തണല്‍
കുടുംബജീവിതം മടുത്തുവെന്ന് തോന്നിയപ്പോഴാണ് ഇറങ്ങിപ്പുറപ്പെട്ടത്. എന്നും ഒരേ കാര്യങ്ങള്‍. പുതുമകളൊന്നുമില്ലാത്ത ജീവിതം. ഭാര്യയുടെ മുഖം കണ്ടു മടുത്തു. ആരോടും ഒന്നും പറഞ്ഞില്ല. പറഞ്ഞാല്‍ വിലക്കുമായിരുന്നോ? ഉച്ചഭക്ഷണത്തിനുശേഷം തെരുവിലൂടെ നടന്നു. കാണാകാഴ്ചകള്‍ ആസ്വദിച്ചു. തളര്‍ന്നപ്പോള്‍ തെരുവോരത്തെ സിമന്റ് ബെഞ്ചിലിരുന്നു. വീണ്ടും നടന്നു. ഊടുവഴികളിലൂടെ ചുറ്റിക്കറങ്ങി വീണ്ടും നഗരത്തില്‍. അപ്പോഴേക്കും സന്ധ്യ നഗരത്തെ വിഴുങ്ങി. മുറിയെടുത്ത ഹോട്ടലില്‍
നിന്നു തന്നെ ഭക്ഷണം കഴിച്ച് രാത്രിയിലേക്ക് മിഴിയര്‍പ്പിച്ചു നിന്നു. അന്നേരമൊരു ചോദ്യമുണ്ടായി. ഇനിയെന്ത്? അപ്പോള്‍ അയാള്‍ വീടിനെ കുറിച്ചോര്‍ത്തു. പകല്‍ ഒരിക്കല്‍
പോലും അതുണ്ടാകാത്തതില്‍ അമ്പരക്കുകയും ചെയ്തു. വീട്ടിലായിരുന്നെങ്കില്‍ ഈ നേരം മക്കളെയും അവളെയും ശാസിച്ച് സമയം കൊല്ലും. ഇപ്പോള്‍ മക്കളും സന്ദര്‍ശകരായി ഒതുങ്ങി.
രണ്ടാം നിലയില്‍നിന്ന് നഗരദീപങ്ങള്‍ കെട്ടുതുടങ്ങിയ രാത്രിയിലേക്കു നോക്കി. നഗരം ഉറങ്ങാനുളള തയാറെടുപ്പിലാണ്. ശീതീകരണ യന്ത്രത്തിന്റെ ചുംബനത്തില്‍ കിടന്ന മുറിയില്‍ കയറി വാതിലടച്ചു. ഡബ്ള്‍ബെഡ് ശൂന്യം. അത് അയാളിലൊരു അങ്കലാപ്പ് സൃഷ്ടിച്ചു. ഇടനെഞ്ചിലൊരു കുത്തിവലി. തളര്‍ന്ന് ബെഡിലിരുന്നു. കിതപ്പടക്കാനുള്ള ശ്രമത്തിനിടയില്‍ പൊടുന്നനെയെന്തോ ഓര്‍ത്തിട്ടെന്നപോലെ മുറിയടച്ച് ധൃതിയില്‍ ഇറങ്ങി. റിസപ്ഷനി ല്‍നിന്ന് ആരോ എന്തോ ചോദിച്ചു. എന്താണെന്ന് കേട്ടില്ല. ഓട്ടോയില്‍നിന്ന് ഇറങ്ങി അമിത വേഗതയില്‍ നടന്നു. വിയര്‍ത്തൊലിച്ച് വീടിനു മുന്നില്‍ ചെന്നു നിന്നു.
ഉമ്മറപ്പടിയില്‍ അവളുണ്ട്. അയാളെയും പ്രതീക്ഷിച്ചിട്ടെന്നപോലെ. നിഴലനക്കം തിരിച്ചറിഞ്ഞ അവള്‍ വെപ്രാളത്തില്‍ ഓടിയിറങ്ങി അയാളുടെ കരം കവര്‍ന്നു. എന്തേ വൈകിയതെന്നു ചോദിക്കുമ്പോള്‍ അവളുടെ കരം വിറകൊള്ളുന്നത് അയാള്‍ അറിഞ്ഞു. അവളുടെ മുഖത്തേക്കു നോക്കി. അന്നേരം അവളുടെ കണ്ണുകളിലെ ആധിയുടെ കനം അഴിഞ്ഞുവീഴുന്നതു കണ്ടു. കുറ്റബോധത്താല്‍ അയാള്‍ അവളെ ചേര്‍ത്തുപിടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."