സഊദിയുടെ അപ്രതീക്ഷിത യാത്രാവിലക്ക്; ദുബൈയില്‍ കുടുങ്ങി നിരവധി മലയാളികള്‍
ജിദ്ദ: പുതിയ കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് അടുത്ത ഒരാഴ്ചത്തേക്ക് സഊദി പ്രഖ്യാപിച്ച അപ്രതീക്ഷിത യാത്രാവിലക്കില്‍ ദുബൈയില്‍ കുടുങ്ങി നിരവധി മലയാളികള്‍. ഇന്നലെ മുതല്‍ അടുത്ത ദിവസങ്ങളില്‍ സഊദി നഗരങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ഒട്ടേറെ പേരുടെ യാത്ര അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
സഊദി നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനായി 14 ദിവസം ഹോട്ടലില്‍ താമസിച്ചവരാണ് പ്രതിസന്ധിയിലായത്. ഇവരുടെ കാര്യത്തില്‍ എന്തു തീരുമാനമെടുക്കണമെന്നറിയാത ട്രാവല്‍ ഏജന്‍സി അധികൃതരും കുഴങ്ങുകയാണ്.
സഊദിയില്‍ സ്‌കൂളുകള്‍ക്ക് അവധിയായതിനാല്‍ ദുബൈ സന്ദര്‍ശിക്കാനെത്തിയവരും എന്നു മടങ്ങാനാകുമെന്ന് ഉറപ്പില്ലാതെ അനിശ്ചിതത്വത്തിലാണ്.
അതേസമയം വിലക്കില്‍ നിന്ന് ഒഴിവാക്കിയ പ്രത്യേക സാഹചര്യത്തിലുള്ള സര്‍വിസുകളില്‍ റീ എന്‍ട്രിക്കാര്‍ ഉള്‍പ്പെട്ടാല്‍ തന്നെയും ദുബൈയില്‍ നിന്ന് സഊദിയിലേക്ക് വിമാന സര്‍വിസ് ഉണ്ടെങ്കില്‍ മാത്രമേ യാത്ര സാധ്യമാവുകയുള്ളൂ. ഇപ്പോള്‍ ഒരാഴ്ചത്തേക്കാണ് വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതെങ്കിലും ആവശ്യമെങ്കില്‍ ഒരാഴ്ച കൂടി നീട്ടുമെന്നും സഊദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
യാത്ര പുറപ്പെടുന്നതിനു മുമ്പ് 14 ദിവസം ഇന്ത്യയില്‍ താമസിച്ചവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് മറികടക്കുന്നതിനാണ് ട്രാവല്‍ ഏജന്‍സികളുടെ പാക്കേജിലെത്തിയ നൂറുകണക്കിനു മലയാളികള്‍ ദുബൈയിലെ ഹോട്ടലുകളില്‍ കഴിയുന്നത്.
ബ്രിട്ടനിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും ജനിതകമാറ്റം സംഭവിച്ച വൈറസ് പടരുന്ന സാഹചര്യത്തിലാണ് സഊദി രാജ്യന്തര അതിര്‍ത്തികള്‍ അടച്ചത്. എന്നാല്‍ വിലക്ക് ചരക്കുനീക്കത്തെ ബാധിക്കില്ലെന്നും സഊദി ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."