രാജ്യം മരിച്ചുകൊണ്ടിരിക്കുമ്പോള്‍
ഒരു ദിവസം
ഏറ്റവും ദരിദ്രരായ ജനങ്ങളാല്‍
എന്റെ രാഷ്ട്രത്തിലെ അരാഷ്ട്രീയ ബുദ്ധിജീവികള്‍
ചോദ്യംചെയ്യപ്പെടും.
ഏകാന്തവും ചെറുതുമായ ഒരു ജ്വാലപോലെ
രാജ്യം ക്രമേണ മരിച്ചുകൊണ്ടിരുന്നപ്പോള്‍
എന്തു ചെയ്തു എന്നവര്‍ ചോദ്യംചെയ്യപ്പെടും.
-ഓട്ടാനെ കാസ്റ്റിലോയുടെ കവിത
രാജ്യത്തെ ആകെ അമ്പരപ്പിച്ച നോട്ടു നിയന്ത്രണം വന്നിട്ട് ആറുമാസത്തിലേറെയായി. എന്തൊക്കെയായിരുന്നു നരേന്ദ്രമോദി വാഗ്ദാനം ചെയ്തത്? കള്ളപ്പണം ഇല്ലാതായി നാട് സ്വര്‍ഗമാകുമെന്ന് മോദിയുടെ അനുയായികള്‍ പാടിനടന്നു. കാഷ്‌ലെസ് സൊസൈറ്റിയെക്കുറിച്ച് വാചകമടിച്ചു. അക്ഷരാര്‍ഥത്തില്‍ കാഷ്‌ലെസ് സൊസൈറ്റിയായി നമ്മള്‍ (ആരുടെ കൈയിലും എ.ടി.എമ്മിലും പണമില്ലാതായി).
കള്ളപ്പണത്തിനെതിരായ യുദ്ധം ആറുമാസം കഴിഞ്ഞിട്ടും എവിടെവരെയെത്തി? നോട്ട് അസാധുവാക്കല്‍ തീരുമാനം പ്രഖ്യാപിക്കുമ്പോള്‍ പ്രചാരത്തില്‍ ഉണ്ടായിരുന്ന 15.44 ലക്ഷം കോടി രൂപയുടെ അഞ്ഞൂറ്-ആയിരം നോട്ടുകളില്‍ ആറുമാസം കഴിഞ്ഞിട്ടും എത്ര നോട്ടുകള്‍ തിരിച്ചെത്തി എന്ന വല്ല കണക്കുമുണ്ടോ? ഈ നോട്ട് നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ പറഞ്ഞത് താല്‍ക്കാലികമായി സാധാരണക്കാര്‍ക്ക് പ്രയാസമുണ്ടാക്കുമെങ്കിലും നമ്മുടെ സാമ്പത്തിക വ്യവസ്ഥ മെച്ചപ്പെടുമെന്നായിരുന്നു. യഥാര്‍ഥത്തില്‍ സംഭവിച്ചെതെന്താണെന്ന് ആരും ചോദിക്കുന്നുമില്ല, പറയുന്നുമില്ല.
ഉത്തര്‍പ്രദേശിലാകെ അസഹിഷ്ണുതയുടെ തൃശൂലങ്ങള്‍ നീണ്ടുവരികയാണ്. യോഗി ആദിത്യനാഥ് അധികാരമേറ്റെടുത്തതിന് ശേഷം സ്വാതന്ത്ര്യത്തിന് പോലും വിലങ്ങിടുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. ബീഫ് നിരോധിക്കാനുള്ള ശ്രമങ്ങളുണ്ടായി. ഫാസിസം ഇന്ത്യയില്‍ അടുക്കളയില്‍വരെ എത്തിയെന്നുള്ളതാണ് മുഹമ്മദ് അഖ്‌ലാഖിനെ അടിച്ചുകൊന്നതിലൂടെ തെളിയിച്ചത്. ബീഫ് റാലിയില്‍ പങ്കെടുത്തതിനാണ് ചേതന തീര്‍ഥഹള്ളിക്കെതിരെ കാവികള്‍ ഉറഞ്ഞുതുള്ളിയത്.
'സ്വാതന്ത്ര്യം' എന്ന് ഉച്ചരിക്കുന്നതുപോലും കുറ്റകരമാകുന്ന ഒരവസ്ഥയാണിന്ന്. ജെ.എന്‍.യുവില്‍ കനയ്യകുമാറിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍
''ബൂഖ്മാരീസെ ആസാദി
സംഘ് വാദ്‌സെ ആസാദി
സാമജ് വാദ്‌സെ ആസാദി
പൂഞ്ചിവാദ്‌സെ ആസാദി
ബ്രഹ്മന്‍ വാദ്‌സെ ആസാദി
മനുവാദ് സെ ആസാദി''
എന്ന് വിളിച്ചുപറഞ്ഞപ്പോള്‍ എന്തൊരു കോലാഹലമായിരുന്നു. മനുവാദത്തില്‍നിന്നും ജാതീയതയില്‍നിന്നും ദാരിദ്ര്യത്തില്‍നിന്നും സ്വാതന്ത്ര്യം വേണമെന്ന് വിദ്യാര്‍ഥികള്‍ ആര്‍ത്തുവിളിച്ചപ്പോള്‍ അസഹിഷ്ണുതയുടെ സര്‍പ്പങ്ങള്‍ വിഷംചീറ്റി. രോഹിത് വെമുലക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നു.
ദേശീയത ഒരു രാജ്യത്തെ ഒന്നിപ്പിക്കാനല്ല ഇന്നുപയോഗിക്കുന്നത്. ചില പ്രത്യേക മതവിഭാഗത്തോട് രാജ്യം വിട്ടുപോകാന്‍പോലും പറയുന്ന തരത്തില്‍ ദേശീയത ഒരു ഭ്രാന്തായി മാറരുത്.
അന്ന്
ദരിദ്രരായ മനുഷ്യര്‍ വരും.
അവര്‍ വരും.
വന്നു ചോദിക്കും
യാതനകൡ ദരിദ്രന്റെ ജീവിതവും സ്വപ്‌നവും
കത്തിയെരിയുകയായിരുന്നപ്പോള്‍
എന്തു ചെയ്യുകയായിരുന്നു നിങ്ങള്‍?
-ഓട്ടാനെ കാസ്റ്റിലോ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."