അളവ് ഉപകരണം പണിമുടക്കി; ദേശീയപാത കല്ലിടല്‍ വീണ്ടും മുടങ്ങി
ചേര്‍ത്തല: ദേശീയപാത വികസനത്തിനായുള്ള സ്ഥലം അളന്ന് തിട്ടപ്പെടുത്തി കല്ലിടുന്ന ജോലി വീണ്ടും തടസപ്പെട്ടു. തുറവൂര്‍ പുത്തന്‍ചന്ത മുതല്‍ തെക്കോട്ട് വരെ അളന്ന് കല്ലിടുന്നതിന് ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് തുടക്കത്തില്‍ തന്നെ അളവ് ഉപകരണം തകരാറിലായത്. തുടര്‍ന്ന് ഉപകരണത്തിന്റെ തകരാര്‍ പരിഹരിച്ച് അടുത്ത ദിവസം വീണ്ടും അളവുനടത്താന്‍ തീരുമാനിക്കുകയായിരുന്നു. ജില്ലയില്‍ മൂന്ന് താലൂക്കുകള്‍ കേന്ദ്രീകരിച്ച് മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് കല്ലിടല്‍ നടത്തുന്നത്.
ചേര്‍ത്തല, അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി താലൂക്കുകളില്‍ ഒരേ സമയം ഭൂമി അളന്ന് കല്ലിട്ട് ഏറ്റെടുക്കുവാനാണ് നീക്കം. ആധുനീക സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ഇത്തവണ അളവ് നടത്തുന്നതിന് ഉദ്യോഗസ്ഥര്‍ എത്തിയത്. കഴിഞ്ഞ തവണ തുറവുര്‍ കവല മുതല്‍ പുത്തന്‍ചന്ത വരെ അളന്ന് കല്ലിട്ടെങ്കിലും അന്നും അളവ് ഉപകരണത്തിന്റെ തകരാറിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു.
എന്നാല്‍ ഇത്തവണ മുന്‍കാല അപാകതകള്‍ എല്ലാം പരിഹരിച്ച് സാറ്റലൈറ്റ് സംവിധാനത്തോടെയുള്ള സര്‍വേയും കല്ലിടലുമാണ് നടത്തുവാന്‍ പോകുന്നതെന്ന് ദേശീയപാത വിഭാഗവും ഭൂമി ഏറ്റെടുക്കല്‍ വിഭാഗം ഉദ്യോഗസ്ഥരും പറഞ്ഞിരുന്നതാണ് വീണ്ടും മുടങ്ങിയിട്ടുള്ളത്.
കഴിഞ്ഞ മാസം പുനരാരംഭിക്കേണ്ട ഭൂമി ഏറ്റെടുക്കല്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിലച്ചിരിക്കുകയായിരുന്നു. അടിയന്തരമായി ദേശീയപാത വികസനത്തിന് ഭുമി ഏറ്റെടുക്കല്‍ പൂര്‍ത്തീകരിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കുന്നത്. നേരത്തെ ഭൂമി ഏറ്റെടുക്കല്‍ വിഭാഗം ഡെപ്യൂട്ടി കലക്ടറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. തുറവൂര്‍ മുതല്‍ കഴക്കൂട്ടം വരെ ദേശീയപാതയുടെ ഇരുവശങ്ങളിലുമായാണ് അളന്നു തിട്ടപ്പെടുത്തി കല്ലിടുന്നത്.
ദേശീയപാത, റവന്യു, ഭൂമി ഏറ്റെടുക്കല്‍, പൊതുമരാമത്ത് എന്നി വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് നടപടി. പാതയോരത്തെ വ്യാപാരികളുടേയും സ്ഥലം ഉടമകളുടേയും എതിര്‍പ്പ് പരിഗണിച്ച് വന്‍ പൊലിസ് സന്നാഹത്തോടെയാണ് അളവിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."