അന്തിയുറങ്ങാന്‍ വീടായിട്ടും വൈഷ്ണവിന്റെ ഓര്‍മകളില്‍ കണ്ണീരണിഞ്ഞ് കിരണ്‍
പനമരം: മാതോത്ത്‌പൊയില്‍ തൂക്ക് പാലത്തിനടുത്ത് പ്രാതടത്തില്‍ കിരണിന് വീടായി. നനയാതെ അന്തിയുറങ്ങാമെന്ന ആശ്വാസത്തിനിടയിലും സഹപാഠി വൈഷ്ണവിനെ കുറിച്ചുള്ള ഓര്‍മകള്‍ കിരണിനെ നൊമ്പരപ്പെടുത്തുകയാണ്.
കഴിഞ്ഞ സെപ്റ്റംബര്‍ 20ന് തനിക്കും കുടുംബത്തിനും തലചായ്ക്കാന്‍ ഒരു വീടൊരുക്കാനെത്തിയ സമയത്താണ് മാതോത്ത്‌പൊയില്‍ തൂക്ക് പാലത്തിന് സമീപമുള്ള പുഴയില്‍ വൈഷ്ണവ് മുങ്ങി മരിച്ചത്.
കഴിഞ്ഞ പ്രളയത്തിലാണ് പനമരം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ മാതോത്ത്‌പൊയില്‍ പ്രാതടത്തില്‍ കിരണിന്റെ വീട് ഒഴുകി പോയത്. അധ്വാപകരും മറ്റും വിവരമറിഞ്ഞതോടെ കിരണിന് വീടൊരുക്കി കൊടുക്കാന്‍ സ്‌കൂളിലെ എന്‍.എസ്.എസ് യൂനിറ്റ് തീരുമാനിക്കുകയായിരുന്നു.
എന്‍.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ 10ഓളം കുട്ടികള്‍ വീട് നിര്‍മിക്കാനുള്ള ഒരുക്കങ്ങളുമായി മാതോത്ത് പോയിലിലെ കിരണിന്റെ വീട് നിന്ന സ്ഥലത്ത് എത്തി. വീട് നിര്‍മാണം തകൃതിയായി നടക്കുന്നതിനിടയിലാണ് വൈഷ്ണവിന്റെ മരണം. കിരണിന്റെ സഹപാഠികളായ ഷാരോണ്‍, അജ്മല്‍, ജിഷ്ണു, അമല്‍, നിജിഷ് എന്നിവരോടൊപ്പമായിരുന്നു വൈഷ്ണവ് വീട് നിര്‍മിക്കാനെത്തിയത്.
ഇതിനിടെ ഇവര്‍ ഭക്ഷണം കഴിച്ച് കൈകഴുകാന്‍ പുഴക്കരയിലെത്തിയത്. കൈകഴുകാന്‍ പുഴയിലിറങ്ങിയപ്പോള്‍ വൈഷ്ണവ് ഒഴുക്കില്‍പ്പെടുകയായിരുന്നു.
കിരണും വൈഷ്ണവും അടുത്ത കൂട്ടുകാരായിരുന്നു. വീട് നിര്‍മാണത്തിന്റെ തുടക്കം മുതല്‍ വൈഷ്ണവ് സ്ഥിരമായി വീട് പണിക്ക് എത്തുമായിരുന്നുവെന്ന് കിരണിന്റെ മതാവ് സന്ധ്യ പറയുന്നു.
മാതോത്ത്‌പൊയില്‍ എടുത്തും കുന്നിലാണ് വൈഷ്ണവിന്റെ വീട്. സുഹൃത്തിന്റെ വിയോഗത്തില്‍ കണ്ണീരണിഞ്ഞാണ് ഇന്നലെ രാവിലെ 11ന് വീടിന്റെ താക്കോല്‍ കൈമാറ്റ ചടങ്ങില്‍ കിരണും കുടുംബവും പങ്കെടുത്തത്.
അധ്യാപകരായ ഷാജി കെ. വര്‍ക്കി, മമ്മൂട്ടി അഞ്ചുകുന്ന്, സജി ജയിംസ്, രാജു സെബാസ്റ്റ്യന്‍, ശിവപ്രസാദ്, രേഷ്മ കുമാര്‍, നൗഷാദ് വാകേരി, സീനാ ജോയി, റീത്ത, ശശികല ചേര്‍ന്ന് വീടിന്റെ താക്കോല്‍ കിരണിന്റെ പിതാവ് സുരേഷിന് കൈമാറി. വീടിന്റെ ഷീറ്റ് ഒരു സംഘടനയാണ് നല്‍കിയത്. ഒന്നര ലക്ഷത്തോളം രൂപയാണ് വീട് നിര്‍മാണത്തിന് ചിലവ് വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."