ഹിസ്ബുള്‍ കമാന്‍ഡറുടെ വധം: ശ്രീനഗറില്‍ കര്‍ഫ്യൂ, പലയിടത്തും സംഘര്‍ഷം
ശ്രീനഗര്‍: ഹിസ്ബുള്‍ കമാന്‍ഡര്‍ സബ്സര്‍ അഹമ്മദ് ഭട്ടിന്റെ മരണത്തെത്തുടര്‍ന്ന് കശ്മീരില്‍ വ്യാപക സംഘര്‍ഷം. ശ്രീനഗറിലെ ഏഴു പൊലിസ് സ്റ്റേഷന് പരിധിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിലേക്കുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്.
ഖ്യാനര്‍, ഖര്‍ഖുണ്ട്, മഹാരാജ് ഗുഞ്ച്, മൈസുമ, നൗഹാട്ട, റൈനാവരി, സഫാകടല്‍ എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ. ശ്രീനഗറിലെ പലയിടങ്ങളിലും വന്‍തോതില്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച്ച അടഞ്ഞുകിടക്കും.
പലയിടങ്ങളിലും പ്രതിഷേധക്കാര്‍ സുരക്ഷാ സേനയ്ക്കു നേരെ കല്ലെറിഞ്ഞു. ബനിഹാലിനും ബാരാമുള്ളയ്ക്കും ഇടയില്‍ ഉള്ള തീവണ്ടി ഗതാഗതം നിറുത്തി വച്ചു. കശ്മിര് താഴ്വരയില് ഇന്റര്‍നെറ്റ് സംവിധാനം ഇന്നലെതന്നെ പൂര്‍ണമായും നിരോധിച്ചിരുന്നു.
ഇതിനിടെ പ്രതിഷേധക്കാര്‍ക്കെതിരെ സൈന്യം നടത്തുന്ന അക്രമത്തില്‍ പ്രതിഷേധിച്ച് വിഘടനവാദികള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ ബന്ദ് പുരോഗമിക്കുകയാണ്.
ശനിയാഴ്ച്ച സൈനിക നടപടിയ്ക്കിടെയാണ് ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമി സബ്സര്‍ ഭട്ട് കൊല്ലപ്പെട്ടത്. ഭട്ട് ഒളിച്ചിരിപ്പുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ട്രാലില്‍ സൈന്യം നടത്തിയ ഓപ്പറേഷനിലാണ് ഇയാള്‍ വധിക്കപ്പെട്ടത്.
2016 ജൂലൈയിലുണ്ടായ സൈനിക നടപടിയിലാണ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടത്. ഇതേതുടര്‍ന്ന് കശ്മിര് താഴ്വരയില് വലിയ പ്രതിഷേധമാണുണ്ടായത്. സുരക്ഷാ സേനയ്ക്ക് നേരെ പ്രതിഷേധക്കാര്‍ നടത്തിയ കല്ലേറിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ എണ്‍പതോളം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."