങളും തമ്മില്‍ കളിക്കും. ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ അസോസിയേഷന്‍ ഇന്നലെ തന്നെ പ്രഖ്യാപിച്ചു. കളിയുടെ ദിവസം ടീം പ്രഖ്യാപിച്ച് വിവാദമുണ്ടാക്കാതിരിക്കാനാണ് ടീം ഒരു ദിവസം നേരത്തെ പ്രഖ്യാപിച്ചതെന്നാണ് ക്രിക്കറ്റ് ബോര്‍ഡിന്റെ വിശദീകരണം.
ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, അജിങ്ക്യാ രഹാനെ എന്നീ ബാറ്റ്‌സ്മാന്മാരാണ് ടീമിലുള്‍പ്പെട്ടിട്ടുള്ളത്. ഇന്ത്യന്‍ യുവതാരം പൃത്വിഷായേയും ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. ലോകേഷ് രാഹുലിനൊപ്പം പൃത്വിഷാ ആയിരിക്കും ഓപണറായി ഇറങ്ങുക.
പ്രഖ്യാപിച്ച ടീമില്‍ മധ്യനിരയില്‍ ഇന്ത്യക്കു കാര്യമായ ആശങ്കയുണ്ടാകാനിടയില്ല. മൂന്നാമനായി ചേതേശ്വര്‍ പൂജാരയും നാലാമനായി ക്യാപ്റ്റന്‍ കോലിയും അഞ്ചാമനായി അജിങ്ക്യ രഹാനെയും ഇറങ്ങും. വൃദ്ധിമാന്‍ സാഹയുടെയും ദിനേഷ് കാര്‍ത്തികിന്റെയും അഭാവത്തില്‍ യുവതാരം റിഷഭ് പന്തായിരിക്കും വിക്കറ്റ് കാക്കുക. ആര്‍. അശ്വിനും രവീന്ദ്ര ജഡേജയുമായിരിക്കും സ്പിന്‍ കൈകാര്യം ചെയ്യുക. മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവര്‍ പേസാക്രമണത്തിന് നേതൃത്വം നല്‍കും.
അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയതിനാണ് പൃത്വിഷായെ ടീമിലുള്‍പ്പെടുത്തിയത്. പക്ഷെ സൂപ്പര്‍ പ്രകടനം പുറത്തെടുത്ത മറ്റൊരു താരമായ മായങ്ക് അഗര്‍വാളിനെ ടീമിലുള്‍പ്പെടുത്തിയിട്ടില്ല. ഏഷ്യാകപ്പിന്റെ സമയത്ത് വിശ്രമത്തിലായിരുന്നു ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയാണ് ടീമിലെ ശ്രദ്ധേയ സാന്നിധ്യം.
രാജ്‌കോട്ടിലുള്ള സൗരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയമാണ് ആദ്യ ടെസ്റ്റിനു വേദിയാവുന്നത്. ഇവിടത്തെ പിച്ച് പേസര്‍മാര്‍ക്ക് കൂടുതല്‍ ഗുണം ചെയ്യുന്നതാവുമെന്നാണ് സൂചന. ബൗണ്‍സുള്ള പിച്ച് തയാറാക്കാന്‍ ബി.സി.സി.ഐ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. നവംബറില്‍ ആസ്‌ത്രേലിയയില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പര മുന്നില്‍ കണ്ടണ്ടാണ് ഇത്തരമൊരു പരീക്ഷണത്തിന് ബി.സി.സി.ഐ മുതിരുന്നത്.
ലോക ഒന്നാം റാങ്കുകാരായ ഇന്ത്യക്കെതിരേ അട്ടിമറി ജയം ലക്ഷ്യമിട്ടാണ് ജാസണ്‍ ഹോള്‍ഡര്‍ നയിക്കുന്ന വിന്‍ഡീസ് ഇറങ്ങുന്നത്. മുത്തശ്ശിയുടെ മരണത്ത തുടര്‍ന്ന് വിന്‍ഡീസിന്റെ അനുഭവസമ്പന്നനായ പേസര്‍ കെമര്‍ റോച്ച് ആദ്യ ടെസ്റ്റില്‍ കളിക്കുന്നില്ല. ബ്രാത്ത്‌വെയ്റ്റും സുനില്‍ ആംബ്രിസുമായിരിക്കും വിന്‍ഡീസ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ഷെയ് ഹോപ്പ്, റോസ്റ്റണ്‍ ചേസ്, ഷെയ്ന്‍ ഡോവ്‌റിച്ച് തുടങ്ങിയവര്‍ പിന്നീട് ക്രീസിലെത്തും. ദേവേന്ദ്ര ബിഷുവായിരിക്കും ടീമിലെ ഏക സ്പിന്നര്‍. പേസര്‍ ലൂയിസ് ഈ മത്സരത്തിലൂടെ വിന്‍ഡീസിനായി അരങ്ങേറും. ഹോള്‍ഡറിനൊപ്പം ഗബ്രിയേല്‍, പോള്‍, ലൂയിസ് എന്നിവര്‍ പേസ് ബൗളിങ്ങിന് നേതൃത്വം നല്‍കും.
ലോകേഷ് രാഹുല്‍, ഋഷഭ് പന്ത്, ഉമേഷ് യാദവ്, അജിങ്ക്യാ രഹാനെ എന്നിവര്‍ക്ക് നിര്‍ണായകമായിരിക്കും വിന്‍ഡീസിനെതിരേയുള്ള ടെസ്റ്റ് കാരണം. ഫോം നിലനിര്‍ത്തിയില്ലെങ്കില്‍ ടീമില്‍നിന്ന് പുറത്താകേണ്ടി വരും. ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നീ പ്രമുഖ താരങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."