തൊഴിലുറപ്പില്‍ ഉഴപ്പിയാല്‍ ഇനി പഞ്ചായത്തുകള്‍ക്ക് പണം ലഭിക്കില്ല
തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങളില്‍ ജില്ല സംസ്ഥാന ശരാശരിയേക്കാള്‍ മുന്നില്‍
ആലപ്പുഴ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രവര്‍ത്തനങ്ങളില്‍ പിന്നാക്കംനില്‍ക്കുന്ന ജില്ലയിലെ 19 ഗ്രാമപഞ്ചായത്തുകള്‍ ഈ നില തുടര്‍ന്നാല്‍ പദ്ധതിയുടെ പണം ലഭിക്കാത്ത സ്ഥിതിവരുമെന്നും ജാഗ്രത പുലര്‍ത്തണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി. പറഞ്ഞു.
ജില്ലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്ന ജില്ലാ വികസന കോഓര്‍ഡിനേഷന്‍മോണിറ്ററിങ് സമിതി(ദിഷ) യോഗത്തില്‍ ആധ്യക്ഷ്യം വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചതിലും 100 തൊഴില്‍ദിനങ്ങള്‍ നല്‍കിയതിലും നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ചുള്ള പ്രവൃത്തികള്‍ ഏറ്റെടുക്കുന്നതിലും 19 പഞ്ചായത്തുകള്‍ പിന്നാക്കംപോയതായി യോഗം വിലയിരുത്തി. ആല, തിരുവന്‍വണ്ടൂര്‍, പാണ്ടനാട്, അരൂക്കുറ്റി, തഴക്കര, മുളക്കുഴ, പുലിയൂര്‍, മാവേലിക്കര തെക്കേക്കര, ചെറിയനാട്, മാന്നാര്‍, മുതുകുളം, ബുധന്നൂര്‍, വെളിയനാട്, വെണ്‍മണി, കാവാലം, ചേപ്പാട്, ദേവികുളങ്ങര, മുട്ടാര്‍, ചേന്നം പള്ളിപ്പുറം പഞ്ചായത്തുകളാണ് പിന്നില്‍. പഞ്ചായത്തുകള്‍ പദ്ധതി നിര്‍വഹണത്തില്‍ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ കേന്ദ്രമാനദണ്ഡപ്രകാരം ഫണ്ട് ലഭിക്കാത്ത അവസ്ഥവരുമെന്ന് എം.പി. പറഞ്ഞു. 10 പഞ്ചായത്തുകളിലെ സെക്രട്ടറിമാരെ യോഗത്തിലേക്ക് വിളിച്ചിരുന്നു.
തൊഴിലുറപ്പു പദ്ധതിയുടെ കൂലിയായി മാര്‍ച്ച് 31 വരെ ജില്ലയ്ക്ക് 85 കോടി രൂപ കേന്ദ്രസര്‍ക്കാരില്‍നിന്ന് കുടിശിക ലഭിക്കാനുണ്ടെന്ന് പദ്ധതിയുടെ ജോയിന്റ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ പി. വിജയകുമാര്‍ പറഞ്ഞു. പദ്ധതികള്‍ നടപ്പാക്കിയത് കേന്ദ്ര മാനദണ്ഡപ്രകാരമല്ലെന്ന കാരണത്താലാണ് തുക നല്‍കാത്തത്. ഈ വര്‍ഷത്തെ 10 കോടി രൂപ കൂടി കണക്കാക്കിയാല്‍ കുടിശിക 95 കോടി രൂപയാണ്.
മാര്‍ച്ച് 31 വരെ 2,50,156 കുടുംബങ്ങള്‍ക്ക് തൊഴില്‍ കാര്‍ഡ് ലഭ്യമാക്കി. 1,40,271 കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കി. പദ്ധതിയിലൂടെ 289.73 കോടി രൂപ ചെലവഴിച്ചു.
