ദേശീയ വിദ്യാഭ്യാസ നയം; മതേതരത്വവും ബഹുസ്വരതയും അവഗണിക്കരുത്: എസ്.കെ.എം.ഇ.എ
കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയം ഭരണഘടനയുടെ ആണിക്കല്ലുകളില്‍ പ്രധാനപ്പെട്ട മതേതരത്വ സങ്കല്‍പത്തെ അവഗണിക്കുകയാണ് ചെയ്യുന്നതെന്ന് സമസ്ത കേരള മുസ്‌ലിം എംപ്ലോയിസ് അസോസിയേഷന്‍ (എസ്.കെ.എം.ഇ.എ) സംസ്ഥാന കമ്മിറ്റി കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ നടത്തിയ ടേബിള്‍ ടോക്ക് വിലയിരുത്തി. രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും കാത്തു സൂക്ഷിക്കുന്നതോടൊപ്പം സഹിഷ്ണുതാ ബോധത്തോടെ ജീവിക്കുന്ന ജനതയുടെ വളര്‍ച്ചയാണ് വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ക്ക് ആധാരമാകേണ്ടതെന്നും ടേബിള്‍ ടോക്ക് അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ രംഗത്ത് ശൈശവതലം മുതല്‍ ഉന്നത വിദ്യാഭ്യാസ മേഖല വരെ അടിമുടി പരിഷ്‌കരിക്കുന്ന റിപ്പോര്‍ട്ടിലെ പല നിര്‍ദേശങ്ങളും രാജ്യത്തിന്റെ പുരോഗതിക്ക് സഹായകമാണെന്നതോടൊപ്പം തന്നെ നിര്‍ണായക വിഷയങ്ങളില്‍ മൗനം പാലിക്കുകയോ അവ്യക്തമായി പരാമര്‍ശിക്കുകയോ ചെയ്യുന്നത് അപകടകരമാണ്.
ദാര്‍ശനിക പിന്‍ബലമില്ലാതെയുള്ള നിര്‍ബന്ധിത പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം, ഭരണഘടനാ മൂല്യങ്ങളിലധിഷ്ഠിതമല്ലാത്ത കാഴ്ചപ്പാടുകള്‍, മതേതരത്വ ചിന്തയെ അവഗണിക്കുന്ന സമീപനം, ശാസ്ത്ര സാങ്കേതിക രംഗത്തെ വളര്‍ച്ചയ്ക്ക് കൃത്യമായ നയമില്ലായ്ക, ന്യൂനപക്ഷങ്ങളെ അരികുവത്കരിക്കുന്ന വിധത്തിലുള്ള പ്രത്യേക വിദ്യാഭ്യാസ മേഖലകളുടെ സ്ഥാപനം, അവ്യക്തമായ ഭാരതീയവത്കരണം, വിദ്യാഭ്യാസ മേഖലയില്‍ നിന്നും ഭരണകൂടങ്ങള്‍ പിന്‍വാങ്ങുന്ന വിധത്തിലുള്ള സ്വയംഭരണ സ്ഥാപനങ്ങളുടെ അമിത പ്രോത്സാഹനം എന്നിവ ആശങ്കാജനകമാണ്. തൊഴില്‍ മേഖലയിലും സാംസ്‌കാരികമായും പ്രധാനമായ അറബി, ഉറുദു ഭാഷകളെ മാറ്റി നിര്‍ത്തിയുള്ള ഭാഷാ സമീപനവും നിലവിലെ സാഹചര്യത്തില്‍ പുതിയ വിദ്യാഭ്യാസ നയത്തെ ആശങ്കയോടെ സമീപിക്കാനിടയാക്കുന്നു.
കഴിഞ്ഞ കാലങ്ങളില്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടുകളുടെ നിര്‍ദേശങ്ങള്‍ അതേപടിയോ ഭേദഗതിയോടുകൂടിയോ അവതരിപ്പിച്ചപ്പോള്‍ വിദ്യാഭ്യാസം ഏകകേന്ദ്രീകൃതവും രാഷ്ട്രീയ താല്‍പര്യത്തിന് വിധേയമായും മാറുന്ന വിധത്തിലുള്ള ഘടനയിലേക്ക് പറിച്ചു നടുന്നതിലെ ആശങ്ക ടേബിള്‍ ടോക്ക് പങ്കു വച്ചു. ഇത് ഫെഡറല്‍ സംവിധാനത്തിന് എതിരാണെന്നും അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ അസ്വസ്ഥത സൃഷ്ടിക്കും വിധം വേണ്ടത്ര കൂടിയാലോചനകളില്ലാതെ നടത്തിയ ഖാദര്‍ കമ്മിറ്റി ശുപാര്‍ശകള്‍ കലാലയങ്ങളിലെ പഠനാന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കാന്‍ ഇടവരുമെന്ന ആശങ്കയും ടേബിള്‍ടോക്ക് പങ്കുവച്ചു.
സംസ്ഥാന പ്രസിഡന്റ് ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി മുസ്തഫ മുണ്ടുപാറ മോഡറേറ്ററായി. മാധ്യമപ്രവര്‍ത്തകന്‍ ജിഷാന്‍, കെ.എച്ച്.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് കെ.ടി അബ്ദുല്‍ ലത്തീഫ്, മലപ്പുറം അലിഗഢ് ഓഫ് കാംപസ് പ്രൊഫസര്‍ ഡോ. ബഷീര്‍ പനങ്ങാങ്ങര സംസാരിച്ചു. എസ്.കെ.എം.ഇ.എ അക്കാദമിക് കണ്‍വീനര്‍ ശംസുദ്ധീന്‍ ഒഴുകൂര്‍ സ്വാഗതവും സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സിറാജുദ്ധീന്‍ ഖാസിലേന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."