അഭയ വധക്കേസ് ക്രൈംബ്രാഞ്ച് മുന്‍ എസ്.പിക്കെതിരേ നടപടി വേണമെന്ന് കോടതി
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ വധക്കേസില്‍ പ്രതികള്‍ക്കെതിരായ പ്രധാനപ്പെട്ട തെളിവുകള്‍ നശിപ്പിച്ചതിന് നേരത്തെ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് മുന്‍ എസ്.പി കെ.ടി. മൈക്കിളിനെതിരേ നടപടി വേണമെന്ന് സി.ബി.ഐ കോടതി.
കേസിലെ മുഖ്യപ്രതികളായ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ശിക്ഷ വിധിച്ച കോടതിയുടെ വിധിന്യായത്തിലാണ് കെ.ടി. മൈക്കിളിന് എതിരേ പൊലിസ് മേധാവി ആവശ്യമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെടുന്നത്. ഇയാളെ നേരത്തെ പ്രതിചേര്‍ത്തിരുന്നെങ്കിലും ഹൈക്കോടതി ഇടപെട്ട് ഒഴിവാക്കുകയായിരുന്നു.
പുലര്‍ച്ചെ മഠത്തിന്റെ അടുക്കളയില്‍ വച്ച് പ്രതികളെ കാണാന്‍ പറ്റാത്ത സാഹചര്യത്തില്‍ സിസ്റ്റര്‍ അഭയ കണ്ടതാണ് അവരുടെ കൊലപാതകത്തിലേക്ക് നയിച്ചത്. ഇക്കാര്യത്തില്‍ ഒന്നാം പ്രതി തോമസ് എം കോട്ടൂര്‍ പ്രോസിക്യൂഷന്‍ സാക്ഷിയായ കളര്‍കോട് വേണുഗോപാലിനോട് നടത്തിയ കുറ്റസമ്മതം ശക്തമായ തെളിവാണെന്ന് കോടതി അന്തിമവിധിയില്‍ നിരീക്ഷിക്കുന്നു. കൊലപാതകത്തിന്റെ മുഖ്യസാക്ഷിയായ അടയ്ക്കാ രാജുവിന്റെ മൊഴികളെല്ലാം വിശ്വസനീയവും സാഹചര്യങ്ങളോട് ഒത്തുപോകുന്നതുമാണെന്നും കോടതി വിധിയിലുണ്ട്.
ഫാദര്‍ തോമസ് കോട്ടൂര്‍ പയസ് ടെന്‍ത് കോണ്‍വെന്റിലെ നിത്യ സന്ദര്‍ശകനാണെന്ന് സാക്ഷിമൊഴികളില്‍നിന്നും മറ്റു തെളിവുകളില്‍ നിന്നും വ്യക്തമായിട്ടുണ്ടെന്നും കോടതി വിധിന്യായത്തില്‍ നിരീക്ഷിച്ചു.
1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിന്റെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രഹസ്യമൊഴി നല്‍കിയ ചില സാക്ഷികളുള്‍പ്പെടെ കൂറുമാറിയ കേസില്‍ സാഹചര്യതെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് നിര്‍ണായകമായി മാറിയത്.
ലോക്കല്‍ പൊലിസും ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതിത്തള്ളിയ സിസ്റ്റര്‍ അഭയയുടെ മരണം കൊലപാതകമെന്ന് തെളിയിച്ചത് സി.ബി.ഐയാണ്. അഭയയുടെ ഇന്‍ക്വസ്റ്റില്‍ കൃത്രിമം കാട്ടിയ കോട്ടയം ഈസ്റ്റ് പൊലിസ് സ്റ്റേഷനിലെ എ.എസ്.ഐ അഗസ്റ്റിനെയും തുടരന്വേഷണത്തില്‍ കേസ് അട്ടിമറിച്ച ക്രൈംബ്രാഞ്ച് മുന്‍ ഡി.വൈ.എസ്.പി സാമുവലിനെയും മുന്‍ ക്രൈം ബ്രാഞ്ച് എസ്.പി കെ.ടി മൈക്കിളിനെയും പ്രതിചേര്‍ത്തിരുന്നു. സാമുവല്‍ മരിച്ചതിനാല്‍ കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കി. കേസിലെ രണ്ടാമത്തെ പ്രതിയായിരുന്ന ഫാ.ജോസ് പുതൃക്കയിലിന്റെയും കെടി.മൈക്കളിന്റെയും വിടുതല്‍ ഹരജി പരിഗണിച്ച് പ്രതിസ്ഥാനത്തുനിന്നു നേരത്തെ കോടതി ഒഴിവാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."