കശാപ്പ് നിരോധനം: കോട്ടയത്ത് ബീഫ് വിളമ്പി എസ്.എഫ്.ഐയുടെ പ്രതിഷേധം
കോട്ടയം: കന്നുകാലി കശാപ്പ് നിരോധിച്ചതിന്റെ മറവില്‍ ഭക്ഷണസ്വാതന്ത്ര്യം വിലക്കി തീവ്ര വര്‍ഗീയ അജന്‍ഡ നടപ്പാക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ കോട്ടയത്ത് ബീഫ് വിളമ്പി വിദ്യാര്‍ഥികളുടെ പ്രതിഷേധം. എസ്.എഫ.്‌ഐ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാകേന്ദ്രത്തിലും ഏരിയാകേന്ദ്രങ്ങളിലുമാണ് ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. ജില്ലാതലത്തില്‍ കോട്ടയം പഴയപൊലീസ്‌സ്‌റ്റേഷന്‍ മൈതാനിയ്ക്ക് സമീപം നടന്ന ബീഫ് ഫെസ്റ്റിവല്‍ ജനശ്രദ്ധയാകര്‍ഷിച്ചു. വിദ്യാര്‍ഥിനികളടക്കം പങ്കാളികളായി. മാംസാഹാരം കഴിക്കാനുള്ള അവകാശത്തെ തടയുന്ന സംഘപരിവാറിനെതിരെ പ്രതിരോധം തീര്‍ത്ത് നിരവധി ബഹുജനങ്ങളും ഫെസ്റ്റിവലില്‍ പങ്കെടുത്തു.
സി.പി.എം കോട്ടയം ജില്ലാസെക്രട്ടറി വി.എന്‍ വാസവന്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഭരണഘടന പ്രഖ്യാപിച്ച അവകാശങ്ങള്‍ക്ക് മേല്‍ കടന്നുകയറുന്ന സംഘപരിവാര്‍ ശക്തികള്‍ ഫാസിസത്തിലേക്കാണ് രാജ്യത്തെ നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എസ്.എഫ്.ഐ ജില്ലാജോയിന്റ് സെക്രട്ടറി പി.എസ് ശ്രീജിത്ത് അധ്യക്ഷനായി. ജില്ലാസെക്രട്ടറി റിജേഷ് കെ ബാബു, എം.ജി സര്‍വകലാശാല യൂനിയന്‍ ചെയര്‍മാന്‍ വി അജയ്‌നാഥ്, ജില്ലാസെക്രട്ടറിയറ്റംഗം ദയാബാബു, ഏരിയാസെക്രട്ടറി അനൂപ് അഷറഫ്, സിനു സിന്‍ഘോഷ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."