കൂലിയായി 246.88 കോടിയും സാധനസാമഗ്രികള്‍ക്കായി 30.82 കോടി രൂപയും ചെലവഴിച്ചു. മൊത്തം 78,46,190 തൊഴില്‍ ദിനം സൃഷ്ടിച്ചു. ജില്ലയിലെ ശരാശരി തൊഴില്‍ദിനം 55.94 ആണ്. സംസ്ഥാനശരാശരിയേക്കാള്‍ ജില്ല മുന്നിലെത്തി. 46.98 ആണ് സംസ്ഥാനശരാശരി തൊഴില്‍ദിനം. 12,843 കുടുംബങ്ങള്‍ക്ക് 100 ദിവസം തൊഴില്‍ നല്‍കി. 36,645 പ്രവൃത്തികള്‍ ഏറ്റെടുത്തു. 27,169 എണ്ണം പൂര്‍ത്തീകരിച്ചു. വ്യക്തിഗത തൊഴില്‍ദിനം സൃഷ്ടിക്കുന്നതിലും ജില്ല സംസ്ഥാന ശരാശരിയായ 113.52 ശതമാനത്തെ മറികടന്ന് 140.42 ശതമാനമെന്ന നേട്ടം കൈവരിച്ചു. മറ്റു പദ്ധതികളുമായി കൂടിച്ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിലും പട്ടികജാതിവര്‍ഗ കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതിലും 15 ദിവസത്തിനകം കൂലി നല്‍കുന്നതിലും സംസ്ഥാനശരാശരിയേക്കാള്‍ ജില്ല മുന്നിലെത്തി.
ഹരിപ്പാട്, കഞ്ഞിക്കുഴി, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തുകളും തൃക്കുന്നപ്പുഴ, മാരാരിക്കുളം, ആറാട്ടുപുഴ ഗ്രാമപഞ്ചായത്തുകളും തൊഴിലുറപ്പില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചു. കുമാരപുരം, കരുവാറ്റ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകള്‍ സാധനസാമഗ്രികള്‍ക്കായി ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചപ്പോള്‍ ആല, പുലിയൂര്‍, മുളക്കുഴ പഞ്ചായത്തുകള്‍ പിന്നാക്കം പോയി.
ഏറ്റവും കൂടുതല്‍ പ്രവൃത്തിദിനം നല്‍കിയത് കഞ്ഞിക്കുഴി ബ്ലോക്കാണ്. 10,97,716 ദിനം. ഹരിപ്പാട് 9,96,418 ദിനവും പട്ടണക്കാട് 9,80,146 ദിനവും സൃഷ്ടിച്ച് തൊട്ടുപിന്നിലെത്തി. 2,73,729 പ്രവൃത്തിദിനം നല്‍കിയ ആറാട്ടുപുഴ ഗ്രാമപഞ്ചായത്തും 2,70,459 ദിനവുമായി തൃക്കുന്നപ്പുഴയും 2,68,118 ദിനം സൃഷ്ടിച്ച് മാരാരിക്കുളവും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചു. ആല, തിരുവന്‍വണ്ടൂര്‍, പാണ്ടനാട് പഞ്ചായത്തുകള്‍ തുക ചെലവഴിക്കുന്നതിലും പ്രവൃത്തിദിനങ്ങള്‍ നല്‍കുന്നതിലും പിന്നിലായി. ഏറ്റവും കൂടുതല്‍ 100 പ്രവൃത്തിദിനം നല്‍കിയത് കടക്കരപ്പള്ളി ഗ്രാമപഞ്ചായത്താണ്. 1090 കുടുംബങ്ങള്‍ക്ക് 100 ദിനം തൊഴില്‍ നല്‍കി.
തൃക്കുന്നപ്പുഴ 684 കുടുംബങ്ങള്‍ക്കും ബുധന്നൂര്‍ 676 കുടുംബങ്ങള്‍ക്കും 100 തൊഴില്‍ പ്രവൃത്തിദിനം നല്‍കി. ചേര്‍ത്തല തെക്ക് (0.04 ശതമാനം), ചേന്നംപള്ളിപ്പുറം(0.04 ശതമാനം), പുളിങ്കുന്ന് (0.05 ശതമാനം), മുതുകുളം (0.21 ശതമാനം), മുഹമ്മ (0.25 ശതമാനം) പഞ്ചായത്തുകള്‍ വേതനം നല്‍കുന്നതില്‍ വേഗം കാട്ടി മികച്ച പ്രവര്‍ത്തനം നടത്തി. വേതനം നല്‍കുന്നതില്‍ ഏറ്റവും കൂടുതല്‍ കാലതാമസം വരുത്തിയത് ആല (83.59 ശതമാനം), തകഴി (69.70 ശതമാനം), ചെട്ടികുളങ്ങര (61.12 ശതമാനം) ഗ്രാമപഞ്ചായത്തുകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."