കലാപം അഴിച്ചുവിടാനാണ് കോണ്‍ഗ്രസ് പദ്ധതി: ഡി.വൈ.എഫ്.ഐ
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജ് സംഭവത്തിന്റെ മറവില്‍ കലാപം അഴിച്ചുവിടാനാണ് കോണ്‍ഗ്രസ് പദ്ധതിയെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. കോളജ് വീണ്ടും തുറക്കുന്ന ദിവസമായ ഇന്ന് വ്യാപക അക്രമം അഴിച്ചുവിടാനാണ് തീരുമാനമെന്നതിന് തെളിവാണ് കെ.എസ്.യു സമരപ്പന്തലിലെ കെ.സുധാകരന്റെ പ്രഖ്യാപനം.
സെക്രട്ടേറിയറ്റിന് മുന്നില്‍ കെ.എസ്.യു നടത്തുന്ന സത്യഗ്രഹം എന്തിനാണെന്ന് മാധ്യമപ്രവര്‍ത്തകരെങ്കിലും അവരോട് ചോദിക്കണം. സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കണമെന്ന ലക്ഷ്യം മാത്രമേ അതിനുള്ളൂ. അതിനുവേണ്ടി കലാപത്തിനുള്ള ശ്രമമാണ് നടത്തുന്നത്. ഇതിന് മുന്നോടിയായാണ് പൊലിസിനെ ആക്രമിക്കുമെന്ന കെ.സുധാകരന്‍ എം.പിയുടെ ആഹ്വാനമെന്നും റഹീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ രമേശ് ചെന്നിത്തലയും ബി.ജെ.പിയും വന്‍ ഗൂഢാലോചന നടത്തുകയാണ്. ഏതൊക്കെയോ കേന്ദ്രങ്ങളില്‍നിന്നുള്ള ആരോപണങ്ങള്‍ ഏറ്റുപിടിച്ച് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ ഈ ഗൂഢാലോചനക്ക് നേതൃത്വം നല്‍കുകയാണ്. സങ്കുചിത രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്കായി ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്നത് നീചമായ രാഷ്ട്രീയ സംസ്‌കാരമാണ്.
യൂനിവേഴ്‌സിറ്റി കോളജില്‍ ഉണ്ടായ സംഭവത്തിന്റെ പേരില്‍ ഉയര്‍ന്ന ആരോപണങ്ങളുടെ മുനയൊടിച്ച് പി.എസ്.സി ചെയര്‍മാന്‍ തന്നെ വസ്തുതാപരമായി കാര്യങ്ങള്‍ വിശദീകരിച്ചതാണ്. എന്നാല്‍, അനാവശ്യ ആരോപണങ്ങളുയര്‍ത്തി പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ തെരുവുയുദ്ധം നടത്തുകയാണ്.
ആരോപണ വിധേയര്‍ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ്, ഷിജുഖാന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."