കൊടുത്തത് ഞങ്ങളുടെ ഇഷ്ടം; ഇനിയും കൊടുക്കും
തിരുവനന്തപുരം: ബ്രൂവറി ഡിസ്റ്റിലറി വിവാദത്തില്‍ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുസര്‍ക്കാരിന്റെ നയമനുസരിച്ചാണ് ബ്രൂവറികള്‍ക്കും ബോട്ടിലിങ്ങ് യൂനിറ്റുകള്‍ക്കും അനുമതി നല്‍കിയിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് അടിസ്ഥാനരഹിതമായ സംശയങ്ങള്‍ ഉന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സര്‍ക്കാരിനെതിരേ ജനങ്ങളെ തിരിച്ചുവിടാനുമുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രളയകാലത്ത് ഇത്തരം സംശയങ്ങള്‍ പ്രതിപക്ഷനേതാവ് ഉന്നയിച്ചിരുന്നെങ്കിലും ജനങ്ങള്‍ അതെല്ലാം തള്ളിക്കളഞ്ഞു. ഇതിന് സമാനമാണ് ഇപ്പോള്‍ ബ്രൂവറി ഡിസ്റ്റിലറി അനുമതിയുമായി ഉയര്‍ന്നുവന്ന ആരോപണങ്ങളെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബ്രൂവറികള്‍ അനുവദിക്കുന്നത് മദ്യത്തിന്റെ ഇറക്കുമതി കുറയ്ക്കുമെന്നും അതുവഴി അന്യസംസ്ഥാന മദ്യലോബിക്ക് നഷ്ടമുണ്ടാകുമെന്നും പറഞ്ഞ അദ്ദേഹം ഇതില്‍ അസ്വസ്ഥരായിട്ടാണോ പ്രതിപക്ഷം ആരോപണമുന്നയിക്കുന്നതെന്നും ചോദിച്ചു.
ബ്രൂവറികള്‍ക്കും ബ്ലെന്‍ഡിങ് ആന്‍ഡ് ബോട്ടിലിങ് യൂനിറ്റുകള്‍ക്കും സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിയത് തത്വത്തിലുള്ള അനുമതിയാണെന്നും വ്യത്യസ്ത വകുപ്പുകളുടെ പരിശോധനയില്‍ എന്തെങ്കിലും കാരണവശാല്‍ തുടങ്ങാനാവില്ലെന്ന് കണ്ടെത്തിയാല്‍ ലൈസന്‍സ് നല്‍കില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ഇത്തരം യൂനിറ്റുകള്‍ അനുവദിക്കുന്നതില്‍ പരസ്യം നല്‍കി അപേക്ഷ ക്ഷണിക്കുന്ന രീതി നിലവിലില്ല. പകരം സര്‍ക്കാര്‍ തങ്ങളുടെ മുന്‍പിലെത്തുന്ന അപേക്ഷകളില്‍ പരിശോധന നടത്തി ലൈസന്‍സ് നല്‍കുന്ന രീതിയാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പത്രപ്പരസ്യം നല്‍കിയില്ലെന്നാണ് ആരോപണമെങ്കില്‍ മുന്‍കാല കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ അതില്‍പ്പെടുമെന്ന കാര്യം പ്രതിപക്ഷ നേതാവ് ഓര്‍ക്കുന്നത് നല്ലതാണെന്നും ഒന്നരമണിക്കൂര്‍ നീണ്ട വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
പുതുതായി ബ്രൂവറികള്‍ ആരംഭിക്കുന്നത് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും. നികുതി വരുമാനത്തിലും വര്‍ധനയുണ്ടാകും. ഇടതുസര്‍ക്കാരിന്റെ മദ്യനയത്തില്‍ ആശങ്ക വേണ്ടെന്നും അര്‍ഹരല്ലാത്ത ആര്‍ക്കും ബ്രൂവറി ലൈസന്‍സ് നല്‍കില്ല. പ്രതിപക്ഷം ബ്രൂവറി അഴിമതി ആരോപണം ഉന്നയിക്കുന്നതിന് പിന്നില്‍ എന്താണെന്ന പരോക്ഷചോദ്യവും മുഖ്യമന്ത്രി ഉന്നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."