എച്ച്1 ബി വിസയില്‍ ഇളവ് ആവശ്യപ്പെട്ട് പുതിയബില്‍ യു.എസ് കോണ്‍ഗ്രസില്‍
വാഷിങ്ടണ്‍: ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കടക്കം ആശ്വാസകരമായി എച്ച്1 ബി വിസാ നിയമത്തില്‍ ഇളവുകള്‍ ആവശ്യപ്പെട്ടുള്ള പുതിയ ബില്‍ യു.എസ് പ്രതിനിധിസഭയില്‍. ശാസ്ത്രം, സാങ്കേതികവിദ്യ, എന്‍ജിനീയറിങ്, കണക്ക് തുടങ്ങിയ വിഷയങ്ങളില്‍ അമേരിക്കന്‍ സര്‍വകലാശാലകളുടെ പി.എച്ച്.ഡിയുള്ള വിദേശികള്‍ക്കാണ് ബില്ലില്‍ ഇളവ് ആവശ്യപ്പെട്ടിരിക്കുന്നത്.
സ്റ്റോപ്പിങ് ട്രെയിന്‍ഡ് ഇന്‍ അമേരിക്ക പി.എച്ച്.ഡിസ് ഫ്രം ലീവിങ് ദ ഇക്കോണമി(സ്റ്റാപ്പ്ള്‍) ആക്ട് എന്ന പേരില്‍ കോണ്‍ഗ്രസ് അംഗങ്ങളായ എറിക് പോള്‍സന്‍, മൈക് ക്വിഗ്‌ലി എന്നിവരാണ് പ്രതിനിധിസഭയില്‍ ബില്‍ അവതരിപ്പിച്ചത്. വിദേശി ഗവേഷക വിദ്യാര്‍ഥികള്‍ക്ക് അവരുടെ ഗവേഷണ ബിരുദത്തോടൊപ്പം ഗ്രീന്‍ കാര്‍ഡ് കൂടി അനുവദിക്കണമെന്ന് ബില്‍ ആവശ്യപ്പെടുന്നു. ഇവരുടെ ഗവേഷണ ഫലങ്ങള്‍ പരമാവധി യു.എസിനു തന്നെ ഉപകാരപ്പെടുന്ന തരത്തില്‍ ഉപയോഗിക്കണമെന്നാണ് ഇതില്‍ ആവശ്യപ്പെടുന്നത്. അമേരിക്കയിലെ വിദേശ ഗവേഷക വിദ്യാര്‍ഥികളിലെ ഏറ്റവും വലിയ ജനവിഭാഗമെന്ന നിലയില്‍ ഇന്ത്യക്കാര്‍ക്കായിരിക്കും ബില്ലിന്റെ പ്രധാന നേട്ടം.
'ലോകത്തുടനീളമുള്ള ബുദ്ധിമാന്മാരായ വിദ്യാര്‍ഥികള്‍ ഗവേഷണ പഠനത്തിനായി അമേരിക്കയില്‍ എത്തുന്നതില്‍ അത്ഭുതപ്പെടാനില്ല. എന്നാല്‍, നാം വിദ്യാഭ്യാസവും പരിശീലനവും നല്‍കി വളര്‍ത്തിയെടുത്ത വിദ്യാര്‍ഥികളുടെ ശേഷി രാജ്യത്തിന്റെ സമ്പദ്‌രംഗത്തിനു മുതല്‍കൂട്ടാകുന്ന തരത്തില്‍ ഉപയോഗിക്കാന്‍ നാം പരമാവധി കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട് '-എറിക് പോള്‍സന്‍ പറഞ്ഞു. കഴിഞ്ഞ മാസമാണ് എച്ച്1 ബി വിസാ നിയമം കര്‍ശനമാക്കിക്കൊണ്ടുള്ള എക്‌സിക്യൂട്ടിവ് ഉത്തരവില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."