കാലവര്‍ഷം വടക്കോട്ട്; കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തിപ്രാപിച്ച കാലവര്‍ഷം വടക്കോട്ട് നീങ്ങുന്നു.
അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് കോഴിക്കോട്, വയനാട്,കണ്ണൂര്‍ ജില്ലകളിലും നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളിലും നാളെ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 24ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും 25ന് കോഴിക്കോട് ജില്ലയിലും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. തെക്കന്‍ ജില്ലകളില്‍ മഴ കുറയുകയാണ്.
പൊന്നാനിക്ക് വടക്കോട്ടുള്ള ഭാഗങ്ങളില്‍ ഇന്നും നാളെയും അതിതീവ്ര മഴ ലഭിക്കുമെന്നാണ് പ്രവചനം.
നാളെയോടെ കോഴിക്കോട് ഭാഗങ്ങളില്‍ മഴ കുറയുമെങ്കിലും അതിതീവ്ര മഴ കണ്ണൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട് ഭാഗത്തേക്ക് നീങ്ങി ബുധനാഴ്ചയോടെ കുറയും. തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട് ഭാഗങ്ങളില്‍ ഇന്നും നാളെയുമായി 75 സെന്റീമീറ്ററോളം മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
ഇന്നലെ കോഴിക്കോട് ജില്ലയിലെ വടകരയിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. ഇവിടെ 17 സെന്റീമീറ്ററും കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി, കാസര്‍കോട് ജില്ലയിലെ ഹൊസ്ദുര്‍ഗ് എന്നിവിടങ്ങളില്‍ പത്ത് സെ.മീ വീതവും ഇടുക്കി, കൊയിലാണ്ടി, തളിപ്പറമ്പ്, കുഡുലു (കാസര്‍കോട്) എന്നിവിടങ്ങളില്‍ എട്ട് സെ.മീ വീതവും മഴ ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."