കോഴിക്കോട് സംഭവം: വ്യാപക പ്രതിഷേധം
മാധ്യമപ്രവര്‍ത്തകര്‍ വായ്മൂടിക്കെട്ടി പ്രകടനം നടത്തി
കൊല്ലം: കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ പൊലിസ് അറസ്റ്റു ചെയ്തതിലും പൊലിസ് സ്‌റ്റേഷനില്‍ കയ്യേറ്റം ചെയ്തതിലും പ്രതിഷേധിച്ച് കെ.യു.ഡബ്ല്യൂ.ജെ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലം നഗരത്തില്‍ വായ്മൂടിക്കെട്ടി പ്രകടനം നടത്തി. ഉച്ചക്ക് 12ന് പ്രസ്‌ക്ലബ്ബിനു മുന്നില്‍ നിന്നും ആരംഭിച്ച പ്രകടനത്തിനു ജില്ലാ പ്രസിഡന്റ് സി.വിമല്‍കുമാര്‍, സംസ്ഥാന സമിതിയംഗം സി.പി സുരേന്ദ്രന്‍ നേതൃത്വം നല്‍കി.
ജനാധിപത്യത്തിനെതിരെയുള്ള വെല്ലുവിളി: കൊടിക്കുന്നില്‍
കൊട്ടാരക്കര: മാധ്യമസ്വാതന്ത്ര്യത്തിന് ചങ്ങലയിടുന്നത് ജനാധിപത്യത്തിനും അറിയാനുള്ള അവകാശത്തിനും എതിരെയുള്ള വെല്ലുവിളിയാണെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. തൃക്കണ്ണമംഗലില്‍ ജനസേവാ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യം ശക്തിപ്പെടുത്തുന്നിതിന് മാധ്യമങ്ങള്‍ പ്രധാന പങ്ക് വഹിക്കുന്നു. എല്ലാ വാര്‍ഡുകളിലും ഇത്തരത്തില്‍ ജനസേവാ കേന്ദ്രങ്ങള്‍ തുടങ്ങുന്നത് വികസന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമാക്കുന്നതിനും ജനങ്ങളുമായി ജനപ്രതിനിധികള്‍ക്ക് കൂടുതല്‍ അടുത്തു പ്രവര്‍ത്തിക്കുന്നതിന് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ നെല്‍സണ്‍ തോമസ് അധ്യക്ഷനായി. പവിജാപത്മന്‍, പൊടിയന്‍ വര്‍ഗ്ഗീസ്, കെ.ജി റോയി, ഇ.റ്റി ജോണ്‍, സജി ജോര്‍ജ്ജ്, ലിനി നെല്‍സണ്‍ എന്നിവര്‍ സംസാരിച്ചു.
യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു
കൊല്ലം: സംസ്ഥാന ഗവണ്‍മെന്റിന്റേയും ഉന്നത സി.പി.എം. നേതാക്കളുടെയും അറിവോടെയാണ് സംസ്ഥാനത്ത് മാധ്യമ വേട്ട നടക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. എല്ലാം ശരിയാക്കിയതിന്റെ കൂട്ടത്തില്‍ പിണറായി മാധ്യമങ്ങളെയും ശരിയാക്കിയിരിക്കുകയാണ്. സംസ്ഥാനത്ത് അറിയുവാനുള്ള അവകാശത്തിനുമേലുള്ള കടന്നുകയറ്റമാണ് നടക്കുന്നത്. മാധ്യമ പ്രവര്‍ത്തകരെ തെരുവില്‍ തല്ലിച്ചതച്ച് ഇല്ലാതാക്കുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനകരമാണ്. മാധ്യമ സ്വാതന്ത്ര്യത്തെ നിഷ്‌കരണം ഇല്ലാതാക്കി സ്വേച്ഛാധിപത്യം സ്ഥാപിക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നത്. ഈ വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം യൂത്ത് കോണ്‍ഗ്രസും തെരുവിലിറങ്ങും. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു യൂത്ത് കോണ്‍ഗ്രസ് രംഗത്തിറങ്ങുമെന്ന് നേതാക്കളായ എസ്.ജെ പ്രേംരാജ്, വിഷ്ണു സുനില്‍ പുന്തളം, ആര്‍.എസ് അബിന്‍, ഷാബു കണ്‍ടോണ്‍മെന്റ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
മാധ്യമ സ്വാതന്ത്ര്യത്തിന്റെ നിഷേധം:
പ്രേമചന്ദ്രന്‍ എം.പി
കൊല്ലം: കോഴിക്കോട് കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ പൊലിസ് നടപടി മാധ്യമ സ്വാതന്ത്ര്യത്തിന്റെ നിഷേധമാണെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ നീക്കം ചെയ്യാന്‍ ഉത്തരവ് നല്‍കിയിട്ടില്ലായെന്ന് ജില്ലാ ജഡ്ജി വ്യക്തമാക്കുമ്പോള്‍ സത്യം പുറത്തു കൊണ്ടുവരുവാന്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യമാണ്. കുറ്റകൃത്യം ചെയ്ത പൊലിസിനെ തന്നെ അന്വേഷണം ഏല്‍പിക്കുന്നത് ന്യായീകരിക്കാവുന്നതല്ല. പൗരസ്വാതന്ത്ര്യത്തെ നിഷേധിക്കുകയും മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്ത പൊലിസ് നടപടി അതീവ ഗുരുതരമാണ്. ദലിത് പെണ്‍കുട്ടികളെ പീഢിപ്പിച്ച പൊലിസ് ഉദ്യോഗസ്ഥരോട് ഉള്‍പ്പടെ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരോട് ഉദാരസമീപനം സ്വീകരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. ജനങ്ങളുടെ അറിയാനുള്ള അവകാശം നിഷേധിക്കുന്ന സര്‍ക്കാര്‍ നയം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ്
മാധ്യമങ്ങളെ നിയന്ത്രിക്കുന്നത്. വിവരാവകാശ കമ്മീഷന്റെ ഉത്തരവുകള്‍ നടപ്പാക്കാതെ വിവരങ്ങള്‍ മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ മാധ്യമ നിയന്ത്രണത്തിലൂടെ വാര്‍ത്തകളും തടയാനുള്ള ശ്രമമാണ് ആരംഭിച്ചിരിക്കുന്നത്.
ക്രമസമാധാനപാലനത്തിന്റെ ചുമതലയുള്ള പൊലിസ് സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങളെ തടയുവാനും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും എം.പി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."